സര്‍ക്കാരിന് രഹസ്യനിലപാടില്ല; യുവതീപ്രവേശം എതിര്‍ക്കുന്നവര്‍ക്കു രാഷ്ട്രീയലക്ഷ്യമെന്ന് സത്യവാങ്മൂലം

കൊച്ചി∙ ശബരിമല യുവതീപ്രവേശ വിഷയത്തില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത് സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്. ഇരുവര്‍ക്കും മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടായിരുന്നതായി അറിയില്ല. ശബരിമല ദര്‍ശനം നടത്താനെത്തുന്നവരുടെ പശ്ചാത്തലം പരിശോധിക്കാനാകില്ല.

യുവതീപ്രവേശ വിഷയത്തില്‍ സര്‍ക്കാരിനു രഹസ്യ നിലപാടൊന്നുമില്ല. യുവതീപ്രവശത്തെ എതിര്‍ക്കുന്നവര്‍ക്കു രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. ആക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിരുന്നെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അതേസമയം ശബരിമല യുവതീപ്രവേശ വിധിയിലെ പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഈമാസം 22ന് കേൾക്കില്ല. അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മൽഹോത്ര മെഡിക്കൽ അവധിയിൽ പ്രവേശിച്ചതാണു കാരണം. കേസ് പരിഗണിക്കുന്നതു നീട്ടിയതില്‍ ആശങ്കയില്ലെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പ്രതികരിച്ചു.