പ്രണയത്തെ തല്ലികെടുത്താന്‍ നോക്കരുത്! 

'ഞാനും ശങ്കറും പ്രണയത്തിലായിരുന്നു. ഒരേ കോളജില്‍ പഠിക്കുന്ന സമയത്താണ് ഞങ്ങള്‍ പ്രണയത്തിലായത്. 

എന്റെ പ്രണയബന്ധം വീട്ടുകാര്‍ അറിഞ്ഞപ്പോള്‍ അവര്‍ ശക്തമായി അതിനെ എതിര്‍ത്തു. ഞങ്ങളുടെ പ്രണയബന്ധം തകര്‍ക്കാനുളള ഗൂഢാലോചന അവര്‍ തുടങ്ങി. ഞങ്ങളെ പിരിയ്ക്കാന്‍ അവര്‍ക്കു മുമ്പില്‍ മറ്റൊരു കാരണവുമുണ്ടായിരുന്നില്ല. ശങ്കര്‍ ദളിത് ആയിരുന്നു. അവനെ വെറുക്കാന്‍ അത് ധാരാളമായിരുന്നു.

പക്ഷേ ദിവസം കഴിയുന്തോറും ഞാനവനെ കൂടുതല്‍ കൂടുതല്‍ സ്നേഹിച്ചു. ഇന്നും ഞാന്‍ അവനെ സ്നേഹിക്കുന്നു. 

ശങ്കറിനെ നഷ്ടപ്പെടുമെന്ന് ഭയന്ന് ഞാന്‍ വീടുവിട്ടു. എനിക്ക് എന്റെ പഠനം പൂര്‍ത്തിയാക്കണമായിരുന്നു. അതിനാല്‍ ഞങ്ങള്‍ വിവാഹത്തെക്കുറിച്ച് ആലോചിച്ചി്ല്ല. പക്ഷേ വീട്ടുകാര്‍ വളരെ ശക്തമായി ഞങ്ങളുടെ ബന്ധത്തിന് എതിര്‍പ്പ് കൂടിവന്നപ്പോള്‍ ഞങ്ങള്‍ വിവാഹിതരാവാന്‍ തീരുമാനിച്ചു.

ഞങ്ങള്‍ വിവാഹിതരായ ദിവസം മുതല്‍ ഞങ്ങള്‍ക്കു പിന്നാലെ അവരുണ്ടായിരുന്നു. ഒരിക്കല്‍ ഞങ്ങള്‍ തെരുവിലൂടെ നടന്നുപോകുമ്പോള്‍ എന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നു. ഞങ്ങള്‍ സഹായം തേടി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. എന്റെ മാതാപിതാക്കള്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. കാര്യങ്ങളെ നിയമപരമായി സമീപിക്കുന്നതിനു പകരം പൊലീസ് ഖാപ്പ് പഞ്ചായത്ത് സ്‌റ്റൈലിലുള്ള ഒത്തുതീര്‍പ്പിനാണ് ശ്രമിച്ചത്.

എന്റെ മാതാപിതാക്കള്‍ക്ക് ഒരു മുന്നറിയിപ്പു പോലും അവര്‍ നല്‍കിയില്ല. എന്നെ തട്ടിക്കൊണ്ടുപോകാന്‍ പൊലീസ് അവര്‍ക്ക് ധൈര്യം കൊടുക്കുകയാണ് ചെയ്തത്. ഒരു തവണ അവര്‍ അതില്‍ വിജയിച്ചു. എന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഒരു മന്ത്രവാദിയുടെ അടുത്തെത്തിച്ച് ദിവസങ്ങളോളം അയാളുടെ കസ്റ്റഡിയിലിട്ടു, മര്‍ദ്ദിച്ചു. ഇതെല്ലാം സഹിച്ചിട്ടും ഞാന്‍ വീണ്ടും ശങ്കറിനടുത്തെത്തി.

        

2016 മാര്‍ച്ച് 13ന് ഉഡുമലൈപെട്ടൈയില്‍ വെച്ച് പട്ടാപ്പകല്‍ എന്റെ കണ്‍മുമ്പില്‍വെച്ച് ശങ്കറിനെ കൊലപ്പെടുത്തി. അവര്‍ എന്നെയുംഅക്രമിച്ചു. എന്റെ മാതാപിതാക്കളാണ് കൊലയാളികളെ ഞങ്ങള്‍ക്കരികിലേക്ക് അയച്ചത്. എന്നെ ലാളിച്ചുവളര്‍ത്തിയ എന്റെ മാതാപിതാക്കള്‍ക്ക് എങ്ങനെയാണ് എന്നെ കൊല്ലാന്‍ പറയാന്‍ കഴിയുക? സ്വന്തം മകളെ കൊല്ലാന്‍ മാത്രം എന്താണ് അവരെ നിര്‍ബന്ധിതരാക്കിയത്? തീര്‍ച്ചയായും ഞാന്‍ അതിജീവിച്ചു. ശങ്കറിന്റെ ഓര്‍മ്മയില്‍ ജീവിതം തുടരുകയും ചെയ്തു.

