ഇന്ത്യയുടെ നീറ്റലായി ‘എലിമട ഖനി’; ഒരു തൊഴിലാളിയുടെ കൂടി മൃതദേഹം കണ്ടെത്തി

ന്യൂഡൽഹി ∙ മേഘാലയയിലെ അനധികൃത ഖനിയിൽ കുടുങ്ങിയ ഒരു തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിയോടെ 280 അടി താഴ്ചയിൽ നിന്നാണു മൃതദേഹം കണ്ടെത്തിയതെന്നു നാവികസേന വക്താവ് പറഞ്ഞു. തൊഴിലാളിയുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. അണ്ടർ വാട്ടർ റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചു നടത്തിയ തിരച്ചിലിലാണു മൃതദേഹം വീണ്ടെടുത്തത്. ഡിസംബർ 13നാണ് ഈസ്റ്റ് ജയന്തിയ ഹിൽസിലെ അനധികൃത ഖനിയിൽ 15 തൊഴിലാളികൾ കുടുങ്ങിയത്.

അസം സ്വദേശി അമീർ ഹുസൈന്റെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. ബാക്കി 13 പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. തിരച്ചിലിനിടെ അസ്ഥികൂടങ്ങൾ കണ്ടെത്തിയെങ്കിലും ഇതു കുടുങ്ങിയവരുടേതാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. ഖനിക്കുള്ളിലെ വെള്ളത്തിൽ സൾഫർ രാസപദാർഥം അടങ്ങിയിരിക്കുന്നതിനാൽ മൃതദേഹങ്ങൾ വേഗത്തിൽ ദ്രവിക്കാൻ സാധ്യത കൂടുതലാണെന്നു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. ഖനിയിലെ തെരച്ചിൽ അവസാനിപ്പിക്കരുതെന്ന് ഈ മാസമാദ്യം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.