ചൈന അതിർത്തിയോടു ചേർന്ന് 44 തന്ത്രപ്രധാന പാതകൾ; 21,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി∙ ചൈനീസ് അതിർത്തിയോടു ചേർന്നു പുതുതായി 44 തന്ത്രപ്രധാന പാതകൾ നിർമിക്കുമെന്നു കേന്ദ്ര പൊതുമരാമത്ത് മന്ത്രാലയം (സിപിഡബ്ല്യുഡി). പാക്കിസ്ഥാനോടു ചേർന്നു പ‍‍ഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ആകെ 2100 കിലോമീറ്റർ ദൂരം വരുന്ന ചെറിയ പാതകളും നിർമിക്കുമെന്ന് സിപിഡബ്ല്യുഡി അറിയിച്ചു. അടിയന്തര ഘട്ടങ്ങളിലെ സുഗമമായ യാത്രയ്ക്കാണു പാതകൾ നിർമിക്കുന്നതെന്നും ഈ മാസം പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ (2018–2019) സിപിഡബ്ല്യുഡി അറിയിച്ചു. ജമ്മു കശ്മീർ മുതൽ അരുണാചൽ പ്രദേശ് വരെ ഏകദേശം 4000 കിലോമീറ്ററാണ് ഇന്ത്യ–ചൈന നിയന്ത്രണരേഖ.

ഇന്ത്യൻ അതിർത്തിയോടു ചേർന്ന പ്രദേശങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾക്കു ചൈന ഏറെ പ്രാധാന്യം നൽകുന്നുവെന്ന വാർത്തകൾ പുറത്തുവരുന്നതിനു പിന്നാലെയാണ് പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. 44 പാതകളുടെ നിർമാണത്തിന് ഏകദേശം 21,000 കോടി രൂപ ചെലവ് വരുമെന്നാണു കണക്കുകൂട്ടൽ. ജമ്മു–കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, സിക്കിം, അരുണാചൽ പ്രദേശ്, എന്നീ 5 സംസ്ഥാനങ്ങളിലൂടെ പാതകൾ കടന്നു പോകും.

പദ്ധതിക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ക്യാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റിയുടെ(സിസിഎസ്) അനുമതി ലഭിച്ച ശേഷം മാത്രമേ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കൂ. അതിർത്തിയിലെ ചൈനയുടെ റോഡ് നിർമാണവുമായി ബന്ധപ്പെട്ടുള്ള ‘സംഘർഷത്തെത്തുടർന്ന്’ ദോക്‌ലായിൽ 2017 ജൂണിൽ ഇന്ത്യ–ചൈന സൈന്യം 150 മീറ്റർ അകലത്തിൽ മുഖാമുഖം നിന്നിരുന്നു. നിർമാണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാമെന്ന ചൈനയുടെ ഉറപ്പിൽ 72 ദിവസത്തിനു ശേഷമാണ് ഇരു സൈന്യങ്ങളും മേഖലയിൽനിന്നു മാറിയത്.

പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നു പാത നിർമിക്കുന്ന പദ്ധതിക്ക് ഏകദേശം 5450 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. രാജസ്ഥാനിൽ നിർമിക്കുന്ന പാതകൾക്ക് 3700 കോടിയും പഞ്ചാബിലേതിനു 1750 കോടിയുമാണ് ചെലവ്. ജമ്മു–കശ്മീർ, രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളുമായാണ് പാക്കിസ്ഥാൻ അതിർത്തി പങ്കിടുന്നത്.