ഇന്ത്യ ഇതിലും മികച്ച രീതിയിൽ വളരേണ്ടതാണ്: ഐഎംഎഫ് മേധാവി

ദാവോസ്∙ ഇപ്പോൾ എന്താണോ വളർച്ചാനിരക്ക് അതിലും മികച്ച രീതിയിൽ ഇന്ത്യ വളരേണ്ടതാണെന്നു രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) എംഡി ക്രിസ്റ്റീൻ ലഗാർദെ. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ചു ദേശീയ മാധ്യമത്തോടു പ്രതികരിക്കുകയായിരുന്നു അവർ. ജനസംഖ്യാപരമായ കാരണങ്ങൾ വിലയിരുത്തുമ്പോൾ ഇപ്പോൾ എങ്ങനെയാണോ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പെരുമാറുന്നത് അതിലും എത്രയോ വലിയ രീതിയിൽ മുന്നോട്ടുപോകാൻ ഇന്ത്യയ്ക്ക് ആകും. നിരവധി പരിഷ്കാരങ്ങൾ സർക്കാർ നടപ്പിൽ വരുത്തുന്നുണ്ടെങ്കിലും ഇനിയുമേറെ ചെയ്യാൻ കിടപ്പുണ്ട്, അവർ കൂട്ടിച്ചേർത്തു.

അതേസമയം, 2019ൽ ഇന്ത്യ 7.5% വളർച്ചാനിരക്ക് കൈവരിക്കുമെന്നും 2020ൽ 7.7% വളർച്ച നേടി ഏറ്റവും പെട്ടെന്നു വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നുമാണ് തിങ്കളാഴ്ച ഐഎംഎഫ് നിരീക്ഷിച്ചത്. 2018ലെ വളർച്ചാനിരക്ക് 7.3% ആണെന്നും ഐഎംഎഫ് പറഞ്ഞു.

ഉയർന്ന വളർച്ചാനിരക്ക് മികച്ച ലക്ഷണമാണെങ്കിലും കാർഷിക മേഖലയിലെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കണം. ഈ മേഖലയുമായി ബന്ധപ്പെട്ടു വലിയൊരു വിഭാഗം ജനങ്ങളാണു കഴിയുന്നത്. ഇക്കാര്യത്തിൽ സർക്കാർ ശ്രദ്ധ ചെലുത്തണം. മാത്രമല്ല, രാജ്യം വികസിക്കണമെങ്കിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും ക്രിസ്റ്റീൻ കൂട്ടിച്ചേർത്തു.

രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചുവരുന്ന റിപ്പോർട്ടുകൾ വച്ച് മോദി സർക്കാരിനെ പ്രതിപക്ഷം ലക്ഷ്യമിടുകയാണ്. രാജ്യാന്തര തൊഴിൽ സംഘടന (ഐഎൽഒ) റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 2018ലെ തൊഴിലില്ലായ്മ നിരക്ക് 3.5% ആണ്. 2019ലും ഇതു തുടരും. 2016ലും 2017ലും സമാന അവസ്ഥയായിരുന്നു. 2019ൽ ഇന്ത്യയിൽ 18.9 മില്യൺ തൊഴിൽരഹിതർ ഉണ്ടാകുമെന്നാണ് കണക്ക്. 2018ൽ ഇത് 18.6 മില്യൺ ആണ്. കടങ്ങൾ എഴുതിത്തള്ളുന്ന സർക്കാരുകളുടെ നിലപാടിനെയും ഐഎംഎഫ് മേധാവി തള്ളിപ്പറഞ്ഞു. ഇത്തരം നയങ്ങൾ പുനർവിചിന്തനം ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.