ദാമ്പത്യത്തിന് ഒരു ഇലാസ്റ്റിക് !

മയിലാടുംതുറയിൽ ഒരു ചിന്ന തുണിക്കട. അവിടെ സെയിൽസ് ഗേൾസായി രണ്ട് അഴകാന മയിലിണകൾ – ജ്വാല, ശിൽപ ! 

കടയുടമ തങ്കബാലുവിന് രണ്ടു പേരും ഒരുപോലെ.  ഒരാൾ അത്തിപ്പഴമെങ്കിൽ മറ്റെയാൾ ഉറുമ്മാമ്പഴം ! ശിൽപ ഇടത്തെ കവിളിലെ നുണക്കുഴിയാണെങ്കിൽ‌. ജ്വാല വലത്തെ കവിളിലെ മുഖക്കുരു ! 

ഇവരിൽ യാര്ക്ക് കൂടുതൽ അഴക് ? ഇതാണ് തങ്കബാലുവിനെ എപ്പോഴും അലട്ടുന്ന പ്രശ്നം.

കടയിൽ ആൾത്തിരക്കില്ലാത്ത സമയങ്ങളിൽ ഇതിനുത്തരം കണ്ടെത്താൻ തങ്കബാലുവിന് ഒരു ടെക്നിക്കുണ്ട്.  സെയിൽസ് കൗണ്ടറുകളുടെ ഒത്ത നടുക്കാണ് ക്യാഷ്കൗണ്ടർ.  ക്യാഷ് കൗണ്ടറിലിരുന്ന് തങ്കബാലു ഒരു കൈകൊണ്ട് ഇടത്തെ കണ്ണു പൊത്തും. അപ്പോൾ വലതുവശത്തു നിൽക്കുന്ന ശിൽപയെ മാത്രം കാണാം. ആഹാ !

അടുത്ത നിമിഷം വലത് കണ്ണു പൊത്തും. അപ്പോളതാ ഇടതുവശത്ത് ജ്വാല മാത്രം ! സൂപ്പർ !

ഇവരിൽ ആർക്കാണ് കൂടുതൽ ഭംഗി ? ശിൽപ, ജ്വാല.. ജ്വാ, ശി.. ശി.. ജ്വാ ! ഇങ്ങനെ മാറി മാറി നോക്കുമ്പോൾ തങ്കബാലുവിന് ആകെ കൺഫ്യൂഷനാകും.  അന്നേരം രണ്ടു കണ്ണും പൊത്തും. അപ്പോൾ കണ്ണിൻ‌ മുന്നിലെ ഇരുളിൽ ഒരു മഴവില്ല് തെളിയുന്നു. ആ സന്തോഷത്തിൽ കണ്ണിറുക്കി തങ്കബാലു പാടാൻ തുടങ്ങും.. സുന്ദരി നീയും സുന്ദരൻ ഞാനും ചേർന്നിരുന്നാൽ തിരുവോണം...

ഈ സമയത്തായിരിക്കും കടയിലേക്ക്  ആരെങ്കിലും കയറി വരുന്നത്.

തമ്പീ വാങ്കോ,  അണ്ടർ വെയർ, കിണ്ടർ വെയർ, ജെട്ടി, കുട്ടി, ഷർട്ട്, ചുരിദാർ എല്ലാമേയിരുക്ക്.  വാങ്കോ വാങ്കോ എന്നു പറഞ്ഞ് തങ്കബാലു അയാളെ കടയിലേക്കു വരവേൽക്കുന്നു. 

വന്നയാൾ ചോദിക്കുന്നു.. ചുവപ്പു നിറത്തിൽ കറുപ്പു ഡിസൈനുള്ള അണ്ടർവെയർ കിടയ്ക്കുമാ ?  

ശിൽ‌പ അയാളെ ഏറ്റെടുത്തുകൊണ്ട് പറയുന്നു... ഇങ്ങോട്ടു വന്നോളൂ.. ഉങ്കളുടെ വേയ്സ്റ്റ് സൈസ് 50 താനേ.. ? 

ജ്വാല ചാടിവീഴുന്നു.. ഈ അണ്ണന് അത്രയും തടിയൊന്നുമില്ല. സൈസ് 40 ആയിരിക്കും. എനിക്കുറപ്പാണ്. 

