അതിശൈത്യത്തിൽ മരവിച്ച് ഊട്ടി; താപനില മൈനസ് രണ്ട് ഡിഗ്രി

അതിശൈത്യത്തിന്റെ പിടിയിലായ ഊട്ടിയിൽ ജനജീവിതം ദുസ്സഹമായി. ചാണ്ടിനല്ല ജല വൈദ്യുത നിലയത്തിൽ മൈനസ് രണ്ട് ഡിഗ്രിയാണു താപനില. ഊട്ടി സസ്യോദ്യാനത്തിൽ പൂജ്യം ഡിഗ്രിയും രേഖപ്പെടുത്തി. ഗ്ലെൻമോർഗൻ മേഖലയിൽ കുഴികളിലെ വെള്ളം ഐസായി. ഉദ്യാനങ്ങളിൽ ചെടികളിൽ  മഞ്ഞു വീണ് കരിഞ്ഞു തുടങ്ങി.പുൽ മൈതാനങ്ങളും ചെടികളും സംരക്ഷിക്കുന്നതിനായി രാവിലെ വെള്ളം നനച്ച് തുടങ്ങി.

പച്ചക്കറി കൃഷിയെ മഞ്ഞു വീഴ്ച സാരമായി ബാധിച്ചു. ക്യാരറ്റ് ഒഴികെയുള്ള എല്ലാ പച്ചക്കറികളും ഉണങ്ങി തുടങ്ങി. പുലർച്ചെയാണ് ഏറ്റവും കൂടുതൽ തണുപ്പ്. തണുപ്പു കാലം ആസ്വദിക്കുവാൻ വിദേശ വിനോദ സഞ്ചാരികൾ ഊട്ടിയിൽ വന്നു തുടങ്ങി. ഫെബ്രുവരി അവസാനം വരെ തണുപ്പ് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.

കരിഞ്ഞുണങ്ങുന്ന പ്രതീക്ഷകൾ

കനത്ത മഞ്ഞു വീഴ്ച്ചയെ തുടർന്ന് തേയില ഉൽപാദനം കുത്തനെ കുറഞ്ഞു. മഞ്ഞു വീഴ്ച്ച ഏറ്റവും കൂടുതൽ ബാധിച്ചത് ഊട്ടി, കൂനൂർ, കോത്തഗിരി പ്രദേശങ്ങളിലാണ്. ഈ ഭാഗങ്ങളിൽ മഞ്ഞ് വീണ് തോട്ടങ്ങൾ പൂർണമായും കരിഞ്ഞ് പോയി. ചില ചെറുകിട തോട്ടങ്ങളിൽ കർഷകർ ജലസേചനം നടത്തുന്നത് മൂലം കരിയാതെ നിൽക്കുന്നുണ്ട്. ജില്ലയിൽ 1200 ഹെക്ടർ സ്ഥലത്തെ ചായ കൃഷി ഉണങ്ങി പോയി. തേയില ഉൽപാദനം കുറഞ്ഞതോടെ തേയില ഫാക്ടറികളും നഷ്ടത്തിലാണ്. ഫാക്ടറികളിൽ 60 ശതമാനം തൊഴിലാളികൾക്ക് തൊഴിൽ നഷ്ടമായിട്ടുണ്ട്.

ഉൽപാദനം കൂടിയ കാലങ്ങളിൽ 30,000 കിലോ വരെ സംസ്കരണം നടത്തിയ ഫാക്ടറികളിൽ ഇന്ന് 2,000കിലോഗ്രാം പച്ചത്തേയിലയാണ് സംസ്കരിച്ചക്കുന്നത്. ജില്ലയിൽ 150 സ്വകാര്യ ഫാക്ടറികളും 16 സഹകരണ തേയില ഫാക്ടറികളും പ്രവർത്തിക്കുന്നുണ്ട്. നഷ്ടത്തിലായ ഒട്ടേറെ തേയില ഫാക്ടറികൾ പൂട്ടിപോയി. മറ്റ് ഫാക്ടറികൾ നഷ്ടം സഹിച്ചാണ് പ്രവർത്തിക്കുന്നത്. മഴ രൂക്ഷമായ രണ്ട് മാസത്തോളം ചായയിൽ നിന്ന് വിളവ് ലഭിച്ചിരുന്നില്ല. സാധാരണ മഴക്കാലത്താണ് ഏറ്റവും കൂടുതൽ വിളവ് ലഭിക്കുന്നത്. 

വേനൽക്കാലത്ത് മഞ്ഞുവീഴ്ചയിൽ തേയില ഉണങ്ങുന്നതോടെ വിളവ് പൂർണമായും നിലയ്ക്കും. തേയിലയ്ക്ക് ന്യായമായ വില ലഭിക്കാത്തതു മൂലം കർഷകരും കർഷക തൊഴിലാളികളും ദുരിതത്തിലാണ്. തോട്ടങ്ങളിൽ  തൊഴിലാളികളെയും കുറച്ചു.പ്രവൃത്തി ദിനങ്ങളും കുറഞ്ഞു. വിളനാശവും വില തകർച്ചയും രൂക്ഷമായിട്ടും കർഷകരുടെയും തൊഴിലാളികളുടെയും സംരക്ഷണത്തിന് സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.

രണ്ട് വർഷമായി നീലഗിരിയിൽ തേയിലയ്ക്ക് പറ്റിയ കാലവസ്ഥയല്ല. പകൽ ചൂട് 32 ഡിഗ്രിക്ക് മുകളിലെത്തുന്നുണ്ട്. ചൂട് കൂടുന്നത് തേയിലയുടെ നിലനിൽപ്പ് അപകടത്തിലാകും. ചായയുടെ വിലത്തകർച്ചയെ തുടർന്ന് തോട്ടങ്ങൾക്ക് സംരക്ഷണവുമില്ലാതായി. വൻകിട തോട്ടങ്ങളെല്ലാം പ്രതിസന്ധിയിലാണ്. 

തോട്ടങ്ങൾ നനയ്ക്കാൻ പ്രകൃതി ദത്തമായ ജലസ്രോതസ്സുകളിൽ നിന്ന് വെള്ളമെടുക്കാൻ വനം വകുപ്പ് അനുവദിക്കില്ല. ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ ജന്മംവിഭാഗം ഭൂമിയിലെ തോട്ടങ്ങളുടെ സംരക്ഷണം പൂർണ്ണമായും നിലച്ചു .മിക്ക തോട്ടങ്ങളിലും കള കയറി നശിച്ച് തുടങ്ങി.