2018 ല്‍ ഭൂമുഖത്തു നിന്ന് അപ്രത്യക്ഷരായ ജീവികള്‍

സംരക്ഷണ ശ്രമങ്ങള്‍ ലോകവ്യാപകമായി നടക്കുമ്പോഴും ഭൂമിയിലെ ജൈവവൈവിധ്യം നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്. എല്ലാ വര്‍ഷവും ഭൂമിയില്‍ നിന്ന് അറിഞ്ഞും അറിയാതെയും അപ്രത്യക്ഷമാകുന്നത് നിരവധി ജീവിവർഗങ്ങളാണ്. വലിയ ജീവിവർഗങ്ങള്‍ ഇല്ലാതാകുന്നതു ശ്രദ്ധിക്കപ്പെടുമ്പോൾ  പ്രാണികള്‍ ഉള്‍പ്പടെയുള്ള ചെറുജീവികളുടെ വംശനാശം തിരിച്ചറിയപ്പെടാതെ പോകുന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. ഇത് അംഗീകരിച്ചു കൊണ്ടു തന്നെ 2018ല്‍ വംശനാശം സംഭവിച്ചതായി ശാസത്രലോകം സ്ഥിരീകരിച്ച ജീവികള്‍ താഴെ പറയുന്നവയാണ്.

സ്പിക്സ് മാക്വാവ് തത്തകള്‍

റിയോ എന്ന ചിത്രത്തിലൂടെ ലോകത്തെല്ലാവര്‍ക്കും പ്രിയങ്കരമായ തത്തകളാണ് സ്പിക്സ് മാക്വാവ് തത്തകള്‍. എന്നാല്‍ ഇനി ഇവയുടെ സ്വാഭാവിക വാസസ്ഥലമായ തെക്കേ അമേരിക്കന്‍ കാടുകളില്‍ ഒരു സ്പിക്സ് മക്വാവ് പോലും അവശേഷിക്കുന്നില്ല. കഴിഞ്ഞ എട്ട് വര്‍ഷമായി വനത്തില്‍ ഇവയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇവയ്ക്കു വംശനാശം സംഭവിച്ചെന്നു ശാസ്ത്രലോകം പ്രഖ്യാപിച്ചത്.

അലഗോസ് ഫോലിയേജ് ഗ്ലീനര്‍

തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ കണ്ടു വന്നിരുന്നവയാണ് അലഗോസ് ഫോലിയേജ് ഗ്ലീനര്‍. കുയിലുള്‍പ്പടെയുള്ള പാട്ടു പാടുന്ന കിളികളുടെ ഗണത്തില്‍ പെടുന്ന അലഗോസ് ഫോലിയേജ് ഗ്ലീനറിനെ 1979 ലാണ് ആദ്യമായി തിരിച്ചറിഞ്ഞത്. രണ്ടായിരാമാണ്ട് പിന്നിട്ടപ്പോഴേക്കും വംശനാശത്തിന്‍റെ വക്കിലേക്കു വഴുതി വീണ ഈ കിളികള്‍ക്കു വില്ലനായത് വനനശീകരണമാണ്. ഇവയെ കണ്ടു വന്നിരുന്ന അലഗോസ മേഖലയിലും, പെര്‍ണുമ്പുക്കോയിലും ഏതാനും വര്‍ഷങ്ങളായി തിരിച്ചില്‍നടത്തുന്നുണ്ടെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് ഇവയേയും വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയിലേക്കു ഗവേഷകര്‍ ഉള്‍പ്പെടുത്തിയത്.

കിഴക്കന്‍ പര്‍വത സിംഹം

കൂഗര്‍, പ്യൂമ, പര്‍വ്വത സിംഹം എന്നീ പേരിലറിയപ്പെടുന്ന പുലി വർഗത്തില്‍ പെട്ട ജീവികള്‍ മെക്സിക്കോ മുതല്‍ കാനഡ വരെയുള്ള അമേരിക്കന്‍ മേഖലയില്‍ കാണപ്പെടുന്നവയാണ്. ഈ ഇനത്തില്‍ പെട്ട ഈസ്റ്റേണ്‍ കൂഗറാണ് കഴിഞ്ഞ വര്‍ഷം ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായി എന്നു സ്ഥിരീകരിക്കപ്പെട്ട ജീവി. 

