ജാതകത്തിൽ പൊരുത്തമുണ്ടായിട്ടും വിവാഹജീവിതത്തിൽ പ്രശ്നങ്ങളോ? കാരണം ഇതാണ്!

നല്ല ദാമ്പത്യമുണ്ടാകാൻ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. ദമ്പതിമാർ തമ്മിലുള്ള മാനസിക ഐക്യമാണ് പ്രധാനം.

എന്നാൽ എത്ര ഐക്യമുണ്ടായാലും രോഗങ്ങളും സന്താനദുഃഖവും സാമ്പത്തിക ദുരിതങ്ങളും ചിലപ്പോൾ വില്ലന്റെ വേഷത്തിലെത്തി വിധിയെ തിരുത്താറുണ്ട്. ജാതകം ഒത്തുനോക്കി പൊരുത്തമുണ്ട് എന്നിട്ടും ജീവിതം കുളമായി എന്ന് പറഞ്ഞ് ജ്യോതിഷികളെ വിമർശിക്കുന്നവരും കുറവല്ല. ജാതകച്ചേർച്ചയിലെ അപാകതയാണോ ഈ പ്രശ്നങ്ങൾക്കെല്ലാം കാരണം. ജ്യോതിശാസ്ത്രവുമായി ബന്ധപ്പെടുത്തി ഈ വിഷയത്തെ വിലയിരുത്താം.


സ്ത്രീ പുരുഷന്മാരുടെ ജാതകം ആദ്യമായി പരിശോധിച്ച് അവരുടെ ആയുസ്സിനെ നിർണ്ണയിച്ചശേഷം തമ്മിലുള്ള പൊരുത്തങ്ങൾ, മംഗല്യസ്ഥിതി, പാപസാമ്യം, ദശാസന്ധി, സന്താനലാഭം, ഭാഗ്യം, മറ്റ് ശുഭാശുഭങ്ങൾ ഇവയെല്ലാം ചിന്തിക്കുകയും പ്രശ്നലഗ്നം കൊണ്ട് ഭാവിഫലത്തെ നിർണയിക്കുകയും ചെയ്യണം. അതിനുശേഷമാണ് ദൈവജ്ഞന്‍ വിവാഹത്തെ വിധിക്കേണ്ടത്. ജാതകം ചേർന്നാലും പ്രശ്നവിചാരവും കൂടി നടത്തണം എന്നർഥം.

പ്രശ്ന ലഗ്നത്തിലോ, ഏഴിലോ, എട്ടിലോ ആയി മൂന്ന് പാപഗ്രഹങ്ങളെങ്കിലും, നീചത്തിലോ ശത്രുക്ഷേത്രത്തിലോ ബലഹീനന്മാരായി നിന്നാൽ വധൂവരന്മാർക്ക് വിവാഹാനന്തരം നല്ല ഫലങ്ങൾ ഉണ്ടാകില്ല. ഈ മൂന്ന് ഭാവങ്ങളിലും പാപന്മാരില്ലെങ്കിൽ പ്രശ്നം ശുഭമായിരിക്കും.
ലഗ്നത്തിൽ നിന്ന് 6, 8 ഭാവങ്ങളിൽ ചന്ദ്രനും ആ ചന്ദ്രനിൽ നിന്ന് 6, 8 ലോ ചൊവ്വയും നിന്നാൽ സന്താനം ജനിക്കുന്നതിനു മുമ്പു തന്നെ ഭർത്താവിന് ആയുസ്സ് നഷ്ടമാകാം. 8 വർഷത്തിനകം ഈ ദോഷം അനുഭവിക്കുമെന്ന് ഋഷിമതം.

