പ്രധാനമന്ത്രി ആരെയും മാനിക്കില്ല; അദ്ദേഹത്തിന് എല്ലാ അറിവും ഉണ്ടെന്ന ചിന്ത: രാഹുൽ

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ വിദഗ്ധരെയൊന്നും മാനിക്കുന്നില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ആരെയും വകവയ്ക്കില്ല. എല്ലാ അറിവും തനിക്കുണ്ടെന്നാണ് അദ്ദേഹം കരുതുന്നത്. ഒരു സ്ഥാപനം അറിവുകളുടെ സംഭരണിയാണ്. സുപ്രീംകോടതി, റിസർവ് ബാങ്ക്, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയ്ക്കെല്ലാം മറ്റാർക്കുമില്ലാത്ത അറിവുകളുണ്ട്. അവയ്ക്ക് ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള സ്ഥലം നൽകുകയാണു പ്രധാനമന്ത്രി ചെയ്യേണ്ടത്– ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ രാഹുൽ പറഞ്ഞു.

ഇത്തരം സ്ഥാപനങ്ങൾ ഇന്ത്യയുടെ സ്വത്തുക്കളാണ്. അല്ലാതെ ബാധ്യതകളല്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരാജയപ്പെടുത്തുകയെന്നതാണു ആദ്യ ലക്ഷ്യം. പല സംസ്ഥാനങ്ങളിലും ഞങ്ങൾ അതി ശക്തരാണ്. ബിജെപിക്കെതിരെ ശക്തമായ വെല്ലുവിളിയും ഉയർത്തുന്നു. മഹാരാഷ്ട്ര, ജാർഖണ്ഡ്, തമിഴ്നാട്, ബിഹാർ സംസ്ഥാനങ്ങളിൽ സഖ്യസാധ്യതകളുണ്ട്. ഉത്തർപ്രദേശിലും കോൺഗ്രസിന് പല കാര്യങ്ങളും  ചെയ്യാൻ സാധിക്കും. യുപിയിലെ പാർട്ടിയുടെ പ്രകടനത്തിൽ ആത്മവിശ്വാസമുണ്ടെന്നും രാഹുൽ അവകാശപ്പെട്ടു.

ഉത്തർപ്രദേശിൽ പ്രതിപക്ഷത്തെ ഒരുമിച്ചു കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ചില വാർത്തകൾ ഞാനും കേട്ടിരുന്നു.  എന്നാൽ ‍ഞങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാനാണു പോകുന്നത്. പ്രധാനമന്ത്രിയെ തോല്‍പിക്കുമെന്ന കാര്യവും ഉറപ്പാണ്. യുപിയിൽ കോണ്‍ഗ്രസിനെ വിലകുറച്ചുകാണുന്നതു തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എന്നോടു സംസാരിക്കുന്നില്ല. ഹലോ എന്നു മാത്രമാണ് അദ്ദേഹം പറയുന്നതെന്നും രാഹുൽ ആരോപിച്ചു.

രാഹുൽ യുഎഇയിൽ

രണ്ടു ദിവസത്തെ സന്ദർശനത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യുഎഇയിലെത്തി. ഗാന്ധിജിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ചു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകിട്ടു നാലിനു നടക്കുന്ന സാംസ്കാരികോൽസവത്തിൽ അദ്ദേഹം മുഖ്യാതിഥിയാകും.

ശനിയാഴ്ച രാഹുൽ അബുദാബി ഗ്രാൻഡ് മോസ്ക് സന്ദർശിക്കും. ദുബായിലെയും അബുദാബിയിലെയും ഇന്ത്യൻ ബിസിനസ് കൂട്ടായ്മകളുമായി ചർച്ച നടത്തും. ദുബായിൽ വിദ്യാർഥികളുമായും ലേബർ ക്യാംപിലെ തൊഴിലാളികളുമായും സംവദിക്കും. കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു ശേഷം ആദ്യമായാണു രാഹുൽ ഗാന്ധി യുഎഇയിൽ എത്തുന്നത്.