കര്‍ണാടക മോഡല്‍ ഓപ്പറേഷൻ താമര മധ്യപ്രദേശിലും?; നീക്കം പ്രതീക്ഷിച്ച് കോൺഗ്രസ്

ന്യൂഡൽഹി∙ കർണാടകയിൽ കുമാരസ്വാമി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ‘ഓപ്പറേഷൻ താമര’യിലൂടെ ശ്രമിക്കുമ്പോൾ സമാന നീക്കം മധ്യപ്രദേശിലും പ്രതീക്ഷിച്ച് കോൺഗ്രസ്. 15 വർഷത്തെ ഭരണത്തിനുശേഷം ഈ ഡിസംബറിലെ തിരഞ്ഞെടുപ്പിലാണ് ബിജെപിക്ക് മധ്യപ്രദേശ് നഷ്ടമായത്. 230 അംഗ നിയമസഭയിൽ 109 അംഗങ്ങളെ മാത്രമാണ് ബിജെപിക്ക് നേടാനായത്.

അതേസമയം, നാല് സ്വതന്ത്രരുടെയും രണ്ട് ബിഎസ്പി, ഒരു എസ്പി എംഎൽഎമാരുടെയും പിന്തുണയോടെ ഭരിക്കുന്ന കമൽനാഥ് സർക്കാരിനെക്കുറിച്ച് ബിജെപി ആശങ്കപ്പെടേണ്ടെന്നും സ്വന്തം ക്യാംപിൽനിന്നുള്ള കൊഴിഞ്ഞുപോക്ക് സൂക്ഷിച്ചാൽ മതിയെന്നുമുള്ള മുന്നറിയിപ്പു മുഖ്യമന്ത്രി തന്നെ നൽകിയിട്ടുണ്ട്. എംഎൽഎമാരെ കൊത്തിക്കൊണ്ടുപോകാൻ ബിജെപി ശ്രമിക്കുന്നുണ്ട്. എന്നാൽ എല്ലാ കോൺഗ്രസ് എംഎൽഎമാരിലും എനിക്കു വിശ്വാസമുണ്ട്. കോൺഗ്രസിനെക്കുറിച്ച് അവർ പേടിക്കേണ്ടതില്ല, കമൽനാഥ് കൂട്ടിച്ചേർത്തു.