റഫാല്‍ ഇടപാട് കോണ്‍ഗ്രസ് വേണ്ടെന്നു വച്ചത് ക്രിസ്റ്റ്യന്‍ മിഷേലിനു വേണ്ടിയോ?: മോദി

ന്യൂഡല്‍ഹി∙ റഫാല്‍ ഇടപാട് കോണ്‍ഗ്രസ് വേണ്ടെന്നു വച്ചത് അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മിഷേലിനു വേണ്ടിയാണോയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. യുദ്ധവിമാന ഇടപാടില്‍ റഫാലിന്റെ എതിരാളിയായ യൂറോഫൈറ്ററിനു വേണ്ടി ക്രിസ്റ്റ്യന്‍ മിഷേല്‍ പ്രവര്‍ത്തിച്ചിരുന്നതായ റിപ്പോര്‍ട്ട് പരാമര്‍ശിച്ചാണ് കോണ്‍ഗ്രസിനെതിരേ മോദി വിമര്‍ശനം അഴിച്ചുവിട്ടത്.

മഹാരാഷ്ട്രയിലെ സോലാപുരില്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. മറ്റൊരു കമ്പനിക്കു കരാര്‍ ലഭിക്കാനായി ശ്രമം നടത്തിയിരുന്ന മിഷേല്‍ 'മാമ'യുമായി കോണ്‍ഗ്രസിനുള്ള ബന്ധം എന്താണെന്നു വ്യക്തമാക്കണമെന്നു മോദി പറഞ്ഞു. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് ഇടപാടിലെ മറ്റൊരു ഇടനിലക്കാരനില്‍നിന്നു പിടിച്ചെടുത്ത രേഖകളില്‍ നിന്നാണ് ക്രിസ്റ്റ്യന്‍ മിഷേല്‍ റഫാലിന്റെ എതിരാളിക്കായി പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നത്. ഫ്രാന്‍സിലെ ഡാസോയുമായി 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ക്കായി ഇന്ത്യ കരാര്‍ ഒപ്പിടുന്നതിനു മുൻപാണ് യൂറോഫൈറ്റര്‍ കമ്പനിക്കു വേണ്ടി ക്രിസ്റ്റ്യന്‍ മിഷേല്‍ പ്രവര്‍ത്തിച്ചിരുന്നത്.

126 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനായി മുന്‍ യുപിഎ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടത് ക്രിസ്റ്റ്യന്‍ മിഷേലിന്റെ ഇടപെടല്‍ മൂലമാണെന്നാണ് ബിജെപി ആരോപണം. അതേസമയം അനില്‍ അംബാനിക്കു വേണ്ടി കൂടിയ വിലയ്ക്ക് ഫ്രാന്‍സില്‍നിന്ന് റഫാല്‍ വാങ്ങാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കരാര്‍ ഒപ്പിട്ടിരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിക്കുന്നത്. റഫാല്‍ അഴിമതി അന്വേഷണത്തില്‍നിന്നു മോദിയെ രക്ഷിക്കാന്‍ ഒരാള്‍ക്കു കഴിയില്ലെന്നും രാഹുല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.