ഓർമ്മക്കാലം 

കുറച്ചു ദിവസം എഴുതാതിരുന്നാൽ  ചോദ്യമെത്തും ."ദേവി ചേച്ചി എഴുത്തു നിർത്തിയോ ?"അല്ലെങ്കിൽ "ദേവിച്ചേച്ചി ക്കുകഥയില്ലാതായോ ""അതുമല്ലെങ്കിൽ  ദേവീ  എന്തു  പറ്റി ?"

ഇനി ഇതിൽക്കൂടുതലൊക്കെ എന്ത് പറ്റാൻ  ? എന്നൊരു മറു ചോദ്യമാണ് മനസ്സിൽ വരിക .എന്നാലും "എഴുത്തു തുടരും .കഥയില്ലായ്മയുടെ കഥകൾ ഇനിയും  എഴുതും" എന്നാണ് മറുപടി പറയുക .

മറ്റ് അവധികളിൽ നിന്ന് വ്യത്യസ്തമായി ക്രിസ്തുമസ് അവധിക്കാലം എന്നും എനിക്കൊരു കുളിരോർമയാണ് .ഡിസംബറിലെ മഞ്ഞും തണുപ്പും കൂട്ടുകാരികള യക്കുന്ന ക്രിസ്തുമസ് നവവത്സര ആശംസാകാർഡുകൾ !അയല്പക്കത്തെ ക്രിസ്തീയ ഭവനങ്ങളിൽ നിന്ന് കൊടുത്തയക്കു ന്ന രുചിയേറും വിഭവങ്ങൾ !ഓ അതെല്ലാം മു ന്‌പ്‌ കഴിഞ്ഞു പോയ എതോ ജന്മത്തിലെ കാര്യങ്ങളാണെന്ന് തോന്നി പ്പോകുന്നു .ഇപ്പോൾ അതൊന്നുമില്ല .

കുട്ടി പ്രായത്തിലെന്നോ ആണ് ഉറങ്ങി കിടന്ന എന്നെയും അനുജത്തിയേയും അമ്മ വിളിച്ചുണർത്തി .ചാടിയെഴുന്നേറ്റപ്പോൾ മുറ്റത്തു നിന്ന് പാട്ടും മേളവുമൊക്കെ കേൾക്കുന്നു .ഞങ്ങൾ ഉമ്മറത്തേക്ക് ചെന്നു. നടുമുറ്റത്തു നിറയുന്നപ്രകാശത്തിൽ കുറേപ്പേർ അവർ പാടുന്നു .അവർക്കിടയിൽ ക്രിസ്തുമസ് അപ്പൂപ്പനുമുണ്ട് .സൗമ്യ മായ വാദ്യങ്ങൾക്കൊപ്പം മനോഹരമായ ഗാനം .പാട്ട് തീർന്ന് അച്ഛൻ  നൽകിയ പണം വാങ്ങി അവർ തിരിഞ്ഞു നടക്കുവോളം ഞങ്ങൾ നിർനിമേഷരായി നോക്കി നിന്നു ..വെളിച്ചവും പാട്ടും പടികടന്നു  പോയി .തിരികെ കിടക്കയിൽ പോയി കിടന്നിട്ടും ഉറക്കം വന്നില്ല .അടുത്തുള്ള വീടുകളിൽ നിന്നൊക്കെ ആ പാട്ടു കേട്ട് കൊണ്ടിരുന്നു .പിന്നെ അകന്നകന്നു നേർത്തു നേർത്ത് ഇല്ലാതായി .അതുപോലെ ഒരനുഭവം പിന്നീടുണ്ടായിട്ടില്ല .ഒരു കരോൾ വന്നിട്ടെത്രയോ നാളായി .നഗരങ്ങളിൽ അതൊന്നും ഇപ്പോഴില്ലേ ?

കോളേജിൽ പഠിക്കുന്ന കാലത്ത് എന്റെമകൻ അവന്റെ കൂട്ടുകാരായ കരോൾ സംഘത്തോടൊപ്പം പാടാൻ പോയിട്ടുണ്ട് .അതും പഴയൊരോർമ മാത്രം. 

ഏതായാലും ഇത്തവണ ഞാനൊരു ബ്രേക്ക് എടുത്തു .കുട്ടിക്കാലത്തെ  ഓർമകളിലേക്ക് ഒരു മടക്കയാത്ര !

സ്കൂൾ പൂട്ടിയതിന്റെ പിറ്റേന്ന് മിലിയും ഞാനും കൂടി പുറപ്പെട്ടു .വെളുപ്പിനെ പുറപ്പെടുന്ന ട്രെയിനിലെ സാധാരണ സെക്കന്റ്  ക്ലാസ് യാത്ര രസകരമായിരുന്നു .