വന്നയാൾ നാണത്തോടെ പറയുന്നു.. എന്റെ സൈസ് 55 ആണോയെന്നു സംശമുണ്ട്. ചെക്ക് ചെയ്തോളൂ..

ശിൽപ 50, ജ്വാല 40, തങ്കബാലു 55 സൈസുകളിലുള്ള അണ്ടർവെയറുകൾ അയാളെക്കൊണ്ട് വാങ്ങിപ്പിക്കുന്നു. ഏതു സൈസ് ആയാലും ഇലാസ്റ്റിക് ഉണ്ടല്ലോ എന്ന സന്തോഷത്തിൽ അയാൾ കടവിട്ടിറങ്ങുന്നു. വസ്ത്രമല്ലികൈ എന്ന ആ കൊച്ചു കടയിൽ കച്ചവടം മുറുകുന്നു.

കച്ചവടം തകർക്കുന്ന ദിവസങ്ങളിൽ  തങ്കബാലു ഒരു തമിഴ് എഫ്എം റേഡിയോ ആയി മാറും. മുഴുവൻ നേരവും പാട്ടാണ്,  ആ ദിവസങ്ങളിൽ ജ്വാലയ്ക്കും ശിൽപയ്ക്കും എന്തെങ്കിലുമൊക്കെ സമ്മാനങ്ങളും കിട്ടും. 

സമ്മാനം ചുമ്മാതെയങ്ങ് കൊടുക്കുകയല്ല, രണ്ടാളെയും അടുത്തേക്കു വിളിച്ചിട്ട് തങ്കബാലു സംശയം ചോദിക്കും... ഞാനാരാണെന്ന് ഉങ്കൾക്കു തെരിയുമാ?

തങ്കബാലു, 38 വയസ്സ്, എട്ടാം ക്ളാസ്, രക്തത്തിൽ പഞ്ചാര എന്നാണ് പറയേണ്ടത്. ജ്വാലയും ശിൽപയും അതു പറയില്ല. പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി കള്ളക്കൺമഷി തൊട്ടെടുത്തിട്ടു പറയും..  നീങ്ക.. വെള്ളക്കുതിരൈ മേലെ ഇളയദളപതി !

അതു കേൾക്കെ തങ്കബാലുവിന്റെ നെഞ്ച് ഒരു കുതിര പോലെ കുളമ്പടിക്കും.  പിന്നെ ജിലേബിയോ ലഡുവോ മക്രോണിയോ മിഷ്കിനോ ഒക്കെ ജ്വാലയ്ക്കും ശിൽപയ്ക്കുമായി വീതിച്ചു കൊടുക്കും.  

ജിലേബിയും പെൺകുട്ടികളും ഒരുപോലെയാണ്. തുല്യമായി വീതിക്കാൻ ശ്രമിച്ചാൽ തനി സ്വഭാവം പുറത്തെടുക്കും.  ബലം പ്രയോഗിച്ചാൽ വളയുമെങ്കിലും കൃത്യമായി ഒടിയില്ല. ഏതെങ്കിലും ഒരു കഷണം വലുതായിരിക്കും. എന്തായാലും അധികം കഴിക്കുന്നയാൾ രോഗിയാവുകയും ചെയ്യും. 

വലിയ കഷണം ജിലേബി കിട്ടുന്നയാൾ വെയിലു പോലെ ചിരിക്കും. ചെറുതായിപ്പോകുന്നയാൾ മഴ പോലെ കരയും. വെയിലും മഴയും ഒരേ കുട കൊണ്ട് തങ്കബാലു മാനേജ് ചെയ്യും !

അങ്ങനെ ആ കട അനുദിനം വലുതായി വന്നു. 

ഒരു ദിവസം തങ്കബാലുവിന് വിവാഹപ്രായമായി. മുന്നിൽ രണ്ടു സുന്ദരികൾ ! വിവാഹത്തിന് രണ്ടുപേരും ഒരുപോലെ റെഡിയാണ്. ആരെ തള്ളും, ആരെ കൊള്ളും ? 

