മഴ ആശ്വാസമായി; വായുമലിനീകരണത്തിൽ നേരിയ കുറവ്

അപ്രതീക്ഷിതമായി പെയ്ത മഴയിൽ ഡൽഹി നഗരവാസികൾക്കു വായു മലിനീകരണത്തിൽ നിന്നു നേരിയ ആശ്വാസം. വായു മലിനീകരണ സൂചിക 417ൽനിന്ന് 347 ആയി കുറഞ്ഞു. ഡൽഹിയിലും പരിസരങ്ങളിലും ശനിയാഴ്ച രാത്രിയാണു മഴ പെയ്തത്.ചാറ്റൽ മഴയാണു പെയ്തതെങ്കിലും അന്തരീക്ഷത്തിലെ പൊടിയടങ്ങാനും വായു ശുദ്ധമാകാനും സഹായകമായി. എങ്കിലും ഇപ്പോഴും വായു നിലവാരം അപകടനിലയിൽ തന്നെയാണ് തുടരുന്നത്.വായു നിലവാര സൂചിക 100–200 എന്ന നിലയിലേക്ക് എത്തിയാൽ മാത്രമേ ഗണ്യമായ കുറവുണ്ടായി എന്നു വിലയിരുത്താൻ സാധിക്കൂവെന്നാണു കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ പറയുന്നത്.

ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം, നോയിഡ എന്നീ സ്ഥലങ്ങളിലാണ് നഗരത്തിൽ ഏറ്റവും രൂക്ഷമായ വായു മലിനീകരണം അനുഭവപ്പെടുന്നത്.വരും ദിവസങ്ങളിലും ഇടവിട്ട് മഴയുണ്ടാകുമെന്നാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇതു വായുമലിനികരണം കുറയ്ക്കാൻ സഹായകമാവും.മഴപെയ്തതോടെ വരും ദിവസങ്ങളിൽ തണപ്പുകൂടാനും  മൂടൽമഞ്ഞിനും സാധ്യതയുണ്ട്. തണുപ്പും മലിനീകരണവും കാരണം പനിയും ചുമയും ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ കാര്യമായി വർധനയുണ്ട്.