ദുരഭിമാന കൊലപാതകങ്ങള്‍ തടയപ്പെടുമ്പോള്‍ പ്രണയം ജയിക്കും. പ്രണയം വിജയിക്കുമ്പോള്‍ ജാത ഉന്മൂലനം ചെയ്യപ്പെടും. ശങ്കറും അദ്ദേഹത്തെപ്പോലുള്ള നിരവധി പേരും ഒഴുക്കിയ രക്തച്ചൊരിച്ചിലിനുള്ള അവസാന നീതി ജാതി ഉന്മൂലനം മാത്രമാണ്'. 

   

കൗസല്യ എന്ന തമിഴ് യുവതിയുടെ വാക്കുകളാണിത്. പ്രണയിച്ച യുവാവിനെ വിവാഹം കഴിച്ച് ജീവിച്ചതിന് നേരിടേണ്ടി വന്ന ദുരനുഭവമാണ് കൗസല്യയുടെ വാക്കുകളില്‍. ഇതിന് സമാനമായ സംഭവം നമ്മുടെ നാട്ടിലും നടന്നിരിക്കുന്നു. 

     

തമിഴ്‌നാട്ടില്‍ രണ്ട് വര്‍ഷം മുന്‍പ് നടന്ന റിയല്‍ സ്റ്റോറിയാണ് മുകളില്‍ വായിച്ചത്. തമിഴ്‌നാടല്ലേ  'അവിടെ ഇതും അതിനപ്പുറവും നടക്കും'. അന്നിത് വായിച്ചിട്ട് കേരളീയരുടെ ഈ റിയല്‍ സ്‌റ്റോറിയെ ക്കുറിച്ചുള്ള പ്രതികരണം ഇതായിരുന്നു. തമിഴ്‌നാട്ടിലും കര്‍ണ്ണാടകയിലും ബീഹാറിലും മറ്റിടങ്ങളിലും നടക്കും കേരളത്തില്‍ നടക്കില്ലെന്ന ധ്വനിയാണ് ഈ പ്രതികരണത്തിലടങ്ങിയിരുന്നത്. പക്ഷേ നമ്മള്‍ പ്രബുദ്ധരാണ്, സാക്ഷരരാണ് എന്ന ഗര്‍വ് ഒലിച്ചുപോയിരിക്കുന്നു. കുറച്ചുനാള്‍ മുന്‍പ് കൊല്ലം തെന്മലയില്‍ നടന്ന അരുംകൊല, ദുരഭിമാനകൊല നടക്കുന്ന സംസ്ഥാനത്തിന്റെ പട്ടികയില്‍ കേരളവും എഴുതിച്ചേര്‍ക്കപ്പെട്ടു. കോട്ടയത്ത് ഗാന്ധിനഗര്‍ സ്വദേശി കെവിനെ അയാള്‍ പ്രണയിച്ച വിവാഹം ചെയ്ത നീനുവിന്റെ സഹോദരനും കൂട്ടരുംചേര്‍ന്ന കിടന്നുറങ്ങിയ വീട്ടില്‍  അതിക്രമിച്ചു കയറി തട്ടികൊണ്ട് പോയി കൊലപ്പെടുത്തി. കേരളം ഞെട്ടിതരിച്ച സംഭവം. കേരളം നാണിച്ച് തലതാഴ്ത്തിയ സംഭവം. കേരളത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവം. 

      

കെവിന്‍ സംഭവത്തിന്റെ രാഷ്ട്രീയ വശത്തെക്കുറിച്ച് തത്ക്കാലം ഞാന്‍ ഒരഭിപ്രായവും പറയുന്നില്ല. അതിന് നിരവധി മാനങ്ങള്‍ ഉള്ളതുകൊണ്ടാണ് അതു വേണ്ടെന്ന് വച്ചത്. എന്നാല്‍ പ്രണയം തല്ലികെടുത്തിയാല്‍ കെടുന്നതല്ലെന്ന് മനസ്സിലാക്കാന്‍ നീനുവിന്റെ സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ കഴിയാതെ പോയല്ലോ എന്നാണ് ഞാന്‍ പരിതപിക്കുന്നത്. കാലം മാറിയതും രീതികള്‍ മാറിയതും എന്താണ് അവര്‍ അറിയാതെ പോയത്. നീനുവിന്റെ മാതാപിതാക്കളും സഹോദരനും  പ്രണയ വിവാഹിതരാണെന്നറിയുന്നത്. അങ്ങനെയെങ്കില്‍ അവരുടെ കാലത്തെക്കുറിച്ചെങ്കിലം ചിന്തിക്കണമായിരുന്നു. അതുണ്ടായില്ല. അതുകൊണ്ട് കേരളത്തെ തലകുനിപ്പിച്ച മഹാദുരന്തമുണ്ടായി. പ്രണയത്തെക്കുറിച്ച് ഒരോരുത്തരും ഓരോതരം അഭിപ്രായങ്ങളാണ് പറഞ്ഞിട്ടുള്ളത്. 

