മാധ്യമപ്രവർത്തകന്റെ കൊലപാതകം: ആൾദൈവം ഗുർമീത് റാം റഹിം കുറ്റക്കാരൻ, ശിക്ഷ 17ന്

ന്യൂഡൽഹി∙ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹിം കുറ്റക്കാരനാണെന്നു ഹരിയാനയിലെ പ്രത്യേക കോടതി. കേസിലെ നാലു പ്രതികളും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിട്ടുണ്ടെന്ന് സിബിഐ അഭിഭാഷകൻ എച്ച്.പി.എസ്.വർമ പറഞ്ഞു. ശിക്ഷ ഈമാസം 17ന് വിധിക്കും. 2002 ലാണ് മാധ്യമപ്രവർത്തകനായ റാം ചന്ദർ ഛത്രപതി കൊല്ലപ്പെട്ടത്.

നിലവിൽ റോഹ്തക് സുനരിയ ജയിലിൽ തടവിലുള്ള ഗുർമീത് വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് വിധി കേട്ടത്. തന്റെ അനുയായികളായ രണ്ടു സ്ത്രീകളെ പീഡിപ്പിച്ച കേസിൽ 20 വർഷം തടവാണ് അദ്ദേഹം അനുഭവിക്കുന്നത്. സിർസയിലെ ദേരാ ആസ്ഥാനത്ത് തന്റെ അനുയായിയായ യുവതിയെ പീഡിപ്പിച്ചെന്ന വാർത്ത നൽകിയതിനെ തുടർന്നാണു ഛത്രപതിയെ കൊന്നത്. ‘പൂരാ സച്ച്’ എന്ന സ്വന്തം പത്രത്തിലാണ് യുവതികളെ ഗുർമീത് പീ‍‍ഡിപ്പിക്കുന്നതായി അഞ്ജാത സന്ദേശത്തെ ഉദ്ധരിച്ച് ഛത്രപതി വാർത്ത നൽകിയത്.

2003 ൽ റജിസ്റ്റർ ചെയ്ത കേസ് 2006ലാണ് സിബിഐക്കു കൈമാറുന്നത്. റാം റഹീമാണ് കേസിലെ മുഖ്യപ്രതി. കുൽദീപ് സിങ്, നിർമൽ സിങ്, കിഷൻ ലാൽ എന്നിവരാണു മറ്റു പ്രതികൾ.