പാർക്കിങ് എളുപ്പത്തിലാക്കണോ?

ഡ്രൈവിങ്ങിനെക്കാൾ ബുദ്ധിമുട്ടാണു പലർക്കും പാർക്കിങ്. വരിയായി വാഹനങ്ങൾ പാർക്ക് ചെയ്യാവുന്ന സ്ഥലത്ത് രണ്ടു വാഹനങ്ങൾക്കിടയിൽ എങ്ങനെ പാർക്ക് ചെയ്യാമെന്നത് തിരക്കുള്ള സ്ഥലങ്ങളിൽ പലരും നേരിടുന്ന വലിയ ടാസ്ക് തന്നെ. മുൻ ഭാഗം കുത്തിക്കയറ്റുകയും ഒന്നും ചെയ്യാനാകാത്ത നിലയിൽ അങ്ങനെതന്നെ കാർ ‘ഉപേക്ഷിച്ചു’ പോകുകയും ചെയ്യുന്നവരെ നഗരങ്ങളിൽ കാണാം. ഗ്രാമങ്ങളിലായാലും, വിവാഹം പോലെ വാഹനത്തിരക്കുള്ള പരിപാടികൾക്കുപോകുമ്പോൾ പാരലൽ പാർക്കിങ് പ്രശ്നമാകാറുണ്ട്. 

പാരലൽ പാർക്കിങ്ങിനുള്ള എളുപ്പ വഴികൾ

ആവശ്യമായ ഇടം കണ്ടെത്തുക. കാറിന്റെ നീളത്തെക്കാൾ ഏതാനും മീറ്റർ കുടുതൽ ഉണ്ടായിരിക്കണം ഇടം. കാർ മുന്നിലെ കാറിനു (കാർ എ) സമാന്തരമായി നിർത്തുക. കാറുകളുടെ പിൻഭാഗം ഒരേ നിലയിൽ വരുന്ന വിധം നിർത്തണം. കാർ നിർത്തിയിട്ടനിലയിൽത്തന്നെ സ്റ്റീയറിങ് ഇടത്തേയ്ക്ക് ഫുൾ തിരിക്കുക. . സ്റ്റീയറിങ് അങ്ങനെതന്നെ വച്ച് കാർ പതുക്കെ റിവേഴ്സ് എടുക്കുക

റിയർവ്യൂ മിററിൽ ഏതാണ്ടു മധ്യഭാഗത്തായി പിന്നിലെ കാറിന്റെ  (കാർ ബി) വലതു ഹെഡ് ലാംപ് കാണാവുന്ന സ്ഥിതിയിലെത്തുമ്പോൾ കാർ നിർത്തുക. സ്റ്റീയറിങ് വലത്തേക്കു തിരിച്ച് നേരെയുള്ള പൊസിഷനിലാക്കുക. മുന്നിലെ കാർ (എ) കഴിയുന്നതുവരെ റിവേഴ്സ് പോക്ക് തുടരുക. ‌മുന്നിലെ കാർ കഴിഞ്ഞയുടൻ കാർ നിർത്തി സ്റ്റീയറിങ് വലത്തേക്കു ഫുൾ തിരിക്കുക. അങ്ങനെ പിന്നിലെ കാറിനടുത്തേക്ക് റിവേഴ്സ് എടുക്കുക. മുന്നിലെയും പിന്നിലെയും കാറുകൾക്കു പാരലൽ ആകുമ്പോൾ സ്റ്റീയറിങ് നേരേയാക്കുക.