വിജയിക്കാൻ വേണം വ്യക്തമായ കാഴ്ചപ്പാട്

മനുഷ്യ ജീവിതത്തിൽ കാഴ്ചപ്പാടുകൾക്ക് വളരെ പ്രാധാന്യമുണ്ട്. നമ്മൾ എങ്ങനെ ഓരോ സാഹചര്യത്തേയും നോക്കി കാണുന്നു എന്നത് പ്രതിസന്ധികൾ സൃഷ്ടിക്കപ്പെടാനും മറികടക്കാനുമുള്ള സാധ്യതകളായി മാറും. വ്യക്തമായ കാഴ്ചപ്പാടുകളില്ലാത്ത യാത്ര ഒരിക്കലും ലക്ഷ്യത്തിൽ എത്തിച്ചേരില്ല. ഇത്തരം സാഹചര്യങ്ങളില്‍ മറ്റുള്ളവരെ ശ്രവിച്ചും കാഴ്ചപ്പാടുകൾ പുതുക്കിയും വേണം യാത്ര തുടരാൻ. ഇങ്ങനെയാണ് ജീവിതത്തിൽ വിജയതീരത്തിലെത്തുക.

ഒരു കപ്പൽ രാത്രിയിൽ സമുദ്രത്തിലൂടെ യാത്ര ചെയ്യുകയായിരുന്നു. യാത്രയ്ക്കിടയിൽ കപ്പലിനു നേരെ എതിർവശത്തുനിന്നു വെളിച്ചം അടിക്കാൻ തുടങ്ങി. ഇതുകണ്ട കപ്പലിന്റെ ക്യാപ്റ്റൻ ആ വെളിച്ചത്തിനു നേരെ നോക്കി പറഞ്ഞു ‘‘ഞാനീ കപ്പലിന്റെ ക്യാപ്റ്റനാണ് നിങ്ങളുടെ കപ്പലിന്റെ ദിശമാറ്റണം.’’ഇതുകേട്ടതും എതിർവശത്തുനിന്ന് ഒരു ശബ്ദം മുഴങ്ങി. ഞാൻ ഒരു മുക്കുവനാണ്. നിങ്ങളുടെ കപ്പലിന്റെ ദിശ അടിയന്തരമായി മാറ്റണം’’. എന്നാൽ എതിർവശത്തു നിന്ന് ഒരു മുക്കുവൻ തന്നോട് ആജ്ഞാപിച്ചത് ക്യാപ്റ്റന് ഇഷ്‌ടപ്പെട്ടില്ല. വെറുമൊരു മുക്കുവൻ പറയുന്നത് താൻ എന്തിനു കേൾക്കണമെന്നായിരുന്നു ക്യാപ്റ്റൻ ചിന്തിച്ചത്.

‘‘ഞാൻ ദിശമാറ്റാൻ ഒരുക്കമല്ല. താങ്കൾ താങ്കളുടെ കപ്പലിന്റെ ദിശമാറ്റുക.’’കുറച്ച് അഹങ്കാരത്തോടു കൂടി അദ്ദേഹം പറഞ്ഞു. ഇതിന് മുക്കുവൻ മറുപടി നൽകിയത് താങ്കൾ കാണുന്ന വെളിച്ചം ലൈറ്റ് ഹൗസിൽനിന്നുള്ളതാണ്, അല്ലാതെ കപ്പലിന്റെയല്ല. ഞാൻ ഈ ലൈറ്റ് ഹൗസിൽ ഇരിക്കുകയാണ്. ദിശ മാറ്റിയില്ലെങ്കിൽ കപ്പൽ ലൈറ്റ് ഹൗസിൽ ഇടിക്കും. എന്നായിരുന്നു.

ഇങ്ങനെ കൃത്യമായ കാഴ്ചപ്പാടുകളില്ലാതെ എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ മുന്നോട്ടുള്ള യാത്രയ്ക്കു തടസ്സമായി തീരും. അതുകൊണ്ട് മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾ അംഗീകരിച്ചും ബഹുമാനിച്ചും വേണം വിജയത്തിലേക്കു നീങ്ങേണ്ടത്.

MORE IN MOTIVATION