വന്യമൃഗശല്യം രൂക്ഷം; മൃഗങ്ങൾ കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നതിനു പിന്നിൽ?

ആകെ വിസ്തീർണത്തിന്റെ 42 ശതമാനത്തോളം വനമായ വയനാട്ടിൽ മുൻപെങ്ങും ഇല്ലാത്തവിധം വന്യമൃഗശല്യം രൂക്ഷമാകുന്നു. വനാതിർത്തികളോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിൽ മനുഷ്യ–വന്യജീവി സംഘർഷം പതിവായി. പകൽപോലും കാട്ടാനകളും കടുവകളും പുലികളും ജനവാസ കേന്ദ്രങ്ങളിലെത്തുകയാണ്. ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കാതെ വനമേഖലകളിലെ മനുഷ്യജീവിതം കടുത്ത പ്രതിസന്ധി നേരിടുന്നു. മനുഷ്യവാസമുണ്ടായ കാലം മുതൽ വയനാട്ടിൽ വന്യമൃഗങ്ങളുമുണ്ടായിരുന്നു. 

പക്ഷെ, അക്കാലത്തുണ്ടാവാത്ത വിധത്തിലുള്ള സംഘർഷങ്ങളാണ് വനാതിർത്തികളിൽ നടക്കുന്നത്. കൃഷിയും മൃഗപരിപാലനവും പ്രധാന ജീവിതമാർഗമായിരുന്ന കർഷകരാണ് വന്യമൃഗശല്യം കാരണം പൊറുതിമുട്ടിയത്. കിഴങ്ങു കൃഷി ചെയ്താൽ കാട്ടുപന്നി ശല്യം, ആടുമാടുകളെ പിടികൂടാൻ കടുവകൾ, വയലുകളിൽ മാനുകളും മയിലുകളും. വന്യമൃഗങ്ങളെ ഭയന്ന് കൃഷി ഇറക്കാനാകാതെ കൃഷി ഉപേക്ഷിച്ചവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.

വന്യമൃഗങ്ങൾ നാട്ടിലേക്ക്

വനവിസ്തൃതി കുറഞ്ഞതും വന്യമൃഗങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയും ആവശ്യമായ ഭക്ഷണം വനത്തിലിലില്ലാത്തതുമാണ് വന്യമൃഗശല്യം രൂക്ഷമാകാൻ കാരണം. അവയുടെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റവും വന്യമൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമാണ്. വരൾച്ചയും മുളയുടെ നാശവും വനത്തിനുള്ളിൽ കാട്ടാനകൾക്ക് ഭക്ഷണമില്ലാതാക്കി. വനത്തിൽ പിടിമുറുക്കിയ അധിനിവേശ സസ്യങ്ങളുടെ സാന്നിധ്യവും മൃഗങ്ങൾക്കു ഭീഷണിയായി. പച്ചപ്പ് തേടി കാട്ടാനകൾ കൂട്ടത്തോടെ ജനവാസ കേന്ദങ്ങളിലേക്കെത്താനും കാരണമിതാണ്.

പ്രതിരോധ നടപടികൾ കടലാസിൽ

വനാതിർത്തികളിലെ കമ്പിവേലികളും കിടങ്ങുകളുമൊക്കെ കടന്ന് വന്യമൃഗങ്ങൾ നാട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുമ്പോഴും ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കാതെ ബന്ധപ്പെട്ട അധികൃതർ മൗനം തുടരുകയാണ്. ജില്ലയിലെ രൂക്ഷമായ വന്യമൃഗശല്യത്തിനു പരിഹാരം കാണാനായി കോടിക്കണക്കിനു രൂപയുടെ പദ്ധതികളാണ് ഓരോ വർഷവും പ്രഖ്യാപിക്കുന്നത്. 

