ജപ്പാൻ സാമ്പത്തികമായി കുതിക്കും; ദ്വീപിൽ കണ്ടെത്തിയത് അപൂര്‍വ ധാതുക്കളുടെ വൻ ശേഖരം!

ഈ വര്‍ഷം ആദ്യമാണ് അപൂര്‍വ്വയിനം ധാതുക്കളുടെ വലിയ ശേഖരം ജപ്പാന്‍ തീരത്തു കണ്ടെത്തിയത്. ഏപ്രില്‍ മാസത്തില്‍ നടന്ന ഈ കണ്ടെത്തലിനു ശേഷം വിശദമായ പരിശോധനയിലാണ് ഇവയുടെ അളവ് പ്രതീക്ഷിച്ചതിലും പതിന്മടങ്ങ് അധികമാണെന്നു തിരിച്ചറിഞ്ഞത്. ഇപ്പോഴത്തെ കണക്കു കൂട്ടലനുസരിച്ച് ഈ മേഖലയിലെ ആകെ ധാതുക്കളുടെ അളവ് 2 കോടി ടണ്‍ വരുമെന്നാണ് കണക്കാക്കുന്നത്. അതായത് ഏകദേശം 2700 വരെ ഭൂമിയിലെ മനുഷ്യര്‍ക്കാവശ്യമായ പല വസ്തുക്കളും നിര്‍മിക്കാന്‍ ഈ ധാതുക്കള്‍ പര്യാപ്തമാണെന്നു ഗവേഷകര്‍ പറയുന്നു.

ടോക്കിയോയില്‍ നിന്ന് 1850 കിലോമീറ്റര്‍ കിഴക്കു മാറി സ്ഥിതി ചെയ്യുന്ന മിനാമിതോറി എന്ന ദ്വീപിലാണ് ഈ അപൂർവ ധാതുശേഖരം കണ്ടെത്തിയത്. ജപ്പാന്‍റെ അധീനതയിലുള്ളതും രാജ്യത്തിന്‍റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പെടുന്നതുമായ പ്രദേശമാണിത്. അതു കൊണ്ട് തന്നെ ഈ ധാതുശേഖരം പൂർണമായും ജപ്പാന് അവകാശപ്പെട്ടതാണ്. ലോക സാമ്പത്തികമേഖലയില്‍ തന്നെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പോന്നതാണ് ഈ കണ്ടെത്തലെന്ന് ധാതുഖനന സാങ്കേതിക വിദഗ്ധൻ ജാക് ലിഫ്റ്റണ്‍ പറഞ്ഞു.

അപൂര്‍വ്വ ധാതുക്കളുടെ ഉപയോഗം

സ്മാര്‍ട് ഫോണുകളില്‍ തുടങ്ങി വാഹനങ്ങളുടെ ബാറ്ററികളില്‍ വരെ അപൂര്‍വ ധാതുക്കള്‍ ഉപയോഗിക്കുന്നുണ്ട്. പീരിയോഡിക് ടേബിളില്‍ താഴെ നിന്നു രണ്ടാമത്തെ വരിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവയാണ് റെയര്‍ എർത്ത് മിനറല്‍ അഥവാ അപൂര്‍വ ധാതുക്കള്‍ എന്ന വിഭാഗത്തില്‍ പെടുന്നവ. ജപ്പാനില്‍ കണ്ടെത്തിയ ശേഖരത്തില്‍ ഇവയുടെ ഗണത്തില്‍ പെടുന്ന ടിറിയം എന്ന ധാതു ഇനി 780 വര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ളതുണ്ട്. ഡിസ്പോസിയം 730 വര്‍ഷത്തേക്കും, യൂറോപിയം 620 വര്‍ഷത്തേക്കും ഉപയോഗിക്കാം. 420 വര്‍ഷത്തേക്ക് ഉപയോഗിക്കാനുള്ള ടെര്‍ബിയവും ഈ ശേഖരത്തിലുണ്ട്.

