പുറം വേദന കോഹ്‍ലിയുടെ കരിയർ നശിപ്പിക്കുമോ?; ആശങ്ക വേണ്ടെന്നു താരം

സിഡ്നി∙ റെക്കോർഡുകളിൽനിന്ന് റെക്കോർഡുകളിലേക്കു കുതിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ കരിയറിന് പുറം വേദന ഭീഷണിയാകുമോ? 2011 മുതൽ തന്നെ പുറം വേദന അലട്ടുന്നുണ്ടെന്ന കോഹ്‍ലിയുടെ വെളിപ്പെടുത്തലാണ് ആരാധകർക്കിടയിൽ ഈ ചോദ്യമുയർത്തുന്നത്. ഇത്തരം വേദനകളും പരുക്കുകളും എല്ലാ താരങ്ങൾക്കും സംഭവിക്കുന്നതാണെന്ന് പറഞ്ഞ് കോഹ്‍ലി പരുക്കിന്റെ ‘ഗൗരവം’ കുറയ്ക്കാൻ ശ്രമിച്ചെങ്കിലും ആരാധകർക്ക് ആശങ്കയൊഴിയുന്നില്ല.

അടുത്തിടെയായി ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് കോഹ്‍ലി തുടർച്ചയായി വിട്ടുനിൽക്കുന്നത് പരുക്കിന്റെ ഗൗരവ സ്വഭാവമാണ് കാണിക്കുന്നതെന്ന് ഒരു വിഭാഗം ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഈ പരമ്പരകളിലെല്ലാം രോഹിത് ശർമയാണ് ഇന്ത്യയെ നയിച്ചിരുന്നത്.

ബോക്സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ദിനം പുറം വേദന അലട്ടിയതിനെ തുടർന്ന് കോഹ്‍ലി ടീം ഫിസിയോയുടെ സഹായം തേടിയിരുന്നു. ഇതിനു പിന്നാലെ 82 റൺസെടുത്തു പുറത്താകുകയും ചെയ്തു. എന്നാൽ, ഇതൊരു പുതിയ സംഭവമല്ലെന്നും 2011 മുതൽ ഈ വേദന തനിക്കൊപ്പമുണ്ടെന്നുമാണ് കോഹ്‍ലി വെളിപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ നടന്ന ടെസ്റ്റ് പരമ്പരയ്ക്കിടയിലും പുറം വേദനയെ തുടർന്ന് കോഹ്‍ലി ഫീൽഡിങ്ങിനിടെ മടങ്ങിപ്പോയിരുന്നു. ടെസ്റ്റ്, ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ മിന്നുന്ന ഫോമിൽ കളിക്കുന്ന കോഹ്‍ലിയാണ്, സമീപകാല ഇന്ത്യൻ വിജയങ്ങളുടെ മുഖ്യ സൂത്രധാരൻ. അതുകൊണ്ടുതന്നെ ക്യാപ്റ്റൻ മാറിനിൽക്കുന്നത് ഇന്ത്യയ്ക്ക് ആലോചിക്കാൻ പോലും സാധിക്കില്ല.