എന്നാൽ, അവയിൽ ഭൂരിഭാഗവും ഫയലുകളിൽ തന്നെ ഉറങ്ങി കിടക്കുകയാണ്. നടപ്പിലാക്കിയ പദ്ധതികളാകട്ടെ അധികൃതരുടെ അഴിമതിയും കെടുകാര്യസ്ഥതയും കാരണം തുടക്കത്തിലേ പാളി. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ വർഷങ്ങൾക്കു മുൻപ് സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, ഇതുവരെയായിട്ടും ഉത്തരവ് നടപ്പാക്കാൻ വനംവകുപ്പ് പച്ചക്കൊടി കാണിച്ചിട്ടില്ല.

കാടിറങ്ങുന്നത് തോറ്റ കടുവകൾ

അധീനപ്രദേശ പരിധി നിലനിർത്തി റോന്തു ചുറ്റുന്ന സ്വഭാവമുള്ള ടെറിട്ടോറിയൽ മൃഗമാണു കടുവ. 25 മുതൽ 100 കിലോമീറ്റർ വരെയാണ് സാധാരണ അധീന പരിധിയായി കണക്കാക്കുന്നത്. ഒരു അധീന പരിധിയിൽ മറ്റൊരു ആൺകടുവയെത്തിയാൽ അവ തമ്മിൽ ആക്രമിക്കും. വിജയിക്കുന്ന കടുവ അവിടെ തുടരും. തോൽക്കുന്നവൻ പുറന്തള്ളപ്പെടും. ഇതുപോലെ പുറത്തെത്തുന്ന കടുവകളാണ് നേരെ നാട്ടിലേക്കിറങ്ങുന്നത്. കടുവകൾ തമ്മിൽ ആക്രമണമുണ്ടാകുമ്പോൾ പരസ്പരം പരുക്കുകളേൽക്കും. 

കൂടുതൽ പരുക്കേറ്റയാൾക്കു ഇര പിടിക്കാൻ കഴിയാതെയാകും. ഇര പിടിക്കാൻ കഴിയാത്ത കടുവകൾ നാട്ടിലിറങ്ങി മനൃഷ്യരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കും. നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ പിടികൂടി ഭക്ഷിക്കുന്നത് ശീലമായാൽ അവ പിന്നെ കാട്ടിലേക്ക് മടങ്ങാറില്ല. കടുവകളുടെ എണ്ണത്തിൽ വർധനയുണ്ടായാലും കടുവ കാടിനു വെളിയിൽ വരും. 

വയനാടിന്റെ വടക്ക്, പടിഞ്ഞാറ് ഭാഗത്ത് കർണാടകയിലെ നാഗർഹൊള കടുവാസങ്കേതവും വനവുമാണ്. തെക്ക്, കിഴക്ക് ഭാഗത്ത് കർണാടകയിലെ ബന്ദിപ്പൂർ, തമിഴ്നാട്ടിലെ മുതുമല കടുവാസങ്കേതങ്ങളുമുണ്ട്. ഇൗ മേഖലകളിൽ നിന്നുള്ള കടുവകളും തീറ്റ തേടി വയനാടൻ കാടുകളിലെത്താറുണ്ട്. ഇവ കൂടി എത്തുന്നതോടെയാണ് വനത്തിനുള്ളിൽ സംഘർഷം രൂക്ഷമാകുന്നത്. ഉൾക്കൊള്ളാനാവുന്നതിനേക്കാൾ കൂടുതൽ എത്തുന്നതോടെ കടുവകൾ കാടിറങ്ങി തുടങ്ങും.

കൂട്ടിനു പുലികളും

കഴിഞ്ഞ 5 ദിവസത്തിനിടെ 2 പുലികളെയാണ് ജില്ലയിൽ നിന്നു പിടികൂടിയത്. കഴിഞ്ഞ 18ന് പുലർച്ചെ ഗൂഡലായ്കുന്നിലെ സ്വകാര്യ എസ്റ്റേറ്റിനുള്ളിൽ വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ വീണ പുലിയാണ് ആദ്യത്തേത്. 4 വയസ്സ് പ്രായം തോന്നിക്കുന്ന പെൺപുലിയാണ് കുടുങ്ങിയത്. 

