ഭൂമി നാശത്തിന്റെ വക്കിൽ; കാലാവസ്ഥാ ദുരന്തത്തെ മറികടക്കാനാവുമോ?

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും ഒഴിവാക്കാന്‍ ഒട്ടേറെ അവസരങ്ങളുണ്ടായിട്ടും അവയെല്ലാം കളഞ്ഞു കുളിച്ചു ഭൂമിയെ വലിയൊരു ദുരന്തത്തിന്‍റെ വക്കിലെത്തിച്ചിരിക്കുകയാണു മനുഷ്യര്‍. ഒരു പക്ഷെ അപകടകരമായ തോതിലേക്കു ഭൂമിയിലെ താപനില ഉയരുന്നതിനു തൊട്ട് മുന്‍പുള്ള കാലത്തിലൂടെയാണു നാം ഇപ്പോള്‍ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പരമാവധി അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ കാലവധി അവസാനിക്കും. അതിനു ശേഷം നിലവിലെ അന്തരീക്ഷ താപനിലയിലേക്കു ഭൂമിയെ തിരിച്ചു കൊണ്ടുവരിക അസാധ്യമാണ്. ഈ സാഹചര്യത്തിലാണ് അനിവാര്യമെന്നു കരുതിയിരിക്കുന്ന കാലാവസ്ഥാ ദുരന്തത്തെ ഒഴിവാക്കാന്‍ ഒരു അവസാന വഴി ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ആഗോളതാപനില വ്യവസായവൽക്കരണ കാലഘട്ടത്തേക്കാളും രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതല്‍ വർധിക്കാതെ നോക്കിയാല്‍ മാത്രമെ ദുരന്തം ഒഴിവാക്കാനാകൂ എന്നതാണ് ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിരിക്കുന്നത്. 2015 ല്‍ നടന്ന പാരിസ് ഉച്ചകോടിയും 2 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ആഗോള താപനില നിയന്ത്രിക്കുക എന്ന ലക്ഷ്യമാണു മുന്നോട്ടു വച്ചത്. എന്നാല്‍ ഇതിനു വേണ്ടി ലോകരാജ്യങ്ങള്‍ കൈക്കൊള്ളേണ്ട നിയന്ത്രണങ്ങള്‍ ഇതുവരെ നിലവില്‍ വന്നിട്ടില്ല. മാത്രമല്ല ആഗോളതാപനത്തിനു കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനം നിരന്തരം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതോടെയാണ് തിരിച്ചു വരാനാകാത്ത വിധമുള്ള മാറ്റങ്ങള്‍ ലോക കാലാവസ്ഥയില്‍ ഉറപ്പായും ഉണ്ടാകുമെന്ന് ഏവരും ആശങ്കപ്പെടുന്നത്.

പുതിയ പോംവഴി

കാലാവസ്ഥാ വ്യതിയാനത്തിന് ഒരു സംഘം ഗവേഷകര്‍ മുന്നോട്ടു വച്ച പുതിയ പോംവഴി അനുസരിച്ച് ആഗോളതപാനം 1.5 ഡിഗ്രി സെല്‍ഷ്യസായി തന്നെ നിയന്ത്രിക്കാന്‍ കഴിയും. കാലാവസ്ഥാ ദുരന്തത്തിന്‍റെ ആഘാതം ഏറ്റവും കുറഞ്ഞ തോതില്‍ മാത്രം അനുഭവപ്പെടാന്‍ പാരിസ് ഉച്ചകോടി മുന്നോട്ടു വച്ച ലക്ഷ്യമാണ് 1.5 ഡിഗ്രി സെല്‍ഷ്യസ്. പുതിയ പഠനം അനുസരിച്ച് ആഗോളതാപനിലയില്‍ വർധനവ് 1.5 ഡിഗ്രി സെല്‍ഷ്യസായി നിയന്ത്രിക്കാന്‍ 64 ശതമാനം സാധ്യതയാണുള്ളത്. 

