വീണ്ടും വിട്ടുകളിച്ച് ചൈന; രോഗിയാക്കിയ കുരങ്ങിൽ നിന്ന് 5 കുട്ടിക്കുരങ്ങുകളെ ക്ലോൺ ചെയ്തു

ബെയ്ജിങ് ∙ ജീനുകളിൽ മാറ്റം വരുത്തി മനുഷ്യശിശുക്കളെ ജനിപ്പിച്ചതിനു പിന്നാലെ, ചൈനയിൽ വീണ്ടും ജനിതകവിവാദം. മേധാക്ഷയവും (അൽസ്ഹൈമേഴ്സ്) വിഷാദവും ഉൾപ്പെടെയുള്ള രോഗങ്ങളുടെ ജീനുകളുമായി 5 കുരങ്ങുകളെ ശാസ്ത്രകാരന്മാർ ക്ലോൺ ചെയ്തു. ജനിതകമാറ്റം വരുത്തിയ കുരങ്ങിൽ നിന്നാണ് ഗവേഷണാവശ്യത്തിന് എന്നപേരിൽ ഇവയെ ജനിപ്പിച്ചത്. കുട്ടിക്കുരങ്ങുകളുടെ ചിത്രവും വിഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. ഒരു ചൈനീസ് ശാസ്ത്രപ്രസിദ്ധീകരണത്തിൽ ഇതു സംബന്ധിച്ച വന്ന ലേഖനം ലോകമെങ്ങും ചർച്ചയായി.

ഷാങ്‌ഹായിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസിലായിരുന്നു പരീക്ഷണം. ജീവികളുടെ ദൈനംദിനപ്രവർത്തനത്തിനു കാരണമായ ജൈവഘടികാരത്തെ നിയന്ത്രിക്കുന്ന സർക്കേഡിയൻ റിഥത്തിൽ തകരാറുള്ള കുരങ്ങിൽ‌ നിന്നാണു കുട്ടികളെ സൃഷ്ടിച്ചത്. വിഷാദരോഗം, നിദ്രാരോഗങ്ങൾ, പ്രമേഹം, മേധാക്ഷയം തുടങ്ങിയവയ്ക്കു വഴിവയ്ക്കുന്ന ഈ തകരാർ പരീക്ഷണത്തിന് ഇരയാക്കിയ കുരങ്ങിൽ ജീൻ എ‍ഡിറ്റിങ്ങിലൂടെ വരുത്തി. ആ ജീവിയിൽ നിന്ന് ക്ലോണിങ്ങിലൂടെ ജനിപ്പിച്ച സന്തതികളിലേക്കും രോഗങ്ങൾ പടരും.

പദ്ധതിയുടെ ഉദ്ദേശ്യശുദ്ധിയിൽ ചൈനീസ് ശാസ്ത്രജ്​ഞർക്കു സംശയമൊന്നുമില്ല. ഇത്തരം അസുഖങ്ങളെക്കുറിച്ചു കൂടുതൽ പഠിക്കുന്നതിന് പരീക്ഷണം ഉപകാരപ്പെടുമെന്ന് ഇവർ പറയുന്നു. ഒരേ ജനിതകനിലയായതിനാൽ കൂടുതൽ കൃത്യതയോടെ ഫലം ലഭിക്കും. നേരത്തെ എലികളിലും ഈച്ചകളിലുമൊക്കെയായിരുന്നു ഇത്തരം പരീക്ഷണങ്ങൾ നടത്തിയിരുന്നത്. എന്നാൽ ഇവ മനുഷ്യരിൽ നിന്നു ജനിതകപരമായി ഏറെ വ്യത്യസ്തമാണ്. ജീൻ എഡിറ്റിങ് വഴി ഇരട്ടക്കുട്ടികൾ ജനിച്ചതോടെയാണു ചൈനയുടെ ജനിതകശാസ്ത്ര മേഖല കുപ്രസിദ്ധി നേടിയത്. ഈ ഗവേഷണത്തിനു നേതൃത്വം വഹിച്ച ഹീ ജാൻക്വി എന്ന ശാസ്ത്രജ്ഞൻ വിചാരണ നേരിടുകയാണ്.