‘ശബരിമലയിൽ’ മോദി എന്തുപറയും? ആകാംക്ഷയോടെ ബിജെപിയും കേരളവും

തിരുവനന്തപുരം ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ എത്തുന്നതോടെ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടാൻ ബിജെപി. ശബരിമല വിഷയത്തിലെ ബിജെപി സമരങ്ങള്‍ക്ക് ഉണര്‍വേകുന്ന പ്രഖ്യാപനങ്ങള്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുമോ എന്നതാണു ബിജെപിയും രാഷ്ട്രീയ കേരളവും ഉറ്റുനോക്കുന്നത്. എന്‍എസ്എസ് നേതൃത്വവുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചയ്ക്കു സംസ്ഥാന നേതൃത്വം ശ്രമിച്ചിരുന്നു.

സുപ്രീംകോടതി വിധിക്കുശേഷം ശബരിമല വിഷയത്തില്‍ കാര്യമായി പ്രതികരിക്കാത്ത നരേന്ദ്ര മോദിയില്‍ നിന്നുള്ള വലിയ പ്രഖ്യാപനങ്ങളാണ്  പൊതുസമ്മേളനത്തില്‍നിന്നു ബിജെപി പ്രതീക്ഷിക്കുന്നത്. ഇല്ലെങ്കില്‍ ഇതുവരെയുള്ള സമരങ്ങളുടെ മുനയൊടിയുമെന്നു സംസ്ഥാന നേതൃത്വത്തിന് അറിയാം. പ്രധാനമന്ത്രിയുടെ വരവിനു മുൻപു കര്‍മസമിതി നേതാക്കള്‍ ഡല്‍ഹിയിലെത്തി ആര്‍എസ്എസ് നേതൃത്വം വഴി കാര്യങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസിനെ ധരിപ്പിച്ചിട്ടുണ്ട്.

ഒപ്പം നിര്‍ത്തണമെന്നു നേതൃത്വം ആഗ്രഹിക്കുന്ന എന്‍എസ്എസ് നേതൃത്വവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്ക് ബിജെപി നേതാക്കള്‍ ശ്രമിച്ചെങ്കിലും അനുകൂല നിലപാടല്ല പെരുന്നയില്‍ നിന്നുണ്ടായത്. 21നു ദേശീയ അധ്യക്ഷന്‍ അമിത് ഷാ എത്തുമ്പോഴും മോദി വീണ്ടുമെത്തുന്ന 27 നും കൂടിക്കാഴ്ചക്കു ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തെത്തുന്ന മോദി ബിജെപി നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നില്ലെങ്കിലും പൊതുസമ്മേളനവേദിയില്‍ ആശയവിനിമയം നടത്തും.

പ്രധാനമന്ത്രിക്കു പിന്നാലെ അടുത്തയാഴ്ച അമിത് ഷാ എത്തുന്നതോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു കടക്കാനാണു ബിജെപിയുടെ തീരുമാനം. പാര്‍ട്ടി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന തിരുവനന്തപുരം ഉള്‍പ്പെടെ നാലു ലോക്സഭാ മണ്ഡലങ്ങളില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥികളുണ്ടായേക്കുമെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിലൂടെ ലഭിക്കുന്ന രാഷ്ട്രീയ സജീവത വോട്ടാക്കി മാറ്റാനാകുമെന്നാണു പാർട്ടിയുടെ കണക്കുകൂട്ടൽ.