ലീഡ്സ് സര്‍വ്വകലാശാലയിലെ കാലാവസ്ഥാ വിഭാഗം ഗവേഷകനായ ക്രിസ് സ്മിത്തും സംഘവുമാണ് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദൂഷ്യഫലങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനായുള്ള ഈ പോംവഴി മുന്നോട്ട് വച്ചത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ മുഖ്യ പങ്കു വഹിക്കുന്ന പെട്രോളിയം ഉൽപന്നങ്ങള്‍ ഉപയോഗിക്കുന്ന വ്യവസായങ്ങള്‍ അധികം വൈകാതെ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുക എന്നതാണ് ക്രിസ് സ്മിത്ത് മുന്നോട്ടു വയ്ക്കുന്ന ആവശ്യം. ഇതില്‍ പവര്‍ പ്ലാന്‍റുകള്‍ മുതല്‍ കാറുകളും വിമാനങ്ങളും വരെ ഉള്‍പ്പെടുന്നു. 

2019 അവസാനത്തോടെ ഈ ലക്ഷ്യം നടപ്പാക്കാനായാല്‍ ആഗോളതാപനത്തെ 1.5 ഡിഗ്രി സെല്‍ഷ്യസിനു താഴെയായി നിയന്ത്രിക്കാന്‍ മൂന്നില്‍ രണ്ട് സാധ്യതയുണ്ടെന്നു ക്രിസ് സ്മിത്ത് പറയുന്നു. പക്ഷെ ഇത് നടപ്പിലാക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടിറങ്ങേണ്ടി വരും. മാത്രമല്ല  കാറുകള്‍ ഉപയോഗിക്കാതാരിക്കുക എന്നതും കല്‍ക്കരി ഉള്‍പ്പടെയുള്ള പെട്രോളിയം ഇന്ധനങ്ങള്‍ ഉപയോഗിച്ചു നിർമിക്കുന്ന വൈദ്യുതി ഉപേക്ഷിക്കാനുള്ള തീരുമാനവും ലോക ജനതയുടെ ആകെ പിന്തുണയില്ലാതെ നടപ്പിലാക്കാന്‍ കഴിയില്ല.

ഇത്തരമൊരു തീരുമാനം ഉണ്ടാകുക ഏതാണ്ട് അസാധ്യമായതു കൊണ്ട് തന്നെ ക്രിസ് സ്മിത്ത് മറ്റൊരു സാധ്യത കൂടി മുന്നോട്ടു വയ്ക്കുന്നുണ്ട്. പെട്രോളിയം ഉൽപന്നങ്ങള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഒന്നും പുതുതായി നിര്‍മ്മിക്കാതാരിക്കുക. വാഹനങ്ങള്‍ എല്ലാം വൈദ്യുതി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന നിലയിൽ നിര്‍മ്മിക്കുക. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വൈദ്യുത നിലയങ്ങള്‍ ആണവോര്‍ജ നിലയങ്ങളാക്കി മാറ്റുക.ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ 2030 ഓടെ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ സാരമായ കുറവു വരുത്താന്‍ സാധിക്കുമെന്നാണ് ക്രിസ് സ്മിത്ത് പറയുന്നത്. ഇതോടെ ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ഉയരാതെ നിയന്ത്രിക്കാനാകുമെന്നും സ്മിത്ത് ചൂണ്ടിക്കാട്ടുന്നു. 

പക്ഷെ സ്മിത്തിന്‍റെ ഈ പോംവഴി ഏറെക്കുറെ ഉട്ടോപ്യന്‍ സങ്കല്‍പ്പമാണെന്നു ശാസ്ത്രലോകത്തു നിന്നു തന്നെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഇതു വരെയുള്ള താരതമ്യേന ലളിതമായ ലക്ഷ്യങ്ങള്‍ പോലും നേടാന്‍ കഴിയാത്ത ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ സ്മിത്ത് മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യങ്ങള്‍ ഒരിക്കലും പ്രാപ്യമല്ലെന്നും ഇവര്‍ വിശദീകരിക്കുന്നു.