''എന്റെ പ്രണയം കാട്ടുതേന്‍ പോലെയാണ് അതില്‍ വസന്തങ്ങള്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.'' ഒരാള്‍ പറഞ്ഞതിങ്ങനെയാണ്. 

വസന്തത്തിന്റെ എല്ലാ ഗന്ധങ്ങളും നിറങ്ങളും അലിഞ്ഞു ചേരുന്ന പ്രണയത്തിന്റെ മാധുര്യം, ഇതില്‍ ലയിച്ച് ചേര്‍ന്നിരിക്കുന്നു. 

'എന്റെ സ്‌നേഹം ഇളം വെയിലാണ്, വേനല്‍ മഴയാണ് , നിലാവാണ്. എന്റെ സ്‌നേഹം ലഭിച്ചവരോട് എനിക്ക് തന്നെ അസൂയ തോന്നുന്നു. സ്‌നേഹിക്കപ്പെട്ട ആ ഹ്രസ്വകാലം, സ്വര്‍ലോക സംതൃപ്തി അവര്‍ക്ക് കൊടുത്തിരിക്കണം, പരിപൂര്‍ണ്ണതയില്‍ നിന്ന് അപൂര്‍ണ്ണതയിലേക്ക് വഴുതി വീണപ്പോള്‍ ആ വീഴ്ചയുടെ കാരണം അവര്‍ക്ക് മനസ്സിലായിരിക്കുകയില്ല. തീര്‍ച്ച, പക്ഷെ എന്നെ വെറുക്കാന്‍ അവര്‍ക്ക് കഴിയില്ല''.  പ്രണയത്തിന്റെ ഏറ്റുപറച്ചിലുകള്‍ ആയിരുന്നു കമലാ സുരയ്യ എന്ന മാധവിക്കുട്ടിയെ കേരളത്തിന്റെ  പ്രീയപ്പെട്ട എഴുത്തുകാരിയാക്കിയത്. സദാചാര പ്രേമികള്‍ ശത്രുപക്ഷത്ത് നിര്‍ത്തിയതും ഇതുകൊണ്ടാണ്. 

      

ഒരു മനുഷ്യനെ ആകാശത്തോളം ഉയരത്തില്‍ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന മറ്റൊരു വികാരമുണ്ടാവില്ല. ഒരാള്‍ക്ക് ലോകം ഏറ്റവും സുന്ദരമായി തോന്നുന്നത് താന്‍ പ്രണയിക്കപ്പെടുന്നു എന്ന തോന്നല്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ്.. പ്രണയം രുചിക്കാത്ത ഒരുവന് സ്വപ്നം കാണാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. പ്രണയിക്കപ്പെടുമ്പോഴാണ് ലോകത്ത് താന്‍ കാണുന്നതിനെല്ലാം സൗന്ദര്യമുണ്ടെന്ന് തിരിച്ചറിയുന്നത്. പുഷ്പങ്ങളില്‍ സൗന്ദര്യവും മണവുമുണ്ടെന്ന് ബോധ്യപ്പെടുന്നത് അപ്പോള്‍ മാത്രമാണ്. വര്‍ണ്ണങ്ങളിലെ നിറപകിട്ട് തിരിച്ചറിയുന്നതും അപ്പോള്‍ മാത്രം. ഇങ്ങനെ  നിരവധി പ്രത്യേകതകള്‍ ചാലിച്ച പ്രണയത്തെ ഉള്ളിലെ ദുരഭിമാനത്തെ നിലനിര്‍ത്താന്‍ വേണ്ടി തല്ലികെടുത്താന്‍ ശ്രമിച്ചാല്‍ നടക്കുന്നതല്ലെന്ന് കെവിന്‍ സംഭവവും ഉദുമപ്പെട്ടിയിലെ ശങ്കര്‍ സംഭവവും അതേരീതിയുലുള്ള നിരവധി സംഭവങ്ങളും തെളിയിക്കുന്നു.  പ്രണയിക്കുന്നവരില്‍ ഔചിത്വ ബോധം ഉണ്ടാകേണ്ടതാണ്. അതുണ്ടാകുന്നില്ലെങ്കില്‍ അതിനെ ബലംപ്രയോഗിച്ച് ഉണ്ടാക്കിയെടുക്കേണ്ടതല്ല. കാലം മാറിയിരിക്കുന്നു. അതിനൊപ്പം നമ്മുടെ ചിന്തകളും ധാരണകളും മാറണം. 

MORE IN HRIDAYAKAMALAM