മാലയിട്ട അന്നുമുതല്‍ കൊല്ലുമെന്നു ഭീഷണി; പൊലീസിന് സന്നിധാനത്ത് എത്തിക്കാമായിരുന്നു: രേഷ്മ

പമ്പ∙ വ്രതം നോറ്റാണ് എത്തിയതെന്നും ദർശനം നടത്താതെ തിരികെ പോകില്ലെന്നും വ്യക്തമാക്കിയാണു യുവതികൾ പുലർച്ചെ മല ചവിട്ടിയത്. എന്നാൽ പ്രതിഷേധം ശക്തമായതോടെ ഇവരെ തിരിച്ചിറക്കാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടതായും വന്നു. ഏറ്റവും സമാധാനപരമായി മല ചവിട്ടാമെന്നുള്ളതു കൊണ്ടാണു മകരവിളക്കു കഴിയുന്നതുവരെ കാത്തിരുന്നതെന്ന് രേഷ്മ നിഷാന്ത് പറഞ്ഞു.

ചുരുങ്ങിയ പ്രതിഷേധക്കാരെ മാറ്റി തങ്ങളെ സന്നിധാനത്തെത്തിക്കാമായിരുന്നു. പ്രതിഷേധക്കാർ പറയുന്ന ശരണം വിളി ‘കൊല്ലണം അപ്പാ’ എന്നാണ്. അവരു സംരക്ഷിക്കുന്ന ദൈവത്തെയാണ് ‍ഞങ്ങൾ വിശ്വസിക്കുന്നത്. നാലു മാസത്തോളമായി വ്രതം നോൽക്കുന്നു. തിരിച്ചു കുടുംബജീവിതത്തിലേക്കു മടങ്ങണമെങ്കിൽ മാലയഴിക്കേണ്ടത് ആവശ്യമാണ്. അയ്യപ്പനെ കാണാതെ മാലയഴിക്കുന്നത് എങ്ങനെയാണെന്നു വിശ്വാസികൾ പറഞ്ഞു തരണമെന്നും രേഷ്മ ആവശ്യപ്പെടുന്നു.

നിലയ്ക്കലിൽനിന്ന് നീലിമല വരെ ആരുടെയും സഹായമില്ലാതെയാണ് എത്തിയത്. പമ്പ വരെയെത്തിയത് കെഎസ്ആർടിസി ബസിലാണ്. അവിടെ വരെ തങ്ങളെ ആരെങ്കിലും തടയുകയോ പ്രതിഷേധിക്കുകയോ ചെയ്തിരുന്നില്ല. പൊലീസല്ല, തങ്ങളെ തടയുന്നവരാണു വെല്ലുവിളി. അവരെ മാറ്റിയിട്ട് തങ്ങളെ കയറ്റാൻ പൊലീസിനു കഴിയുന്നില്ലെന്നത് വളരെ സങ്കടകരമാണ്. മാലയിട്ട അന്നുമുതൽ കൊല്ലുമെന്നും വെട്ടിക്കീറുമെന്ന തരത്തിലുള്ള പ്രതിഷേധമാണ് തനിക്കെതിരെ ഉണ്ടാകുന്നത്. അതിന്റെ പത്തിലൊന്നു പ്രതിഷേധം പോലും ഇവിടെ ഉണ്ടായിട്ടില്ല. അയ്യപ്പനെന്ന ശക്തി സ്ത്രീകൾ വരുന്നതിന് ഒരിക്കലും എതിരല്ലെന്നും രേഷ്മ പറഞ്ഞു.

മല കയറ്റം തങ്ങൾ ആരംഭിച്ചപ്പോൾ പ്രതിഷേധവുമായി എത്തിയത് വെറും പത്തുപേർ മാത്രമായിരുന്നുവെന്ന് ഷാനില സജേഷും പറഞ്ഞു. അവരെ പിടിച്ചുമാറ്റാതെ തങ്ങളെ തടഞ്ഞുവയ്ക്കുകയായിരുന്നു പൊലീസുകാർ. നൂറു ദിവസമായി വ്രതം നോൽക്കുന്നു. എങ്ങനെയാണ് ഞങ്ങൾ വ്രതം അവസാനിപ്പിക്കുക. ഭക്തർക്കാർക്കും യാതൊരു പ്രശ്നവുമില്ലെന്നും ഷാനില പറഞ്ഞു.