40 ഏക്കര്‍ എസ്‌റ്റേറ്റില്‍ ഒറ്റയ്ക്ക്; ജേക്കബിനു വെടിയേറ്റതു നെഞ്ചില്‍, കൊലയാളിക്കായി വനത്തില്‍ തെരച്ചില്‍

രാജകുമാരി∙ ചിന്നക്കനാൽ നടുപ്പാറയിലെ ഏലത്തോട്ടത്തിൽ ഉടമയെയും തൊഴിലാളിയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എസ്റ്റേറ്റ് സൂപ്പർവൈസർക്കായി ശാന്തൻപാറയിലെ വനമേഖലയിൽ പൊലീസിന്റെ തിരച്ചിൽ. 4 ദിവസം മുൻപു ജോലിയിൽ പ്രവേശിച്ച കുരുവിളാ സിറ്റി സ്വദേശി എസ്റ്റേറ്റ് സൂപ്പർവൈസർക്കായാണ് അന്വേഷണം.

ഇയാൾ വനത്തിലൂടെ തമിഴ്നാട്ടിലേക്കു കടന്നിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. അതിനിടെ സംഭവവുമായി ബന്ധപ്പെട്ടു പൂപ്പാറ സ്വദേശികളായ ദമ്പതികളെ മൊഴിയെടുക്കാനായി പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. മുഖ്യപ്രതിയെ സഹായിച്ചെന്ന ആരോപണമാണ് ഇവർക്കെതിരെയുള്ളത്. അതേസമയം, എസ്റ്റേറ്റിലുണ്ടായിരുന്ന പണം മോഷ്ടിക്കപ്പെട്ടിട്ടില്ല.

കോട്ടയം മാങ്ങാനം കൊച്ചാക്കെൻ (കൈതയിൽ) ജേക്കബ് വർഗീസ് (രാജേഷ്–40)ന്റെ മൃതദേഹം നെഞ്ചിൽ വെടിയേറ്റ നിലയിലും തൊഴിലാളി ചിന്നക്കനാൽ സ്വദേശി മുത്തയ്യ(55)യുടെ മൃതദേഹം തലയ്ക്ക് അടിയേറ്റ നിലയിലുമാണു കണ്ടെത്തിയത്. ജേക്കബിന്റെ തന്നെ തോക്കിൽനിന്നാണു വെടിയേറ്റതെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു. എന്നാൽ തോക്ക് കണ്ടെത്തിയിട്ടില്ല. മൃതദേഹങ്ങൾക്കു 2 ദിവസത്തെ പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങളുടെ പോസ്റ്റുമോർട്ടത്തിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

ജേക്കബിന്റെ എസ്‍യുവിയുമായി സൂപ്പർവൈസർ പോകുന്നതു കണ്ടതായി പ്രദേശവാസികൾ നൽകിയ സൂചനയെത്തുടർന്നുള്ള അന്വഷണത്തിൽ മുരിക്കുംതൊട്ടി പള്ളിക്കു സമീപം ഉപേക്ഷിച്ച നിലയിൽ വാഹനം ഇന്നലെ വൈകുന്നേരം കണ്ടെത്തിയിരുന്നു. 40 ഏക്കറോളം വരുന്ന എസ്റ്റേറ്റിന്റെ മധ്യ ഭാഗത്തെ വീട്ടിൽ ജേക്കബ് വർഗീസ് ഒറ്റയ്ക്കാണു താമസിക്കുന്നത്. ഏലം വിളവെടുക്കുന്ന സമയത്ത് ഡ്രയറിലെ ജോലികൾ ചെയ്യാൻ മുത്തയ്യയും എത്തും.

നടുപ്പാറ റിഥംസ് ഓഫ് മൈ മൈൻഡ് റിസോർട്ട് ഉടമകൂടിയായ ജേക്കബ് വർഗീസ് കഴിഞ്ഞ ക്രിസ്മസ് അവധിക്കു നാട്ടിൽ വന്നശേഷം പുതുവർഷ ദിനത്തിൽ തിരിച്ചുപോയതാണ്. കഴിഞ്ഞ വെള്ളയാഴ്ച ഉച്ചയ്ക്കാണ് അവസാനമായി വീട്ടുകാരെ വിളിച്ചത്. കാണാതായെന്നു ശനിയാഴ്ച രാവിലെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. മുത്തയ്യയെ ശനിയാഴ്ച മുതൽ ഫോണിൽ വിളിച്ചെങ്കിലും ലഭിക്കാത്തതിനാൽ ഇന്നലെ ബന്ധുക്കൾ എത്തിയപ്പോഴാണു ഏലത്തോട്ടത്തിൽ ജേക്കബിന്റെ മൃതദേഹം കണ്ടത്. സ്റ്റോറിനകത്ത് ചാക്കുകൊണ്ട് മൂടിയ നിലയിലായിരുന്നു മുത്തയ്യയുടെ മൃതദേഹം.

വിദേശത്തായിരുന്ന ജേക്കബ് 4 വർഷം മുൻപാണു മടങ്ങിയെത്തിയത്. ഡോ.കെ.കെ.വർഗീസിന്റെയും ഡോ.സുശീല വർഗീസിന്റെയും മകനാണ്. ഭാര്യ: കെസിയ. മകൾ: നദാനിയ. മുത്തയ്യയുടെ ഭാര്യ മുത്തുമാരി. മക്കൾ. പവിത്ര, പവൻകുമാർ.