ഗൃഹാരംഭത്തിന് നല്ല ദിവസം? ഫലമോ?

ജീവിതത്തിലെ ശുഭകാര്യങ്ങൾക്കെല്ലാം നല്ല സമയം നോക്കുന്നവരാണ് നമ്മൾ. ഉത്തമസമയത്തുള്ള ഗൃഹാരംഭം ജീവിതത്തിലുടനീളം നന്മ നിറയ്ക്കും. ഗൃഹനിർമ്മാണത്തിന് അനുയോജ്യമായ മാസങ്ങൾ, ദിനങ്ങൾ,നാളുകൾ, തിഥികൾ എന്നിവ വാസ്തു ശാസ്ത്രത്തിൽ വ്യക്തമായി പറയുന്നുണ്ട് . പുരയിടത്തിൽ ആദ്യം അനുയോജ്യമായ സ്ഥാനം കണ്ടെത്തി കുറ്റിയടിക്കുന്നു . കുറ്റിയടിക്കൽ ഗൃഹാരംഭം അല്ല. ഉത്തമ ദിവസം നോക്കി കല്ലിടുന്നതിനെയാണ് ഗൃഹാരംഭം എന്ന് പറയുക. ഗൃഹനാഥന്റെ അല്ലെങ്കിൽ ഗൃഹനാഥയുടെ നക്ഷത്രത്തിനു യോജിച്ച മുഹൂർത്തത്തിൽ വേണം ഗൃഹനിർമ്മാണം ആരംഭിക്കാൻ.

കിഴക്കു ദര്‍ശനമായി വരുന്ന  വീടിന്റെ നിർമ്മാണം കുംഭത്തിലോ ചിങ്ങത്തിലോ ആരംഭിക്കുന്നതാണ്  ഉത്തമം . ഇത് ധനസമൃദ്ധിക്കു കാരണമാകുന്നു . തെക്ക് ദര്‍ശനമായുള്ള ഗൃഹനിർമാണാരംഭത്തിന് ഇടവവും  വൃശ്ചികവും നല്ലതാണ്. ഇത് സുഖസമൃദ്ധമായ  ജീവിതം പ്രദാനം ചെയ്യുന്നു .പടിഞ്ഞാറ് ദര്‍ശനമായുള്ള  ഗൃഹങ്ങൾ മകരമാസത്തിലാരംഭിക്കുന്നത്‌ ഉത്തമമാണ് .വടക്കു ദര്‍ശനമായി വരുന്നവ തുലാത്തിലോ മേടത്തിലോ ആരംഭിക്കുന്നതാണ് നന്ന്. കോൺ മാസങ്ങളായ മീനം,മിഥുനം ,കന്നി,ധനു എന്നിവ ഗൃഹാരംഭത്തിന് യോജ്യമല്ല.

ദിവസങ്ങളില്‍ ഞായർ ‍, ചൊവ്വ, ശനി എന്നീ ദിവസങ്ങൾ ഗൃഹാരംഭത്തിന് ഒഴിവാക്കുക.തിങ്കളാഴ്ച വീടുപണി തുടങ്ങിയാല്‍ സർവ ഐശ്വര്യങ്ങളുമുണ്ടാകും .ഗൃഹനിർമാണം ബുധൻ, വ്യാഴം ,വെള്ളി എന്നീ ദിനങ്ങളിൽ തുടങ്ങിയാല്‍ സമ്പത്ത് വര്‍ദ്ധിക്കും. 

ഊണ്‍ നാളുകളായ അശ്വതി, രോഹിണി,മകയിരം, പുണര്‍തം, പൂയ്യം, ഉത്രം, അത്തം, ചിത്തിര , ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളില്‍ വീടുപണി തുടങ്ങുന്നത് ഉത്തമമാണ്.

തിഥികളില്‍ ദ്വിതീയ , തൃതീയ, പഞ്ചമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി എന്നിവ ഗൃഹാരംഭത്തിന് പറ്റിയ തിഥികളാണ്.ചതുര്‍ഥി, ചതുര്‍ദശി, സപ്തമി, അഷ്ടമി, നവമി എന്നീ തിഥികൾ  ഒഴിവാക്കുക