തുടർന്നു പുലിയെ മുത്തങ്ങയിലെ ഉൾവനത്തിൽ തുറന്നുവിട്ടു. കൽപറ്റ ബൈപാസ് റോഡിനോട്  ചേർന്ന ഇൗ മേഖലയിൽ പുലി ശല്യം രൂക്ഷമാണ്. ഒട്ടേറെ വളർത്തുമൃഗങ്ങളും പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നാട്ടുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് കഴിഞ്ഞ 15ന് വൈകിട്ടോടെ പുലിയെ പിടികൂടാനായി വനംവകുപ്പ് കൂട് സ്ഥാപിച്ചത്.

മരത്തിനു മുകളിൽ ഏകനായി പുലി

വനത്തിനുള്ളിൽ തീറ്റ കുറഞ്ഞതായിരിക്കാം പുലികളെയും നാട്ടിലേക്ക് ആകർഷിക്കുന്നത്. പുലികൾ ഏകാന്ത സഞ്ചാരിയാണ്. കൂടുതൽ സമയവും ഇവ മരത്തിനു മുകളിലായിരിക്കും കഴിച്ചു കൂട്ടുക. വേട്ടയാടിയ ഇരയെ മരത്തിനു മേലേ കൊണ്ടു വയ്ക്കുന്നത് പുലികളുടെ ശീലമാണ്. കടുവയും സിംഹവും മരം കയറുമെങ്കിലും ശരീരഭാരം കൂടുതലായതിനാൽ അവയ്ക്കു അധികദൂരം കയറാൻ സാധിക്കില്ല. അതേസമയം, പുലികൾ അവയുടെ ശരീരഭാരത്തിന്റെ മൂന്നിരട്ടി അധിക ഭാരമുള്ള ഇരയുമായി എളുപ്പത്തിൽ മരത്തിനു മുകളിൽ കയറും.

രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് ഒരു കടുവയെയും 2 പുലികളെയും

ബത്തേരി തേലംപറ്റയിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ  കഴിഞ്ഞ 15 ന് രാത്രിയിലാണ് കടുവ കുടുങ്ങിയത്. കടുവയെ തിരുവനന്തപുരം നെയ്യാറിലെ വന്യജീവി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. കൽപറ്റ ഗൂഡലായ്കുന്ന്, മേപ്പാടി താഴെഅരപ്പറ്റ എന്നിവിടങ്ങിളിൽ നിന്നാണ് പുലികളെ പിടികൂടിയത്. കഴിഞ്ഞയാഴ്ച പുൽപള്ളി മരക്കടവിലെ ജനവാസ കേന്ദ്രങ്ങളിൽ പരിഭ്രാന്തി പരത്തിയ കടുവയെ വനപാലകരും നാട്ടുകാരും ചേർന്ന് കബനി നദി കടത്തി കർണാടക വനത്തിലേക്ക് തുരത്തിയിരുന്നു.

അരപ്പറ്റയിലെ കെണിയിൽ കുടുങ്ങിയത് 3 വയസ്സുള്ള പെൺപുലി

മേപ്പാടി താഴെ അരപ്പറ്റയിലെ തേയില തോട്ടത്തിലെ കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ പുലിയെ വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയിരുന്നു. 3 വയസ്സ് തോന്നിക്കുന്ന പെൺപുലിയാണ് കുടുങ്ങിയത് . 

ജനവാസ കേന്ദ്രത്തോട് ചേർന്ന തേയില തോട്ടത്തിൽ  കേബിൾ വയറിന്റെ കുരുക്കിൽ  കുടുങ്ങിയ നിലയിലായിരുന്നു പുലി. നേരത്തെയും  പുലിയുടെ സാന്നിധ്യമുണ്ടായ മേഖല കൂടിയാണിത്. രാവിലെ ജോലിക്ക് പോകുന്ന തൊഴിലാളികളാണു കാട്ടുപന്നിയെ കുടുക്കാനായുണ്ടാക്കിയ കെണിയിൽ പുലിയെ കണ്ടത്. പുലിയെ വിദഗ്‌ധ ചികിത്സ നൽകാൻ പിന്നീട് പൂക്കോട് വനം വകുപ്പ് കേന്ദ്രത്തിലേക്ക് മാറ്റി.