പരീക്കർക്കു മേൽ നരേന്ദ്ര മോദിയുടെ സമ്മർദം: തിരിച്ചടിച്ച് രാഹുൽ

ന്യൂഡൽഹി ∙ റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ പ്രതിരോധ മന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കറും തമ്മിൽ വാക്പോര്. പ്രതിരോധ മന്ത്രിയെ അറിയിക്കാതെയാണു റഫാൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാറ്റങ്ങൾ വരുത്തിയതെന്നു പരീക്കർ പറഞ്ഞിട്ടുണ്ടെന്നു രാഹുൽ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ, തന്റെ ആരോഗ്യവിവരം അന്വേഷിച്ചെത്തിയ കോൺഗ്രസ് അധ്യക്ഷൻ ‘വെറും രാഷ്ട്രീയനേട്ടത്തിനായി’ അതുപയോഗപ്പെടുത്തിയെന്ന് പരീക്കർ കുറ്റപ്പെടുത്തി. രാഹുല്‍ കള്ളം പറയുകയാണെന്നും സ്വകാര്യ സംഭാഷത്തിനിടെ റഫാല്‍ വിഷയം ചര്‍ച്ചയായില്ലെന്നും പരീക്കര്‍ കത്തിൽ‌ പറഞ്ഞു.

ഏതാനും മണിക്കൂറുകൾക്കകം രാഹുൽ മറുപടി കത്തെഴുതി. ‘സന്ദർശന വേളയിൽ പറഞ്ഞതൊന്നും വെളിപ്പെടുത്തിയിട്ടില്ല. പ്രസംഗത്തിൽ പരാമർശിച്ചത് നേരത്തേ തന്നെ ചർച്ചാവിഷയമായ കാര്യങ്ങളാണ്. തന്റെ സന്ദർശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് വലിയ സമ്മർദം താങ്കൾ നേരിടുന്നുണ്ട്. എന്നെ ആക്രമിച്ച് വിധേയത്വം ഉറപ്പിക്കേണ്ടത് ആവശ്യമാണ്. താങ്കളുടെ കത്തു പുറത്തു വന്നതാണ് ഇക്കാര്യം വിശദീകരിക്കേണ്ട സാഹചര്യം ഉണ്ടാക്കിയത്. പരീക്കർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു’– രാഹുൽ പറഞ്ഞു.

രാഹുൽ പരീക്കറിനയച്ച കത്ത്.

‘ആരോഗ്യകരമായ രാഷ്ട്രീയ താല്‍പര്യത്തോടെയാണു താങ്കളെ സ്വീകരിച്ചത്. അഞ്ചു മിനിറ്റാണ് ഒപ്പം ചെലവഴിച്ചത്. അതിനിടെ റഫാല്‍ ചര്‍ച്ചയായില്ല. സൗഹൃദ സന്ദര്‍ശനത്തിനെത്തിയ ശേഷം രാഷ്ട്രീയ നേട്ടത്തിനായി തെറ്റായ പ്രസ്താവന നടത്തുന്നത് താങ്കളുടെ വിശ്വാസ്യതയെക്കുറിച്ച് മനസ്സില്‍ സംശയങ്ങള്‍ക്കിടയാക്കുന്നു. ഗുരുതര രോഗവുമായി പോരാടുന്ന ഒരാളോട് ഇത്തരം കുടിലത പ്രയോഗിക്കരുത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് റഫാല്‍ ഇടപാട് നടന്നത്’- പരീക്കർ കത്തിൽ ചൂണ്ടിക്കാട്ടി. പരീക്കറെ സന്ദർശിച്ചശേഷം റഫാൽ ഇടപാടിനെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശങ്ങൾക്കെതിരെ രൂക്ഷപ്രതികരണവുമായി ബിജെപി രംഗത്തെത്തിയിരുന്നു. രാഹുലിന്റെ വീണ്ടുവിചാരമില്ലാത്ത നടപടിയെ ജനങ്ങൾ അറപ്പോടെ കാണുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു.