അയ്യപ്പനോടുള്ള ഭക്തിയും മറക്കാത്ത ശ്രീലങ്കൻ യാത്രയും

ഏഴു വർഷമായി എല്ലാ വൃശ്ചികമാസത്തിലും സിനിമ സീരിയൽ താരം ദീപ ജയൻ വ്രതം തുടങ്ങും. വൃശ്ചികം ഒന്നു മുതൽ മകരവിളക്ക് വരെ നീളുന്ന വ്രതം. സാധാരണ പെൺകുട്ടികൾക്ക് ഭഗവാൻ കൃഷ്ണനോടാണ് പ്രിയം എങ്കിൽ ദീപയ്ക്ക് അയ്യപ്പനാണ് എല്ലാമെല്ലാം. ചെറുപ്പം മുതലേ അങ്ങനെയാണ്.

നാലാമത്തെ വയസ്സിൽ കന്നിമല ചവിട്ടിയപ്പോൾ തന്നെ അയ്യപ്പനെ മനസ്സിൽ പ്രതിഷ്ഠിച്ചതാണ് ദീപ. അയ്യപ്പൻ ഒരു വഴികാട്ടിയായി എപ്പോഴും ഒപ്പമുണ്ടെന്നാണ് ദീപ പറയുന്നത്. പല പൂജാരിമാരും ജ്യോത്സ്യൻമാരുമൊക്കെ ദീപയോട് ഇത് പറഞ്ഞിട്ടുമുണ്ട്. ഏഴു വർഷമായി കറുപ്പണിഞ്ഞ് ഭസ്മം തൊട്ടു നോമ്പ് നോക്കുമ്പോഴും ആചാരം ലംഘിച്ച് ശബരിമലയിൽ പോയി അയ്യപ്പദർശനം നടത്തണം എന്ന മോഹമൊന്നും ദീപയ്ക്കില്ല.

ഇനി ഒരു ദർശനത്തിന് സമയമാവും വരെ കാത്തിരിക്കാനും ദീപ തയാറാണ്. മാളികപ്പുറത്തമ്മയോടും ദീപയ്ക്ക് ഭയങ്കര ഇഷ്ടമാണ്. എന്നാലും കുറച്ച് അസൂയ ഒക്കെയുണ്ട്. അയ്യപ്പ സ്വാമിയെ പ്രണയിക്കുന്ന, കാത്തിരിക്കുന്ന ആൾ അല്ലേ? അയ്യപ്പനെ ഒരു പാട് ഇഷ്ടപ്പെടുന്ന ദീപയ്ക്ക് പിന്നെ, അസൂയ വരുന്നത് സ്വാഭാവികം.

തന്റെ, ജീവിതത്തിൽ അയ്യപ്പസ്വാമി ഒരുപാട് അദ്ഭുതങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെന്ന് ദീപ പറയുന്നു. സങ്കടപ്പെട്ടപ്പോഴൊക്കെ സ്വപ്നത്തിൽ വന്ന് ആശ്വസിപ്പിച്ചിട്ടുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിലൊക്കെ ഒരു വഴിവിളക്ക് ആയി മുമ്പിൽ നടന്നിട്ടുണ്ട്. ധൈര്യം പകർന്നിട്ടുണ്ട്.കുട്ടിക്കാലത്ത്, എല്ലാ ദിവസവും വീടിന് സമീപത്തുള്ള അയ്യപ്പക്ഷേത്രത്തിൽ ഭഗവാന് ചാർത്താനുള്ള മാല കെട്ടിക്കൊടുത്തിരുന്നു ദീപ.  അയ്യപ്പസ്വാമിയെ പോലെ ദീപയ്ക്ക് ഒരു പാട് ഇഷ്ടമാണ് ബുദ്ധ ഭഗവാനെയും. ഈ ഇഷ്ടം എങ്ങനെ വന്നു എന്നൊന്നും ദീപയ്ക്ക് അറിയില്ല.

കുട്ടിക്കാലത്ത് അയ്യപ്പനോട് ഇഷ്ടം തോന്നിയപ്പോൾ തന്നെ ബുദ്ധ ഭഗവാനോടും ഇഷ്ടം. ഏതെങ്കിലും ബുദ്ധക്ഷേത്രം സന്ദർശിക്കണമെന്നുള്ളത് ദീപയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. രണ്ടു വർഷം മുമ്പ് തമിഴ് സീരിയലിന്റെ ഷൂട്ടിംഗിനായി ശ്രീലങ്കയിൽ പോയപ്പോഴാണ് ആ ആഗ്രഹം സാധിച്ചത്. ബുദ്ധക്ഷേത്രങ്ങളിൽ പ്രാർത്ഥിച്ചു. ബുദ്ധനെക്കുറിച്ച് ഒരുപാട് വിലപ്പെട്ട വിവരങ്ങൾ തരുന്ന മ്യൂസിയം സന്ദർശിച്ചു. തിരികെ പോരുമ്പോൾ ബുദ്ധഭഗവാന്റെ ഒരു പ്രതിമയും വാങ്ങിക്കൊണ്ടു വന്നു. ഇപ്പോൾ ബുദ്ധഭഗവാനുമുണ്ട് അയ്യപ്പനൊപ്പം ദീപയുടെ പൂജാമുറിയിൽ.

മലയാളം - തമിഴ് - തെലുങ്ക് സീരിയലുകളിൽ സജീവമായ ദീപ സിനിമകളിലും ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.ദീപ നായികയായ പുതിയ തമിഴ് ചിത്രം 'കളിർ 'മലയാള ചിത്രമായ 'മഴനിലാവ്' എന്നിവ റിലീസിംഗിന് ഒരുങ്ങുകയാണ്. അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ സിനിമകളൊക്കെ വലിയ വിജയം ആവും എന്ന ഉറച്ച വിശ്വാസത്തിലാണ് ദീപ.

നെഞ്ചിലെരിയുന്ന ഭക്തിയുടെ ആഴിയുമായി ഇനിയുമൊരു അയ്യപ്പ ദർശന സൗഭാഗ്യത്തിനായി കാത്തിരിക്കുകയുമാണ്. അതിനുള്ള ഭാഗ്യം ഭഗവാൻ തരണേ എന്ന പ്രാർത്ഥനയുമായി. തിരുവനന്തപുരത്ത് മലയിൻകീഴാണ് ദീപയുടെ വീട്. പിതാവ് ജയൻ, അമ്മ ഗിരിജാകുമാരി. ഒരു സഹോദരിയുണ്ട് ദർശന .

MORE IN MINI BUS