പൊല്ലാപ്പായി ചിത്രം; സിപിഎം ഔദ്യോഗിക ഫെയ്സ്ബുക്കിൽ ‘സിപിഎം കല്ലേറ്’

തിരുവനന്തപുരം ∙ ശബരിമലയിലെ യുവതീപ്രവേശത്തിനു പിന്നാലെ നടന്ന അക്രമങ്ങൾക്കെതിരെ സിപിഎം ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ നൽകിയ ചിത്രം പാർട്ടിക്ക് പൊല്ലാപ്പായി. സിപിഎമ്മുകാർ കല്ലേറു നടത്തുന്നെന്നു ചൂണ്ടിക്കാട്ടി ഒരു ഇംഗ്ലീഷ് ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് അക്രമത്തിനെതിരായ മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിനൊപ്പം നൽകിയത്.

കലാപനീക്കം നടക്കില്ല എന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പും അദ്ദേഹത്തിന്റെ ചിത്രവും അക്രമത്തിന്റെ ചിത്രവും ഉൾപ്പെടുന്നതാണ് ‘സിപിഐഎം കേരള’ എന്ന ഒൗദ്യോഗിക ഫെയ്സ്ബുക് പേജിൽ തിങ്കളാഴ്ചയിട്ട പോസ്റ്റ്. ഏതാനും പേർ കല്ലെറിയുന്നതാണു ചിത്രത്തിൽ.

സെക്രട്ടേറിയറ്റിനു മുന്നിൽ പൊലീസിനു പിന്നിലായി സുരക്ഷിതരായി നിന്ന് സിപിഎം പ്രവർ‌ത്തകർ ബിജെപിക്കാരെ കല്ലെറിയുന്നുവെന്നായിരുന്നു ചിത്രത്തിന് ഇംഗ്ലിഷ് പത്രം നൽകിയിരുന്ന അടിക്കുറിപ്പ്. ഇതേ ചിത്രം അക്രമങ്ങൾക്കെതിരായ മുന്നറിയിപ്പിനൊപ്പം പ്രസിദ്ധീകരിച്ചു. ഇക്കാര്യം പോസ്റ്റിനു ചുവട്ടിൽ‌ പലരും കമന്റായി രേഖപ്പെടുത്തുകയും ചെയ്തു.