ദിലീപിന്റെ ‘അളിയൻ’, മൂന്നുമണിയുടെ പിച്ചള; പ്രതികാരമില്ലാത്ത മഹേഷ്

സത്യൻ അന്തിക്കാട്, ലോഹിതദാസ്, ലാൽ ജോസ് ഇവരുടെ സൂപ്പർ ഹിറ്റ് സിനിമകളിലെ സ്ഥിരം സാന്നിധ്യമാണ് മഹേഷ്. വിജയ സിനിമകളിലെ രാശി നക്ഷത്രം! സിനിമകളിലെല്ലാം ഒരു പാവത്താന്റെ വേഷമാണ് മഹേഷിന്. നിർണായക സമയത്ത് നായകന് തുണയായി എത്തുന്ന, കൂട്ടുകുടുംബങ്ങളിലെ കുത്തിത്തിരിപ്പുകളിൽ കൂട്ടുകൂടാത്ത ഒരു പാവത്താൻ. ജീവിതത്തിലും മഹേഷ് അങ്ങനെ തന്നെ. ഉള്ളതുകൊണ്ട് തൃപ്തനായിയിരിക്കുന്ന ഒരു സാധാരണക്കാരൻ.

ഒരു സിനിമാ താരത്തിന്റെ വച്ചുകെട്ടുകളും പരിവേഷങ്ങളും ഒന്നുമില്ലാത്ത സാധാരണക്കാരിൽ സാധാരണക്കാരൻ. മീശ മാധവൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ദിലീപിനെ നിർണായക സമയത്ത് സഹായിക്കാനെത്തുന്ന അളിയൻ കഥാപാത്രമായി മഹേഷ് കൈയ്യടി വാങ്ങിയിരുന്നു.

കസ്തൂരിമാൻ, ജോക്കർ, അരയന്നങ്ങളുടെ വീട്, അച്ചുവിന്റെ അമ്മ, മനസ്സിനക്കരെ, പട്ടാളം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, ചാന്ത് പൊട്ട്, വീണ്ടും ചില വീട്ടുകാര്യങ്ങൾ ഇങ്ങനെ പോവുന്നു മഹേഷിന്റെ ഹിറ്റ് സിനിമകളുടെ പട്ടിക.

മഹേഷ് വരച്ച ചിത്രം

സിനിമയിൽ ചെയ്തതു പോലെ തന്നെ ഒരു കിടിലം കഥാപാത്രമാണ് മഹേഷ് സീരിയലിൽ അവതരിപ്പിച്ചതും. 'മൂന്നു മണി' എന്ന സീരിയലിലെ 'പിച്ചള' എന്ന കള്ളന്റെ കഥാപാത്രം. നിർണായ സമയങ്ങളിൽ നായികയ്ക്കു തുണയായി എത്തുന്ന പിച്ചള പിന്നീട് നായക തുല്യനായി ഉയർന്ന കഥാപാത്രമാണ്. സീരിയൽ നായകന്മാരുടെ സ്ഥിരം കുപ്പായത്തിൽ എത്താതിരുന്ന മഹേഷിനെ പ്രേക്ഷകർ ഏറ്റെടുത്തു.'മലർവാടി' ആയിരുന്നു മഹേഷിന്റെ അടുത്ത സീരിയൽ. അതിലും ഏറെ ശ്രദ്ധിക്കപ്പെട്ട പാവത്താൻ കഥാപാത്രം.

ഒരു നടൻ എന്നതിലുപരി മികച്ച ചിത്രകാരൻ കൂടിയാണ് മഹേഷ്. കാൻവാസിൽ നിറങ്ങളാൽ വിസ്മയങ്ങൾ തീർക്കുന്ന അസാമാന്യ പ്രതിഭ. ഒരുപാട് വലിയ വലിയ ബന്ധങ്ങൾ ഉണ്ടായിട്ടും അതൊന്നും പ്രൊജക്ട് ആക്കി മാറ്റാൻ മഹേഷ് ശ്രമിച്ചിട്ടില്ല.

ഒഴിവാക്കിയവരോടും, കണ്ടിട്ടും കാണാതെ പോയവരോടും ഒന്നും മഹേഷിന് പരിഭവമില്ല, പരാതിയില്ല, പ്രതികാരമില്ല! "നമ്മുക്ക് ഉള്ളത് ദൈവം അതാത് സമയത്ത് തരും. വെറുതെ ഓടിയിട്ട് കാര്യമില്ലല്ലോ" പ്രതിഭയുടെ സ്വർണത്തിളക്കമുള്ള പിച്ചള പറയുന്നു. പതിഞ്ഞ, സ്വരത്തിൽ, പരിഭവമില്ലാതെ പുഞ്ചിരിച്ചു കൊണ്ട്!

MORE IN MINI BUS