വീടുകൾ തോറും കയറിയിറങ്ങും, ആളനക്കമുള്ളിടത്ത് മാത്രം മോഷണം; ‘ആസിഡിനെ’ കുടുക്കിയത് ഇങ്ങനെ

കോഴിക്കോട്∙ കൊടുവള്ളിയെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ മോഷ്ടാവ് പിടിയില്‍. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ എറണാകുളം കോതമഗലം സ്വദേശി ബിജു എലിയാസാണു പിടിയിലായത്. ആളുള്ള വീടുകളിൽ മാത്രം തുടര്‍ച്ചയായി മോഷണം നടന്നതോടെ നാട്ടുകാര്‍ ഉറങ്ങാതെ കാവലിരുന്നാണു കള്ളനെ പിടികൂടിയത്.

പൊലീസും കുറ്റവാളികളും ആസിഡ് ബിജുവെന്നു വിളിക്കുന്ന ബിജു എലിയാസിന്റെ മോഷണ രീതികള്‍ വേറിട്ടതാണ്. നിറയെ ആളനക്കമുള്ള വീട്ടില്‍ മാത്രമേ കയറൂ. ഒരു പ്രദേശത്ത് എത്തിയാല്‍ അവിടത്തെ ഏതാണ്ട് മുഴുവന്‍ വീടുകളും കുത്തിതുറക്കും. കഴിഞ്ഞ മാസം തുടക്കത്തിലാണ് കൊടുവള്ളി അമ്പലകണ്ടിയില്‍ ബിജുവെത്തുന്നത്. അമ്പലകണ്ടി നെച്ചൂളി മുഹമ്മദിന്റെ  ഭാര്യ ഫാത്തിമ രാത്രി പതിനൊന്നരയോടെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാണു വാതില്‍ തുറന്നുനോക്കിയത്. വീട്ടുമുറ്റത്തിലൂടെ ഒരാള്‍ വീടിന്റെ പിറകുവശത്തേക്കു പോകുന്നതാണ് അവർ കണ്ടത്. ഫാത്തിമ ബഹളം വച്ചതോടെ ബന്ധുക്കളും അയല്‍വാസികളും ഓടികൂടി തിരച്ചില്‍ ആരംഭിച്ചു.

എന്നാല്‍ കള്ളനെ കണ്ടത്താൻ കഴിഞ്ഞില്ല. സമീപത്തെ ഏഴുവീടുകള്‍ കുത്തിതുറന്നു വിലപിടിപ്പുള്ള സാധനങ്ങളുമായിട്ടാണ് ബിജു എലിയാസ് മടങ്ങിയത്. തൊട്ടടുത്ത ദിവസങ്ങളിലും കളവു തുടര്‍ന്നതോടെ നാട്ടുകാര്‍ ഭീതിയിലായി. ചെറുപ്പക്കാര്‍ സംഘടിച്ചു കാവല്‍ നിന്നു. വിവിധ സിസിടിവി കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓമശേരിയില്‍ വച്ചാണ് ഒടുവിൽ ബിജു പിടിയിലായത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 25 ൽ പരം മോഷണ കേസുകളിൽ പ്രതിയാണ് ബിജു. കോഴിക്കോട് ജില്ലയില്‍ കൊടുവള്ളി, കുന്ദമംഗലം, ബാലുശ്ശേരി സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.