കടയ്ക്കാവൂർ എന്ന അത്രക്കൊന്നും പ്രാധാന്യമില്ലാതൊരു സ്റ്റേഷനിൽ ഇറങ്ങി ഒരു ഓട്ടോ യിൽ യാത്ര തുടർന്നു ..ചെന്നെത്തിയത് വക്കം  എന്ന സ്ഥലത്ത് എന്റെ അമ്മയുടെ തറവാട്ടിൽ .  അതിമനോഹരമായ ഒരു നാട്ടിൻ പു റ മാ യിരുന്നു പണ്ട് .ഇന്നും മനോഹരം തന്നെ എങ്കിലും ഒരു പാട്  മാറ്റം വന്നിരിക്കുന്നു.ഒരു നഗരത്തിന്റെ മുഖഛാ യ തീർത്ത് ഒരു പാട് രമ്യ ഹർമ്യങ്ങൾ .ആ നാട്ടിൽ എനിക്ക് പ്രിയപ്പെട്ടവരായി കുറേപ്പേരുണ്ട് .കുഞ്ഞമ്മമാർ (അമ്മയുടെ അനുജത്തിമാർ) ,അവരുടെ മക്കൾ ,മാമിയും (അമ്മാവന്റെ ഭാര്യ )മക്കളും .അവരുടെ വീടുകൾക്കോ വലിയ മാറ്റമൊന്നുമില്ല .സ്വഭാവത്തിന് പെരുമാറ്റത്തിന് മനസ്സുകൾക്ക് തീരെയുമില്ല മാറ്റം .എന്റെ അമ്മ പിച്ച വച്ച വലിയ മുറ്റം.ഞാനും ബാല്യകാലം ചെലവഴിച്ചത് ഇവിടെത്തന്നെ .അതുകൊണ്ടു ആ മുറ്റത്ത് പഴയ പിച്ച വയ്പ്പ് ഓർത്തപ്പോൾ എന്റെ പാദങ്ങൾ കോരിത്തരിച്ചു .

 "ഞങ്ങളെ    മറന്നോ " എന്ന് ആ മണൽത്തരികളും  പണ്ടേയുള്ള വൃക്ഷങ്ങളും പടിപ്പുരയും കിണറും വരെ എന്നോട് ചോദിച്ചു ."എങ്ങനെ മറക്കാനാണ് ...ഇപ്പോൾ എനിക്ക് ഓർമക്കാലമല്ലേ …..ഓർമ്മകൾ മാത്രമുള്ള കാലം .!,"

അ റയും നി രയും (കൊത്തുപണികളുള്ള മരം കൊണ്ട് തീർത്ത ഭിത്തികളുള്ള മുറികൾ )ഇടനാഴിയിൽ നിന്ന് തട്ടിൻ പുറത്തേക്കുള്ള മരകോവണിയും മിലിക്ക് ലോകമഹാത്ഭുതങ്ങളായി .രണ്ടു വർ ഷം ൻപ് വന്നപ്പോഴും അവൾ അതിശയിച്ചിരുന്നു  എന്നവൾ ഓർത്തു .പക്ഷെ ഇപ്പോൾ ഇതിന്റെയെല്ലാം ഫോട്ടോകൾ എടുത്ത് കൂട്ടുകാർക്ക്‌അയക്കുകയായിരുന്നു അവൾ .

  രണ്ടു  ചാൺ താഴോട്ട് നടന്നാൽ കായലാണ് .വർണിക്കാൻ വാക്കുകൾ കിട്ടാത്ത മനോഹര തീരം എന്റെ കുട്ടിക്കാല ഹ രങ്ങളിലൊന്നായിരുന്നു .എത്രനേരമാണെന്നോ കായല്തീരത് തലയാട്ടി നിൽക്കുന്ന തെങ്ങുകളെയും ബണ്ടുകെട്ടി തിരിച്ചു തെങ്ങു നട്ടിട്ടുള്ള വട്ടങ്ങളിൽ വിരിയുന്ന ആമ്പലുകളെയും അതിനുമപ്പുറം ഓളങ്ങളിള ക്കി വിളിക്കുന്ന കായലിനെയും നോക്കി നിന്നിട്ടുള്ളത് !ഇന്നും അത് തന്നെ യാണ് ഒരു പ്രധാന വിനോദം .

അങ്ങനെ ഇത്തവണ ക്രിസ്തുമസ് ആഘോഷം ആഘോഷങ്ങളില്ലാതെ കൊണ്ടാടി .സ്നേഹം കൊണ്ട് പൊതിയുന്ന പ്രിയപ്പെട്ടവർക്കിടയിൽ,!ഇനിയും ജന്മങ്ങളുണ്ടെങ്കിലും ഇവിടെ തന്നെ പിറക്കണം .ഈ പ്രിയപ്പെട്ടവരെല്ലാം ഒപ്പമുണ്ടാവണം .അതാണ് ഞാൻ എനിക്ക് തന്നെ നേർന്ന പുതുവൽസരാശംസ !

MORE IN KADHAYILLAIMAKAL