65 അടി താഴ്ചയിൽ മലയിടുക്കിലെ തണുപ്പിൽ 28 മണിക്കൂർ; ‘ബിക്കിനി ഹൈക്കർക്ക്’ ദാരുണാന്ത്യം

തായ്പേയ് ∙ തായ്‌വാനിലെ പ്രശസ്ത ഹൈക്കറും ബിക്കിനി സെൽഫികളിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗവുമായ ജിഗി വു (36) സാഹസിക മലകയറ്റത്തിനിടെ അപകടത്തിൽ മരിച്ചു. സെൻട്രൽ തയ്‌വാനിലെ യുഷാൻ പർവത നിരകളിലേക്കുള്ള ഏകാന്ത ട്രക്കിങ്ങിനിടെയാണു ദാരുണ സംഭവം. പർ‌വതത്തിലൂടെ കയറിക്കൊണ്ടിരിക്കെ കാലുതെന്നി 65 അടി താഴ്ചയുള്ള മലയിടുക്കിലേക്കു വീണാണു ജിഗി വു മരണപ്പെട്ടതെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

താൻ കീഴടക്കുന്ന സ്ഥലങ്ങളിൽനിന്നെല്ലാം ബിക്കിനി സെൽഫികൾ ഉൾപ്പെടെയുള്ള ചിത്രങ്ങളും കുറിപ്പുകളും പോസ്റ്റു ചെയ്താണു ജിഗി സമൂഹമാധ്യമങ്ങളിൽ‌ താരമായത്. 25 ദിവസമായി ഒറ്റയ്ക്കുള്ള ട്രക്കിങ്ങിനെയാണു അപകടം.

ജിഗി വു ട്രക്കിങ്ങിനിടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ.

വീഴ്ചയിൽ കാലിനു ഗുരുതരമായി പരുക്കേറ്റ് അനങ്ങാനാവാതെ കിടക്കുകയായിരുന്നു ജിഗി. ഫോണിലൂടെ അടിയന്തര രക്ഷാപ്രവർത്തന സേനയെ വിവരമറിയിച്ചു. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്നു രക്ഷാപ്രവർത്തനം അപകടം പിടിച്ചതും ദുഷ്കരവുമായി.

ജിഗി വു ട്രക്കിങ്ങിനിടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ.

28 മണിക്കൂറിനു ശേഷമാണു രക്ഷാപ്രവർത്തകർക്കു ജിഗിയുടെ അടുത്തെത്താനായത്. മൂന്നു തവണ ഹെലികോപ്ടറിൽ പ്രദേശത്ത് എത്തിയെങ്കിലും ജിഗിയെ കണ്ടെത്താനായില്ല. മലയിടുക്കിൽ വളരെയധികം മഞ്ഞും തണുപ്പുമായിരുന്നു. എയർ ലിഫ്റ്റ് വഴി മലയിടുക്കിൽനിന്നു പൊക്കിയെടുത്തെങ്കിലും രക്ഷിക്കാനായില്ല.

ജിഗി വു ട്രക്കിങ്ങിനിടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ.

കൊടുംതണുപ്പിൽ ശരീരത്തിലെ ചൂട് ക്രമാതീതമായി നഷ്ടപ്പെടുന്ന ഹൈപോതെർമിയ മൂലമാണു ജിഗി മരണപ്പെട്ടതെന്നു ബിബിസി റിപ്പോർട്ട് ചെയ്തു. ജിഗിയുടെ ഫെയ്സ്ബുക് പേജിൽ ലോകമെങ്ങുമുള്ള ആരാധകരുടെ അനുശോചന സന്ദേശങ്ങൾ നിറയുകയാണ്.