രോഗങ്ങളെ അകറ്റാൻ ആര്യവേപ്പ്

വീടിനടുത്തൊരു ആര്യ വേപ്പ് നിന്നാൽ രോഗങ്ങൾ ഏഴയലത്തു വരില്ല എന്നൊരു വിശ്വാസം പണ്ടു മുതലേയുണ്ട്. ആദ്യകാലം തൊട്ടേ ആര്യവേപ്പിന്റെ മഹിമ ആളുകൾക്ക് അറിയാമായിരുന്നു എന്നതിന്റെ തെളിവാണിത്. കേരളത്തിൽ, വീട്ടിലൊരു വേപ്പ്, ആര്യവേപ്പ് എന്നൊരു പദ്ധതി കേരളത്തിൽ സർക്കാർ തലത്തിൽ തന്നെ തുടങ്ങാൻ പോകുകയാണ്. രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിൽ നിന്നും നാടിന് നന്മയുടെ പച്ചപ്പിന്റെ കുടയൊരുക്കാൻ ആര്യവേപ്പുകൾക്ക് കഴിയും എന്നു ശാസ്ത്രം തന്നെ സാക്ഷ്യപ്പെടുത്തുന്നു.

തമിഴ്നാട്ടിൽ ആര്യവേപ്പ് വ്യാപകമായി കാണാം. കടുത്ത വേനലിലും ആര്യവേപ്പ് മരങ്ങൾ തല ഉയർത്തി നിൽക്കുന്നതും അതിന്റെ തണലിൽ അഭയം തേടുന്നതും ഇവിടുത്തെ  മനോഹരമായ വേനൽകാഴ്ചകളാണ്. ആയുർവേദത്തിൽ ത്വക്, മുടി സംബന്ധമായ ഔഷധങ്ങൾക്കും സൗന്ദര്യ വർധക വസ്തുകൾക്കും ആര്യവേപ്പ് അത്യന്താപേക്ഷിതമാണ്.  ആര്യവേപ്പ് മുഖ്യഘടകമായി ഉപയോഗിക്കുന്ന സോപ്പുകളുണ്ട്. ഇവരുടെ പരസ്യം  തന്നെ ഈ മരത്തിന്റെ ഇലകൾ കാണിച്ചാണ്.

പല്ലുകളുടെ ആരോഗ്യത്തിനും വെൺമക്കും ആര്യവേപ്പ് അത്യുത്തമമാണ്. ആര്യവേപ്പ് ടൂത്ത് പേസ്റ്റുകളും വിപണിയിൽ സുലഭം. 

മലയാളികൾ മാവിന്റെ പഴുത്ത ഇലകൾ രാവിലെ പല്ലു വൃത്തിയാക്കാൻ ഉപയോഗിക്കാറുണ്ട്. തമിഴ്നാട്ടിലാകട്ടെ  ആര്യവേപ്പിന്റെ ഇലകളുടെ ചെറിയ തണ്ടുകളാണ് പല്ല് വൃത്തിയാക്കാൻ ഉപയോഗിക്കുന്നത്. മോണകളുടെ ബലത്തിനും പല്ലുകളുടെ ശത്രുക്കളായ ബാക്ടീരിയ നശിക്കാനും ഇത് അത്യുത്തമം എന്നു ഗവേഷകരും പറയുന്നു. 

ചിക്കൻ പോക്സ് അഥവാ അഞ്ചാം പനി വന്നാൽ ആര്യവേപ്പിന്റെ ഇലയാണ് രോഗി കിടക്കുന്നിടത്ത് വിരിക്കാനും അസഹ്യമായ ചൊറിച്ചിൽ ഉണ്ടാകുമ്പോൾ തടവാനും ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ആര്യവേപ്പിന്റെ ഇലകൾ  ഉപയോഗിച്ചാൽ ശരീരത്തിൽ ചിക്കൻപോക്സിന്റെ പാടുകൾ ഉണ്ടാകുന്നത് തടയാനാകും എന്നാണ് വിശ്വാസം. മാത്രമല്ല, ചുട്ടുപൊള്ളുന്ന ശരീരത്തിന് ആശ്വാസംആകുകയും ചെയ്യും. 

ധാന്യങ്ങൾ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ ആര്യവേപ്പിന്റെ ഇലകൾ വയ്ക്കുന്നത് ഒരു നാട്ടു നടപ്പാണ്. ഇങ്ങനെ ചെയ്താൽ അരിയൊക്കെ  നാളുകളോളം  കേടുവരാതെ ഇരിക്കാൻ  സഹായിക്കുമെന്നു നമ്മുടെ പൂർവികർ മനസിലാക്കിയിരുന്നു. ഇന്ത്യ, ശ്രീലങ്ക, പാക്കിസ്ഥാൻ, നേപ്പാൾ എന്നിവിടങ്ങളിലും നീം (NEEM ) എന്നു പൊതുവായി അറിയപ്പെടുന്ന ആര്യവേപ്പ് വ്യാപകമായി കാണാം.  AZADIRACHTA INDICA എന്നാണ് ശാസ്ത്രത്തിൽ ആര്യവേപ്പ്  അറിയപ്പെടുന്നത്.

MORE IN ILAKAL PACHA