ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ട ബിജെപി നേതാക്കൾ രണ്ട്; മധ്യപ്രദേശ് സർക്കാരിനെതിരെ ചൗഹാൻ

ഭോപ്പാല്‍ ∙ മധ്യപ്രദേശിലെ ബർവാനിയിൽ ബിജെപി നേതാവ് മനോജ് താക്കറെയെ മരിച്ചനിലയിൽ കണ്ടെത്തി. ഒരാഴ്ചയ്ക്കുള്ളിൽ മധ്യപ്രദേശിൽ കൊല്ലപ്പെട്ടുന്ന രണ്ടാമത്തെ ബിജെപി നേതാവാണ്. സംഭവത്തില്‍ കോൺഗ്രസ് സർക്കാരിനെതിരെ വിമർശനമുന്നയിച്ച് ബിജെപി രംഗത്തെത്തി. ഒന്നിനു പിറകേ ഒന്നായുള്ള ബിജെപി പ്രവർത്തകരുടെ മരണങ്ങൾ ‌കോൺഗ്രസ് സർക്കാർ ക്രൂരമായ തമാശയാക്കുന്നതായി മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ആരോപിച്ചു.

കോൺഗ്രസ് സർ‌ക്കാർ സംസ്ഥാനത്തെ നിയമവാഴ്ചയെ ഇല്ലാതാക്കിയെന്നും ചൗഹാൻ ട്വിറ്ററിൽ ആരോപിച്ചു. ബിജെപി പ്രവർത്തകർ തുടർച്ചയായി കൊല്ലപ്പെടുന്നതു പ്രധാനപ്പെട്ട കാര്യമാണ്. സംസ്ഥാന സർക്കാര്‍ ഇത് കാര്യമായെടുക്കുന്നില്ല. ജനകീയനായ നേതാവ് മനോജ് താക്കറെ പകൽ വെളിച്ചത്തിലാണ് കൊല്ലപ്പെട്ടത്– ചൗഹാൻ പറഞ്ഞു.

ക്രിമിനലുകൾ സംസ്ഥാനത്ത് ശക്തിയാർജിച്ചിരിക്കുന്നു. നിലവിലെ കോൺഗ്രസ് സർക്കാരിനു കീഴില്‍ നിയമവ്യവസ്ഥ തകർന്നു. കുറ്റവാളികളെ അടിയന്തരമായി പിടികൂടിയില്ലെങ്കിൽ ബിജെപിക്കു തെരുവിലിറങ്ങേണ്ടി വരുമെന്നും ചൗഹാൻ വ്യക്തമാക്കി. പ്രഭാത നടത്തത്തിനു വേണ്ടിയാണ് മനോജ് താക്കറെ പുറത്തു പോയതെന്നും സംഭവം നടന്ന സ്ഥലത്തുനിന്ന് രക്തം പുരണ്ട കല്ല് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.

സംസ്ഥാനത്തുണ്ടാകുന്ന കൊലപാതകങ്ങളുടെ പേരിൽ കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് മധ്യപ്രദേശിൽ ഉയരുന്നത്. ബിജെപി നേതാവും മന്ദ്സൗറിലെ തദ്ദേശ ചെയർമാനുമായ പ്രഹ്‍ളാദ് ബന്ദ്‍വാർ കഴിഞ്ഞ വ്യാഴാഴ്ചയാണ് വെടിയേറ്റു മരിച്ചത്. ഇതേ ദിവസം തന്നെ ഇൻഡോറിലെ മാർക്കറ്റിൽവച്ച് സന്ദീപ് അഗർവാൾ എന്നയാളും വെടിയേറ്റു മരിച്ചു.