പ്രശ്നലഗ്നത്തിന്റെ ആറിലോ അഷ്ടമത്തിലോ പാപയോഗത്തോടുകൂടി നിൽക്കുന്ന ചന്ദ്രൻ വിവാഹശേഷം 8 വർഷത്തിനകം ദുരിത അനുഭവങ്ങളെ കൊടുക്കുമെന്ന് സാരാവലിക്കാരന്‍ അഭിപ്രായപ്പെടുന്നു. അതുകൊണ്ട് ഈ ഗ്രഹസ്ഥിതിക്ക് അമിത പ്രാധാന്യമുണ്ട്. ചന്ദ്രനും, ചൊവ്വയും ഒരുമിച്ച് ലഗ്നത്തിലോ ഏഴിലോ നിന്നാൽ ആ ദാമ്പത്യത്തിന് 7 മാസത്തിൽ കൂടുതൽ ദൈർഘ്യമുണ്ടാവില്ല.
ലഗ്നവും, ചന്ദ്രനും ശുഭയോഗ ദൃഷ്ടികളോ ശുഭവർഗ്ഗമോ ഉണ്ടായിരുന്നാൽ ദമ്പതിമാർക്ക് ആയുരാരോഗ്യ സമ്പത്തുക്കളുണ്ടാകും. ഇതുകള്‍ രണ്ടും പാപയോഗ ദൃഷ്ടികളോടും പാപവർഗ്ഗത്തോടും കൂടി വന്നാൽ ഫലം വിപരീതമാകും.
ഏഴാമേടം ചരരാശിയാവുകയും അവിടെ ബുധനും ശനിയും നിൽക്കുകയും ചെയ്താൽ ഭർത്താവ് നപുംസകനായും അന്യദേശവാസിയായും ഭവിക്കും. ഏഴിൽ ശനിദൃഷ്ടിയോടുകൂടി സൂര്യൻ നിന്നാൽ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടും.
സൂര്യനോ കുജനോ ശനിദൃഷ്ടിയോടു കൂടി ഏഴിൽ നിന്നാൽ യൗവനത്തിൽ തന്നെ വൈധവ്യം സംഭവിക്കും. ഏഴിൽ പാപഗ്രഹ ദൃഷ്ടിയോടുകൂടി ശനി നിന്നാൽ കന്യകയായി തന്നെ എന്നും ജീവിക്കേണ്ടിവരും. ശുക്രന് പാപദൃഷ്ടിയുണ്ടായാലും ഏഴിൽ ശനിയും ചൊവ്വയും ഒരുമിച്ചു നിന്നാലും വിവാഹാനന്തരം ഏഴാംമാസത്തിലോ ഏഴാം വർഷത്തിലോ വൈധവ്യം സംഭവിക്കാം.

ഇത്തരത്തില്‍ സങ്കീർണങ്ങളായ അനവധി ഗ്രഹനിലകൾ ഉണ്ട്. അവ വിശദമായി നോക്കാതെ ഫലം പറയുകയും കേവലം സാമ്പത്തിക ലാഭത്തിനായി മാത്രം ശാസ്ത്രം കൈകാര്യം ചെയ്യുകയും ചെയ്യുമ്പോഴാണ് വിപരീത ഫലങ്ങൾ ഉണ്ടാകുന്നത്. ഇത് ശാസ്ത്രത്തിന് ഏൽക്കുന്ന ഉണങ്ങാമുറിവായി അവശേഷിക്കുകയും ചെയ്യുന്നു. ‘വേദസ്യ ചക്ഷു’ എന്നുള്ളതുകൊണ്ട് ജ്യോതിശ്ശാസ്ത്രം ഭാവിയിലേക്കുള്ള വെളിച്ചമാണെന്ന് പകൽ പോലെ സത്യമാകുന്നു. സത്യത്തിന്റെ കണ്ണു മൂടികെട്ടി വളച്ചൊടിച്ച് വികൃതമാക്കുമ്പോഴാണ് നമ്മുടെ സംസ്കാരവും പൈതൃകവും നശിക്കുന്നതെന്ന് ഇത് കൈകാര്യം ചെയ്യുന്ന ജ്യോതിഷികളും ഓർക്കേണ്ടതാണ്.

ജാതകവും പ്രശ്നവും ഒന്നു ചേർന്ന് നോക്കിയാലേ ഫലപ്രവചനം അനുഭവത്തിൽ വരികയുള്ളൂ. അതല്ലാതെയുള്ള പ്രവചനം പാളിയാൽ ശാസ്ത്രത്തിനെ കുറ്റം പറയുന്ന മനോഭാവം ജനങ്ങളും മാറ്റേണ്ടതാണ്.

ലേഖകന്റെ വിലാസം:

ഒ.കെ.പ്രമോദ് പണിക്കർ

പെരിങ്ങോട്, കൂറ്റനാട് വഴി, പാലക്കാട് ജില്ല

Mob: 9846309646

Whatsapp: 8547019646