റെയര്‍ എര്‍ത്ത് മിനറല്‍സ് ഭൂമിയില്‍ എല്ലായിടത്തും കാണപ്പെടുന്നവയാണ്. പക്ഷേ മിക്കയിടങ്ങളിലും ചിതറിക്കിടക്കുന്ന രീതിയിലാണ് ഇവ കാണപ്പെടുന്നത്. അതിനാല്‍ തന്നെ ഇവ ഖനനം ചെയ്തെടുത്തുപയോഗിക്കുക എന്നത് സാമ്പത്തികമായി ലാഭകരമല്ല. എന്നാല്‍ ജപ്പാനില്‍ കണ്ടെത്തിയത് ധാതുക്കളുടെ വലിയ ഒരു ശേഖരം തന്നെയാണ്. ലോകത്തെ ഇലക്ട്രോണിക് ഉപകരണ നിര്‍മാണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ജപ്പാനെ സംബന്ധിച്ചിടത്തോളം ഈ കണ്ടെത്തല്‍ സമാനതകളില്ലാത്ത നേട്ടമാണ്.

ചൈനയ്ക്കു തിരിച്ചടി

ഇതുവരെ ലോകത്തെ അപൂർവ ധാതുക്കളുടെ ശേഖരത്തിന്‍റെ വലിയൊരു ഭാഗവും കയ്യടക്കി വച്ചിരുന്നത് ചൈനയായിരുന്നു. ജപ്പാനുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ നിര്‍മ്മാണ മേഖല പോലും ആശ്രയിച്ചു നിന്നിരുന്നത് ചൈനയുടെ ധാതു വിതരണത്തെ ആശ്രയിച്ചായിരുന്നു. ജപ്പാനിലെ ഈ കണ്ടെത്തല്‍ ചൈനയ്ക്കേറ്റ വലിയ തിരിച്ചടിയാണ്. ധാതുക്കള്‍ വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ജപ്പാന്‍  ഇവയുടെ ഉപയോഗത്തില്‍ സ്വയം പര്യാപ്തത നേടുമെന്നു മാത്രമല്ല, മറ്റു ലോകരാജ്യങ്ങള്‍ക്ക് ധാതുക്കളുടെ മുഖ്യ വിതരണക്കാരനാകാനും ജപ്പാനു കഴിയും. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാന്‍ കിണഞ്ഞു ശ്രമിക്കുന്ന ചൈനയെ ഇത് പുറകോട്ടടിക്കും.

അപൂര്‍വ്വ ധാതുക്കളുടെ ഉദ്ഭവം

അഗ്നിപര്‍വ്വത സ്ഫോടനമാണ് നിലവില്‍ ഇത്തരം അപൂർവ ധാതുക്കളുടെ ശേഖരം രൂപം കൊള്ളാനുള്ള കാരണം. എന്നാല്‍ ഭൂമിയില്‍ ഇന്നു കാണപ്പെടുന്ന ധാതുശേഖരമെല്ലാം തന്നെ ഭൂമിയുടെ പരിണാമകാലത്തിനും മുന്‍പുള്ളതാണ്, ഒരു പക്ഷെ ഭൂമി തന്നെ രൂപം കൊള്ളുന്നതിനു  മുൻപ് സംഭവിച്ച സൂപ്പര്‍ നോവ പൊട്ടിത്തറി തന്നെയും ആകാം ഈ ധാതുക്കളെ രൂപപ്പെടുത്തിയത്. പിന്നീട് കോടിക്കണക്കിനു വര്‍ഷങ്ങള്‍തന്നെ നീണ്ടു നിന്ന പ്രതിഭാസങ്ങള്‍ക്കൊടുവിലാണ് ഇന്നു കാണുന്ന  ഉപയോഗയോഗ്യമായ അവസ്ഥയിലേക്ക് ഈ ധാതുക്കള്‍ എത്തിയത്. ഇപ്പോൾ ഈ ധാതുക്കള്‍ ഖനനം ചെയ്യാനും സംസ്കരിച്ചെടുക്കാനും ഏറ്റവും ചിലവു കുറഞ്ഞ മാർഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് ജപ്പാന്‍.