മിഴികളിലൂടെയല്ല മനസ്സിലൂടെയാണ് കാഴ്ചയ്ക്ക് ഇടം നൽകേണ്ടത്

അന്ധയായ ഹെലൻകെല്ലർ ഒരിക്കൽ  തന്റെ സുഹൃത്തിനോട് ചോദിച്ചു നടക്കാൻ പോയ വഴിയിൽ താങ്കൾ എന്തൊക്കെ കണ്ടു?  കാട്ടുപാതയിലൂടെ നടന്നിട്ട് മടങ്ങിയെത്തിയ ആ സുഹൃത്ത് പറഞ്ഞു  പ്രത്യേകിച്ച് ഒന്നും കണ്ടില്ല. കാട്ടുപാതയിലൂടെ നടന്നിട്ട് ഒന്നും കണ്ടില്ലെന്നോ? ഹെലന് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.  ഏതെല്ലാം തരത്തിലുള്ള സസ്യലതാദികളും പൂക്കളും പൂമ്പാറ്റകളും പക്ഷിജാലങ്ങളൊക്കെ അവിടെയുണ്ട് അതൊന്നും കണ്ടില്ലേ?

 മറ്റൊരു ദിവസം  വേറെയൊരു സുഹൃത്തിനോട് ഹെലൻ ചോദിച്ചു നിങ്ങളുടെ ഭാര്യയുടെ കണ്ണുകളുടെ നിറം എന്താണ് ഒരു ചമ്മിയ ചിരിയോടെ അയാൾ പറഞ്ഞു താനിതുവരെ ഭാര്യയുടെ കണ്ണുകളുടെ നിറം ശ്രദ്ധിച്ചിട്ടില്ല. കണ്ണുകൾ ഉണ്ടായിട്ടും കാണാതിരിക്കുക ചെവികൾ ഉണ്ടായിട്ടും കേൾക്കാതിരിക്കും കാഴ്ചയും കേൾവിയുമുള്ളവരുടെ ഇൗ സ്വഭാവരീതി ഹെലൻ കെല്ലർക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കാരണം ഹെലൻ ജനിച്ച് 19 മാസത്തിന് ശേഷം അസുഖം ബാധിച്ച്  ഹെലന്റെ കാഴ്ചയും കേൾവി ശക്തിയും നഷ്ടപ്പെട്ടു.

കാഴ്ചയും കേൾവിയും സ്പർശവുമൊക്കെയാണ് നാം നമ്മെ തന്നെയും നമുക്ക് ചുറ്റുമുള്ളവരേയും നമ്മുടെ ലോകത്തുണ്ടെന്ന് അറിയുന്നത്. ഇൗ കഴിവുകൾ  ഉണ്ടെങ്കിലും പലപ്പോഴും അത് മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയാണ്. ഇന്ന് നിസ്സാര കാര്യങ്ങളുടെ പേരിൽ പോലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നവരുമാണ് നാം. റോഡിൽ ഒരു ദിവസം എത്രപേരാണ് അപകടത്തിൽപ്പെടുന്നത്. ചോരവാർന്ന് നിൽക്കുന്നവരെ സ്വന്തം മൊബൈൽ ഫോണിൽ പകർത്തി ലോകമെമ്പാടും പ്രചരിപ്പിച്ച് ആസ്വദിക്കുകയും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നതല്ലാതെ അവരെ സഹായിക്കാനോ ജീവൻ രക്ഷിക്കാനോ ഉള്ള മനസ്ഥിതി പോലും ആർക്കുമില്ല. എന്തിനേറെ പറയുന്നു സ്വന്തം മാതാപിതാക്കളെ കൊല്ലുന്നവരും സഹോദരിയേയും കൂട്ടുകാരിയേയും ബലാത്സംഗം ചെയ്യുന്നവരുമാണ് നമുക്ക് ചുറ്റിലുമുള്ളത്.  ഇങ്ങനെ എത്രയെത്ര വാർത്തകളാണ് ഒാരോ ദിവസവും നമ്മുടെ കൺമുന്നിൽ എത്തുന്നത്. കണ്ണിന്റെ തിമിരമല്ല  മനസ്സിന്റെ  പരിമിതികളാണ് പല കാഴ്ചകളും നിഷേധിക്കാറ്. ഹൃദയമില്ലാത്തവർക്ക് കണ്ണിന്റെ ആവശ്യമില്ലല്ലോ. 

മനുഷ്യന്റെ ആന്തരിക സൃഷ്ടി പ്രകാശിപ്പിക്കുന്നവനാണ് ദൈവം. ഒരാളുടെ അകക്കണ്ണ് തുറക്കുന്നത് മഹാഭാഗ്യമാണ്. അത് വലിയൊരു കൃപയുമാണ് അകക്കണ്ണ് തുറക്കാൻ വിദ്യാഭ്യാസം വേണ്ട പാവപ്പെട്ടവനാവണമെന്നില്ല എല്ലാം തിരിച്ചറിയുന്ന മനുഷ്യന് മാത്രമേ അകക്കണ്ണ് തുറക്കാൻ കഴിയുകയുള്ളു. പലപ്പോഴും വരിയുടെ പിന്നിൽ നിൽക്കുന്നവനെ നാം കാണാറില്ല. അവൻ എപ്പോഴും നിരാശനായി ആരോടും മിണ്ടാതെ വാശിയും വിദ്വേഷമോ പകയൊ ഇല്ലാതെ മടങ്ങി പോകുന്നു.  നാം എപ്പോഴും ഏറ്റവും പിറകിൽ നിൽക്കുന്നവനെ കാണണം അവന്റെ വേദന അറിയണം.  ഇങ്ങനെ അകക്കണ്ണ് തുറന്ന് കാണുമ്പോൾ  ഇൗ വിശ്വത്തിൽ ഉള്ളവരെല്ലാം ശാന്തിയോടെയും സംതൃപ്തിയോടയെും ജീവിക്കും.കാഴ്ചയെ തന്റെ വയറിന്റേയും ക്യാമറയുടേയും ഭക്ഷണമാക്കി മാറ്റുന്നവനാണ് ഫോട്ടോഗ്രാഫർ. അത്തരത്തിലൊരു പ്സിദ്ധ ഫോട്ടോഗ്രാഫറായിരുന്നു കെവിൻ കാർട്ടർ. കണ്ടവർ ഒരിക്കലും മറക്കാത്ത ഒരു ചിത്രമുണ്ട് കെവിന്റെ വകയായി. നടുക്കത്തോടെ കണ്ട ചിത്രം.കലാപവും പട്ടിണിയും ദാരിദ്ര്യവുംകൊണ്ട് വരണ്ടുപോയ സുഡാൻ. ഭക്ഷണം കിട്ടാതെ ആയിരക്കണക്കിന് പേർ മരണപ്പെട്ടു.  ഒട്ടിയ വയറുമായി കുഞ്ഞുങ്ങൾ മരണത്തിന് കീഴടങ്ങി. അങ്ങിങ്ങായി ഭക്ഷണത്തിനായി കലാപങ്ങൾ ഉണ്ടാകുന്നു. ജൊഹന്നാസ് ബർഗിലെ സൺഡേ പത്രത്തിൽ സ്പോർട് ഫോട്ടോഗ്രാോഫറായി ജോലിചെയ്തു വരികയായിരുന്ന കെവിൻ കാർട്ടറും സുഹൃത്ത് സിൽവയുമൊന്നിച്ച്  സുഡാൻ ജീവിതം പകർത്താൻ ദക്ഷിണ സുഡാനിലെ അയോഡ് എന്ന ഗ്രാമത്തിലെത്തി.  ദുരിതാശ്വാസ ക്യാമ്പിനരികിലൂടെ നടന്ന് കാഴ്ചകൾ പകർത്തവേ ദയനീയമായ ഒരു കരച്ചിൽ കാർട്ടർ കേൾക്കാനിടയായി. ഒരു പെൺകുട്ടിയുടെ കരച്ചിലായിരുന്നു അത്. ചുട്ടുപൊള്ളുന്ന വെയിലിൽ തല ഭൂമിയിലേക്ക് താഴ്ത്തി ദുരിതാശ്വാസ ക്യാമ്പിലേക്ക്  ഇഴഞ്ഞുനീങ്ങുകയായിരുന്നു അവൾ. വലിയ പട്ടിണികാരണം അവളുടെ എല്ലുകൾ പുറത്തേക്ക് ഉന്തിനിന്നിരുന്നു. അവിടേക്ക് ഒരു കഴുകൻ പറന്നുവന്നു. മരണത്തിനും ജീവിതത്തിനുമിടയിൽ ഒരുനിമിഷം. കഴുകനും കുഞ്ഞിനും വിശപ്പായിരുന്നു. 20 മിനുറ്റോളം കാത്ത് നിന്നതിന് ശേഷം ആ ചിത്രം കാർട്ടർ തന്റെ ക്യാമറയ്ക്കുള്ളിലാക്കി. 

ചിത്രം ന്യൂയോർക്ക് ടൈംസും ദി മെയ്ൽ ആന്റ് ഗാർഡിയൻ വീക്കിലിയും പ്രസിദ്ധപ്പെടുത്തി.  പിന്നീട് കുഞ്ഞ് രക്ഷപ്പെട്ടോ എന്നന്വേഷിച്ച് പത്രമാഫീസിലേക്ക് നിരവധി കത്തുകൾ എത്തി.  കുഞ്ഞിനെ രക്ഷപ്പെടുത്താതെ ഫോട്ടോയെടുക്കാൻ വ്യഗ്രത കാണിച്ച  ഫോട്ടോഗ്രാഫറെ ലോകം കുറ്റപ്പെടുത്തി. താൻ കണ്ട കാഴ്ചയുടെ ഭീകരതയിൽ കാർട്ടർ വിഷാദനായി.  കാർട്ടറെ തേടി ന്യൂയോർക്ക് ടൈംസിൽ നിന്ന് ഒരു ഫോൺകോൾ വന്നു ലോകത്തെ കരയിപ്പിച്ച ആ ചിത്രത്തിന് പുലിസ്റ്റർ പുരസ്കാരം ലഭിച്ചെന്നായിരുന്നു ആ വാർത്ത. കുഞ്ഞിനെ രക്ഷപ്പെടുത്താത്ത കുറ്റബോധം കാരണം തന്റെ 34 ാം വയസ്സിൽ കാർട്ടർ ആത്മഹത്യ ചെയ്തു. എന്നും കരളലിയുന്നവന്റെ കണ്ണ് നിറയും തുറന്നിരിക്കുന്ന കണ്ണുകൾക്ക് എല്ലാം കാണാനും കാണുന്നതിനോടെല്ലാം പ്രതികരിക്കാനും കഴിയും. അതിന് നേർകാഴ്ചയാണ് ചരിത്രത്തിലെ പ്രളയം വന്നപ്പോൾ ദുരിതത്തിൽപ്പെട്ടവർക്ക് വലുപ്പ ചെറുപ്പമില്ലാതെ രക്ഷകരായി എത്തിയത്.  അന്ന്  കേരളം ഒറ്റക്കെട്ടായി നോക്കിയത് കണ്ടെന്ന് വരുത്തി തീർക്കാനല്ല. പലരുടെയും ദയനീയമായ അവസ്ഥ കാണാൻവേണ്ടിയായിരുന്നു. ഇങ്ങനെ  കണ്ണെത്താദൂരത്തുള്ളവയേയും കാണാൻ നാം ശ്രമിക്കണം. പ്രകടിപ്പിക്കുന്നതും പ്രദർശിപ്പിക്കുന്നവയുമല്ല ഒാരോ വ്യക്തിയുടെയും അവസ്ഥ.  മിഴികളിലൂടെയല്ല മനസ്സിലൂടെയാണ് കാഴ്ചയ്ക്ക് ഇടം നൽകേണ്ടത്. 

ഒരു വൃക്ഷത്തെ നോക്കുക. അത് സകലർക്കും തണലായും ശുദ്ധവായു നൽകിയും അത് നമ്മെ സരംക്ഷിച്ചു നിൽക്കുന്നു.സ്ത്രീയെന്നോ പുരുഷനെന്നോ, ദരിദ്രനെന്നോ ധനികനെന്നോ അത് ഗണിക്കാറില്ല. അതാണ് വൃക്ഷത്തിന്റെ സ്വഭാവം.കണ്വമുനിക്ക് കാട്ടിൽ നിന്ന്, പ്രകൃതിയിൽ നിന്ന് കിട്ടിയതാണ് ശകുന്തളയെ. ശകുന്തള ആശ്രമത്തിൽ നിന്നു പോകാൻ നേരം അവൾ ലാളിച്ചു വളർത്തിയിരുന്ന മുല്ലവള്ളി അവളെ വിടാതെ കാലിൽ ചുറ്റി. വളർത്തു മൃഗങ്ങൾ കണ്ണീരൊഴുക്കി. സസ്യങ്ങളെയും മൃഗങ്ങളെയും സ്നേഹിച്ചാൽ അവ നമ്മെയും അതുപോലെ സ്നേഹിക്കുമെന്നാണ് ഇത് കാണിക്കുന്നത്. സ്വാർത്ഥത മുറ്റിയ മനുഷ്യന് സ്നേഹം എന്തെന്ന് കൂടി അറിയാതെയായി. സ്നേഹത്തിന്റെ ബാലപാഠങ്ങൾ മക്കൾ പ്രകൃതിയിൽ നിന്ന് പഠിക്കണം. കരുണ, ത്യാഗം തുടങ്ങിയ മറ്റു മൂല്യങ്ങളും നമുക്ക് പ്രകൃതിയിൽ നിന്ന് പഠിക്കാം. അതിനാൽ നാം കണ്ണും കാതും തുറന്ന് പ്രകൃതിയെ വീക്ഷിക്കുക. ദിവസം അതിനു വേണ്ടി അല്പം നേരം നീക്കിവെയ്ക്കുക. പ്രകൃതി നമ്മെ പഠിപ്പിക്കുന്ന പാഠങ്ങൾ ഇൗ ലോകത്തെ സമാധാന പൂർണമാക്കും. അവ നാം ഉൾക്കൊള്ളണം. ജീവിതത്തിൽ പകർത്തണം. പ്രകൃതിയിലെ ഒാരോ കാഴ്ചയും  നാം നന്നായി ശ്രദ്ധിച്ചു നോക്കണം. ഇൗ കാഴ്ചയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളാനുണ്ട്. ചെറുതാണെങ്കിലും മഹത്തായ ഒരു ദർശനം നമുക്ക് കാണിച്ച് തരും. നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടിലേക്ക്  അവ വെളിച്ചം വീശി തരും. നമ്മളിൽ പലരും നമ്മുടെ ലക്ഷ്യത്തിൽ എത്തിച്ചേരാനുള്ള ഒാട്ടത്തിനിടയിൽ പലതും കാണും അതൊന്നും കണ്ടില്ലെന്ന് നടിക്കും. ചിലപ്പോൾ ഒരുനോട്ടത്തിൽ കാണുന്നത് മനസ്സിലേക്ക് പതിഞ്ഞാൽ അതിൽ നമുക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുകയാണെങ്കിൽ അതിൽപരം മോക്ഷം നമുക്ക് വേറെ ലഭിക്കാനില്ല.

MORE IN HRIDAYAKAMALAM