കിയയുടെ അനന്തപൂർശാല ഉൽപ്പാദന സജ്ജമാകുന്നു

ദക്ഷിണ കൊറിയൻ നിർമാതാക്കളായ കിയ മോട്ടോഴ്സിന്റെ ഇന്ത്യയിലെ പ്ലാന്റിന്റെ നിർമാണം പ്രതീക്ഷിച്ചതിലും നേരത്തെ പൂർത്തിയാവുമെന്നു സൂചന. ആന്ധ്രാപ്രദേശിലെ അനന്തപൂരിൽ സ്ഥാപിക്കുന്ന ശാലയുടെ നിർമാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായ സാഹചര്യത്തിൽ അടുത്തു തന്നെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉൽപ്പാദനവും ആരംഭിക്കാനുള്ള തയാറെടുപ്പിലാണു ഹ്യുണ്ടേയ് മോട്ടോറിന്റെ സഹസ്ഥാപനമായ കിയ.

കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ ‘എസ് പി കൺസപ്റ്റ്’ എന്ന രീതിയിൽ പ്രദർശിപ്പിച്ച കോംപാക്ട് എസ് യു വിയുമായിട്ടാവും കിയ മോട്ടോറിന്റെ ഇന്ത്യൻ അരങ്ങേറ്റം. ഹ്യുണ്ടേയിയുടെ കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’യുടെ അടുത്ത തലമുറയ്ക്ക് അടിത്തറയാവുന്ന പ്ലാറ്റ്ഫോം ആധാരമാക്കിയാണു കിയ മോട്ടോർ ‘എസ് പി 2 ഐ’ എന്നു പേരിട്ട എസ് യു വി സാക്ഷാത്കരിച്ചിരിക്കുന്നത്. തുടക്കത്തിൽ കൊറിയയിൽ പരീക്ഷണ ഓട്ടം ആരംഭിച്ച മോഡൽ പിന്നീട് ഇന്ത്യയിലുമെത്തി. ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച ‘എസ് പി ഡിസൈൻ കൺസപ്റ്റി’ൽ നിന്നു നേരിയ മാറ്റങ്ങളോടെയാവും യഥാർഥ ‘എസ് പി 2 ഐ’ നിരത്തിലെത്തുക.

കിയയുടെ മുഖമുദ്രയായ ടൈഗർ നോസ് ഗ്രിൽ, ബൾബിനെ അനുസ്മരിപ്പിക്കുന്ന പിൻഭാഗം, ഉറച്ച റൂഫ് തുടങ്ങിയവയൊക്കെ ഈ മോഡലിൽ പ്രതീക്ഷിക്കാം. ഡാഷ് ബോഡ് പൂർണമായും കറുത്ത നിറത്തിലാവുമെന്നാണു സൂചന.

ടർബോചാർജ്ഡ് ഡീസൽ, പെട്രോൾ എൻജിനുകളാവും കിയയുടെ ആദ്യ കോംപാക്ട് എസ് യു വിക്കു കരുത്തേകുക. പെട്രോൾ എൻജിന് 115 പി എസോളവും ഡീസൽ എൻജിന് 118 പി എസ് വരെയും കരുത്ത് സൃഷ്ടിക്കാനാവും. മാനുവൽ, ഓട്ടമാറ്റിക് ഗീയർബോക്സുകളും ഇടംപിടിച്ചേക്കും. പ്രതിവർഷം മൂന്നു ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയോടെയാണു കിയ മോട്ടോർ അനന്തപൂരിൽ പുതിയ ശാല സ്ഥാപിക്കുന്നത്. ഓരോ ആറു മാസത്തിനിടയിലും ഇന്ത്യയിലും പുതിയ മോഡലുകൾ അവതരിപ്പിക്കാനും കമ്പനിക്കു പദ്ധതിയുണ്ട്.