തങ്കബാലു പല വിധ പരീക്ഷണങ്ങൾ നടത്തി നോക്കി. 

ഒരു ദിവസം സന്ധ്യയ്ക്ക് മറീന ബീച്ചിൽപ്പോയി ശിൽപ, ജ്വാല എന്ന് മണലിൽ എഴുതി മാറി നിന്നു വാച്ച് ചെയ്തു. ആരുടെ പേര് തിര വന്നു തുടച്ചു മാറ്റുമെന്നറിയട്ടെ.  മറ്റെയാളെ വിവാഹം കഴിക്കാമല്ലോ. അന്ന് വേലിയിറക്കത്തിന്റെ ദിവസമായിരുന്നു.  തിരകൾ പേരുകളുടെ അടുത്തേക്കു പോലും വന്നില്ല. 

തിരകളുടെ മറുപടിയിൽ വിശ്വാസം വരാതെ അന്നു സന്ധ്യയ്ക്ക് തങ്കബാലു മുരുകന്റെ കോവിലിൽ പോയി. ദീപാരാധനയ്ക്കു നടയടച്ച സമയമായിരുന്നു.  നടതുറന്നപ്പോൾ തങ്കബാലു ഞെട്ടിപ്പോയി.   മുരുക ഭഗവാന്റെ ഇടത്തും വലത്തും രണ്ടു ദേവിമാർ‌ – വള്ളിയും  ദേവസേനയും !

അന്ന് കോവിലിൽ മുരുക ഭഗവാന്റെ തിരുമണത്തിരുവിഴ ആഘോഷത്തിന്റെ ദിവസമായിരുന്നു. ഭഗവാൻ രണ്ടു ഭാര്യമാരോടൊപ്പം ഭക്തർക്ക് ദർശനം നൽകുന്ന ദിവസം.

ഇതിൽക്കൂടുതൽ നല്ല ശകുനം വേറെന്തു വേണം !

തങ്കബാലുവിന് ക്ഷേത്രത്തിൽ നിന്നു പ്രസാദമായി കിട്ടിയതാവട്ടെ വലിയൊരു ലഡു ! പിറ്റേന്ന് രാവിലെ ശിൽപയെയും ജ്വാലയെയും അടുത്തു വിളിച്ചു തങ്കബാലു സ്നേഹത്തിന്റെ ലഡു പങ്കുവച്ചു. ലോക ചരിത്രത്തിൽ അന്ന് ആദ്യമായി ഒരു ലഡു കിറുകൃത്യം നേർ പകുതിയായി മുറിഞ്ഞു ! 

വിവാഹം കഴിഞ്ഞതോടെ തങ്കബാലു ലഡു മുറിക്കുന്ന പരിപാടി നിർത്തി. കച്ചവടത്തിൽ വച്ചടി വച്ചടി കയറ്റം.തമിഴ്നാട്ടിൽ പലയിടത്തും കടകൾ തുറന്നു. 

ഈയിടെ തമിഴ് ചാനലിലെ ഒരു ടിവി ഷോയിൽ അതിഥിയായിട്ടാണ് തങ്കബാലുവിനെ കണ്ടത്. 

രണ്ടു ഭാര്യമാർ, കൈനിറയെ പണം, പ്രശസ്തി.  ദാമ്പത്യം വിജയകരമാക്കാൻ തങ്കബാലുവിന്റെ ടെക്നിക് ? അതായിരുന്നു ആങ്കറിന്റെചോദ്യം. 

തങ്കബാലു പഴയ സംഭവം ഓർമിച്ചു.. ഒരിക്കൽ എന്റെ തുണിക്കടയിൽ ഒരാൾ അണ്ടർവെയർ വാങ്ങാൻ വന്നു. അയാൾ ചോദിച്ചത് ഒരെണ്ണം.  കൊടുത്തുവിട്ടത് മൂന്ന്. അയാൾ നല്ല സന്തോഷത്തോടെയാണ് മടങ്ങിപ്പോയത്. കാരണം ഇലാസ്റ്റിക് ഉണ്ടല്ലോ..  കുടുംബജീവിതവും ഒരു ഇലാസ്റ്റിക് ആണല്ലോ !

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam...


MORE IN PENAKATHY