ഓർമകളിൽ ഉയിരിൻ ഉയിർ... അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎമ്മിന്റെ വീടുയർന്നു

തൊടുപുഴ ∙ എറണാകുളം മഹാരാജാസ് കോളജ് വളപ്പിൽ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവട കൊട്ടാക്കമ്പൂരിൽ സിപിഎം നിർമിച്ച വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി പിണറായി വിജയൻ 14നു രാവിലെ 10നു നിർവഹിക്കും.

1230 ചതുരശ്ര അടി വിസ്തൃതിയുള്ള വീടിന്റെ നിർമാണം പൂർത്തിയായി. മൂന്ന് കിടപ്പുമുറികൾ, സ്വീകരണമുറിയും ഊണുമുറിയും അടങ്ങുന്ന ഹാൾ, അടുക്കള എന്നിവയാണ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ആറു മാസത്തിനുള്ളിൽ വീടുപണി പൂർത്തീകരിച്ചു. 25 ലക്ഷം ബജറ്റ് വിലയിരുത്തിയിരുന്നെങ്കിലും അതിൽ താഴെ മാത്രമാണ് ചെലവായത്.  കൊട്ടാക്കമ്പൂരിനു സമീപം പാർട്ടി വാങ്ങിയ പത്തര സെന്റ് സ്ഥലത്താണ് ​ വീട് നിർമിച്ചത്.

അഭിമന്യു കുടുംബ സഹായനിധിയും സ്വരൂപിച്ചു.  കൊട്ടാക്കമ്പൂർ കോളനിയിലെ ഇടുങ്ങിയ, ഒറ്റ മുറി വീട്ടിലാണു അഭിമന്യുവിന്റെ  കുടുംബം ഇപ്പോൾ താമസിക്കുന്നത്. അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം പാർട്ടിയാണു നടത്തിയത്. അഭിമന്യുവിന്റെ സ്മരണാർത്ഥം ഒരു ലൈബ്രറിയും വട്ടവട പഞ്ചായത്ത് ഓഫിസിനു മുകളിൽ 2000 ചതുരശ്രയടിയിൽ ഒരുങ്ങുന്നുണ്ട്.