ലിംഗായത്ത് പരമാചാര്യനും സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാരസ്വാമി സമാധിയായി

ബെംഗളൂരു ∙ലിംഗായത്ത് പരമാചാര്യനും സിദ്ധഗംഗ മഠാധിപതിയുമായ ശിവകുമാരസ്വാമി(111) സമാധിയായി. ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്നു കഴിഞ്ഞ പതിനഞ്ച് ദിവസമായി സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. സംസ്കാരം നാളെ. 

ശിവകുമാരസ്വാമിയുടെ വിയോഗത്തെ തുടർന്നു കർണാടകയിലെ രാഷ്ട്രീയപാർട്ടികൾ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കി. സംസ്ഥാനത്ത് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും ചൊവ്വാഴ്ച അവധിയായിരിക്കും.

മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുമകൂരുവിലെ സിദ്ധഗംഗ മഠത്തിലെത്തി. ദൾ–കോൺഗ്രസ് സർക്കാർ ഏകോപന സമിതി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും തുമകൂരുവിലേക്കു തിരിച്ചു. വരൾച്ചാബാധിത മേഖലകളിൽ ബിജെപി ഇന്നു തുടങ്ങാനിരുന്ന സന്ദർശനം റദ്ദാക്കി പാർട്ടി അധ്യക്ഷൻ ബി.എസ്.യെഡിയൂരപ്പയും തുമകൂരുവിലെത്തി. ഇവിടേക്കുള്ള പ്രധാന റോഡുകളിലെല്ലാം ട്രാഫിക് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. അനിഷ്ട സംഭവങ്ങൾക്കെതിരെ ജാഗ്രത പാലിക്കാൻ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകി.