കരുണയും സഹാനുഭൂതിയും സ്നേഹവും പ്രവൃത്തികളിലുണ്ടാകണം

മനുഷ്യനിൽനിന്നും പരക്കുന്ന ഏറ്റവും വിശുദ്ധമായ സുഗന്ധമാണ് കരുണ. അത് മനുഷ്യനെ ആകാശത്തോളം ഉയർത്തുന്നു. അതിനപ്പുറത്തെ ലോകത്തെ സ്പർശിക്കുന്നു. കരുണയിൽ നിന്നും കണ്ണുനീർ തുള്ളികൾ ഉണ്ടാകുന്നു. അത് പ്രവഹിച്ച് പ്രവഹിച്ച് നന്മയുടെ പുഴ രൂപപ്പെടുന്നു. പാവങ്ങളെഴുതിയ വിശ്വസാഹിത്യകാരൻ വിക്ടർ ഹ്യൂഗോ കരുണയെപ്പറ്റി കരളലിയിപ്പിക്കുന്ന എണ്ണമറ്റ കഥകൾ പറഞ്ഞു. അവയിൽ പ്രധാനപ്പെട്ട ഒരു കഥയാണ് ജോ എന്ന മനുഷ്യസ്നേഹിയുടേത്. 

അദ്ദേഹമൊരു വിചിത്രനായ മനുഷ്യനായിരുന്നു, മദ്ധ്യവയസ്കൻ. മറ്റുള്ളവരുടെ വേദന അകറ്റിയാലേ അദ്ദേഹത്തിന് മനസ്സമാധാനം ഉണ്ടാകുമായിരുന്നുള്ളൂ. വെളുപ്പിന് ഉണർന്നാൽ രാത്രി വരെയുള്ള ഒരു ദിവസം ഒരു മിനിറ്റൊഴിയാതെ വേദനിക്കുന്ന ആർക്കെങ്കിലും ഉതകുന്ന കാര്യങ്ങൾ ചെയ്യുക. ആ പ്രാർഥന നിറവേറ്റുവാനായി അദ്ദേഹം നിരന്തരമായി പരിശ്രമിച്ചു. അതുകൊണ്ടാവാം അദ്ദേഹത്തിന്റെ ജീവിതം നിത്യേന രോഗികളുടേയും ദരിദ്രരുടേയും ഭാഗ്യഹീനരുടേയും ഒക്കെ വേദന അകറ്റുന്നതിന്റെ തിരക്കിലായിരുന്നു. 

ഒരു ദിവസം രാവിലെ മുതൽ ഒരു ആശുപത്രിയിൽ നിന്ന് രോഗികളെ സഹായിച്ചു ജോ തീരെ അവശനായി. രാത്രി അൽപം വൈകിയാണ് ആശുപത്രിയിൽ നിന്ന് പോരുവാൻ കഴിഞ്ഞത്. എങ്ങനെങ്കിലും വീട്ടിലെത്തി ഒന്ന് തലചായ്ക്കണമെന്ന് ഒത്തിരി ആഗ്രഹിച്ച് അവശനായിട്ടാണ് നടക്കുന്നത്. നല്ല വിശപ്പുമുണ്ട്. വേഗം വീട്ടിലെത്തി അമ്മ ഉണ്ടാക്കി വച്ചിരിക്കുന്ന ഭക്ഷണം കഴിക്കണം, കിടക്കണം. വളരെ ആഗ്രഹത്തോടു കൂടിയാണ് ജോ നടക്കുന്നത്. വഴിയിലുള്ള വീടുകളെല്ലാം  ഉറക്കത്തിലായിക്കഴിഞ്ഞിരിക്കുന്നു.

നിരത്തിൽ നിന്നും കുറച്ചകലെ ഒരു വീട്ടിൽ വിളക്ക് എരിഞ്ഞുകൊണ്ടിരിക്കുന്നു. ഒരു സ്ത്രീയുടെ വേദനയോടു കൂടിയുള്ള തേങ്ങലും ഞരക്കവും കേൾക്കുന്നുണ്ട്. ആരോ രോഗം കൊണ്ട് വിഷമിക്കുന്നു. അയാളുടെ കാലുകൾ വേച്ചു വേച്ച് അങ്ങോട്ട് നീങ്ങി. അവിടെ കണ്ട കാഴ്ച അതിദാരുണമായിരുന്നു. കാലിനടിയിലെ ഒരു വ്രണത്തിന്റെ വേദന സഹിക്കുവാനാകാതെ ഒരു സ്ത്രീ കിടന്ന് പിടയ്ക്കുന്നു. അവർ ഉറക്കെ കരഞ്ഞു കൊണ്ട് ശബ്ദം പോലും പുറത്തേക്ക് വരാത്തവിധം ഞരങ്ങുകയാണ്. വീട്ടുകാരെല്ലാം നിസ്സഹായരായി കണ്ണുനീരോടെ നോക്കി നിൽക്കുന്നു. ഗ്രാമത്തിൽ ആശുപത്രികളൊന്നുമില്ല. ദൂരെ നഗരത്തിലുള്ള ആശുപത്രിയിലെത്താന്‍ പ്രഭാതമായാലേ വാഹന സൗകര്യമുള്ളൂ. 

ജോയുടെ സാന്നിധ്യം അവർക്ക് ആശ്വാസമേകി. അദ്ദേഹം രോഗിയുടെ അടുത്തെത്തി വളരെ സൂക്ഷ്മതയോടെ ശ്രദ്ധിച്ചു. കുറച്ചു സമയം മൂകനായി നിന്നു. ആ സ്ത്രീയുടെ പാദത്തിനു ചുവട്ടിൽ പാദത്തിലെ വ്രണത്തിനു നേരെയായി മന്ദമായി ഊതിക്കൊണ്ടിരുന്നു. അൽപനേരത്തിനിടയ്ക്ക് നേരിയ ആശ്വാസം കൊണ്ട് രോഗിയൊന്നു മയങ്ങിയപ്പോൾ ഒരു ആഭിചാരകർമം ചെയ്യുന്നതു പോലെ തന്റെ നാവു നീട്ടി ആ വ്രണമുഖത്ത് സ്പർശിക്കുകയും വ്രണം പൊട്ടി വന്ന പഴുപ്പ് വായകൊണ്ട് രോഗി പോലും അറിയാത്ത വിധം വലിച്ചെടുക്കുകയും ചെയ്തു. പലരും മുഖം ചുളിച്ചു. പലരും അന്ധാളിച്ചു നിന്നു. ജോ ഒന്നും സംഭവിക്കാത്തതു പോലെ പുറത്തുപോയി വായ കഴുകി കയ്യിൽകിട്ടിയ ഏതോ പച്ചില ചവച്ചരച്ച് വായിൽവച്ച് ഒന്നും മിണ്ടാതെ വേച്ചു വേച്ചു പടിയിറങ്ങിപ്പോയി. വേദന കൊണ്ടു പിടഞ്ഞു കിടന്ന രോഗി പ്രഭാതം വരെ സുഖമായി ഉറങ്ങി. 

ആ മനുഷ്യനെ വിശേഷിപ്പിക്കുവാൻ ഏതു ഭാഷാ പദമാണ് നിലവിലുള്ളത്. കരുണയും സഹാനുഭൂതിയും സ്നേഹവുമൊക്കെ വാക്കുകളിലല്ല പ്രവൃത്തിയിലാണ് ഉണ്ടാകേണ്ടത്. മറ്റുള്ളവരെ നമ്മൾ സഹായിക്കുമ്പോൾ ദൈവം നമ്മെ സഹായിക്കുന്നു. 

MORE IN HRIDAYAKAMALAM