നോര്‍ത്തേണ്‍ വൈറ്റ് റൈനോ

കഴിഞ്ഞ വര്‍ഷം സംഭവിച്ചതിലെ ഏറ്റവും ലോകശ്രദ്ധയാകര്‍ഷിച്ച വംശനാശമായിരുന്നു നോർതേണ്‍ വൈറ്റ് റൈനോയുടേത്. സുഡാന്‍ എന്ന ആണ്‍ കാണ്ടാമൃഗത്തിന്‍റെ മരണവാര്‍ത്ത ലോകത്തെ എല്ലാ മാധ്യമങ്ങളുടെയും തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചു. ഇനി ഈ വംശത്തില്‍ രണ്ട് പെണ്‍ കാണ്ടാമൃഗങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും നോർതേണ്‍ വൈറ്റ് റൈനോയെ തിരികെയെത്തിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് ഇവയേയും വംശനാശം സംഭവിച്ച പട്ടികയിലേക്ക് ഉള്‍പ്പെടുത്തിയത്. 

വംശനാശത്തിന്‍റെ വക്കിലേക്കെത്തിയ ജീവികള്‍

വക്വിറ്റാ

പ്രപ്പോയിസ് ഇനത്തില്‍ പെട്ട സസ്തനികളായ സമുദ്രജീവികളാണ് വക്വിറ്റകള്‍. കാഴ്ചയില്‍ ഡോള്‍ഫിനോടു സാമ്യം തോന്നുമെങ്കിലും ജനിതകപരമായി വലിയ അന്തരങ്ങള്‍ ഇരുജീവികള്‍ക്കുമിടയിലുണ്ട്. ലോകത്ത് ഇനി അവശേഷിക്കുന്നത് 12 വക്വിറ്റകള്‍ മാത്രമാണ്. അതു കൊണ്ട് തന്നെ ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഇവയുടെ വംശനാശം പൂർണമാകുമെന്നാണു ഗവേഷകര്‍ ആശങ്കപ്പെടുന്നത്.

ടപാനുള്ളി ഒറാങ് ഉട്ടാന്‍

2017 ല്‍ മാത്രം ഗവേഷകര്‍ തിരിച്ചറിഞ്ഞ ഒറാങ്ങ് ഉട്ടാന്‍ വിഭാഗമാണിത്. അന്നു മുതല്‍ തന്നെ ഇവയെ ഉള്‍പ്പടുത്തിയിരിക്കുന്നത് വംശനാശത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്ന ജീവികളുടെ പട്ടികയിലാണ്. ഇവ കാടുകളില്‍ എത്രയെണ്ണം ഉണ്ടെന്നു പോലും സ്ഥിരീകരിക്കാന്‍ ഗവേഷകര്‍ക്കു സാധിച്ചിട്ടില്ല. ഇതുവരെ ഈ വിഭാഗത്തില്‍ പെട്ട 2 ഒറാങ് ഉട്ടാനുകളെയാണ് കാടുകളില്‍ കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ജീവിവർഗത്തിനും ഇനി അധികകാലം ഭൂമിയില്‍ ആയുസ്സുണ്ടാകില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

ചൈനീസ് ജയന്‍റ്  സലാമണ്ടര്‍

പല്ലിയുടെ രൂപവും മുതലയുടെ വലിപ്പവുമുള്ള സലാമണ്ടര്‍ ഇനത്തില്‍ പെട്ട ജീവികള്‍ ഇനി അവശേഷിക്കുന്നത് അമേരിക്ക, ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലാണ്. ഇവയില്‍ ചൈനീസ് സലാമാണ്ടറാണ് വൈകാതെ വംശനാശം സംഭവിക്കുമെന്നു ശാസ്ത്രലോകം ഭയക്കുന്ന മറ്റൊരു ജീവി. ഭൂമിയില്‍ ഇന്ന് നിലവിലുള്ള ജീവവർഗങ്ങളില്‍ ഏറ്റവും പഴക്കം ചെന്നവയെന്നു വിശ്വസിക്കപ്പെടുന്ന ജീവവർഗമാണ് സലമാണ്ടറുകള്‍. ആവാസവ്യവസഥയില്‍ സംഭവിച്ച മാറ്റങ്ങളാണ് ഈ ജീവികളെ ഇല്ലാതാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത്.

വെസ്റ്റേണ്‍ മൊണാര്‍ക്ക് ചിത്രലശലഭങ്ങള്‍

അമേരിക്കയില്‍ കാണപ്പെടുന്ന ഈ ചിത്രശലഭങ്ങളുടെ 97 ശതമാനവും ഇതിനോടകം ഇല്ലാതായി കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇവയും ഇനി അധികനാള്‍ഭൂമിയില്‍ ശേഷിക്കുമെന്നു ഗവേഷകര്‍ പ്രതീക്ഷിക്കുന്നില്ല. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും സൃഷ്ടിച്ച പ്രത്യാഘാതങ്ങളാണ് ഈ ചിത്രശലഭങ്ങളെ ഇല്ലാതാക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചത്.