അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുമ്പോൾ

അപകടങ്ങളിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനാകും എല്ലാവരും ശ്രമിക്കുക. അപകടത്തിന്റെ ഷോക്കിൽ അറിവില്ലായ്മകൊണ്ടോ അശ്രദ്ധമൂലമോ പരിക്ക് ഗുരുതരമാകുകയും ജീവിതകാലം മുഴുവൻ കിടപ്പിലായിപോകുന്ന അവസ്ഥയും ഉണ്ടാകാം. അതിനാൽ അപകടങ്ങളിൽപ്പെടുകയോ നേരിക്കാണാൻ ഇടവരുകയോ ചെയ്യുമ്പോൾ മനസ്സ് പതറാതെ വേണ്ടവിധം പ്രവർത്തിക്കുക.   

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുമ്പോൾ

∙ പരിക്കേറ്റവരെ ഒരു കാരണവശാലും തൂക്കിപ്പിടിച്ചും പിടിച്ചുവലിച്ചും വാഹനത്തിലേക്കു കയറ്റരുത്. 

∙ അപകടസ്ഥലത്തുനിന്നു മാറ്റുമ്പോൾ പരിക്കേറ്റയാളുടെ തലയും കഴുത്തും കയ്യും നട്ടെല്ലുമൊന്നും ഇളകാതെ നോക്കണം. 

∙ അഞ്ചുപേർ ചേർന്നുവേണം പരിക്കേറ്റയാളെ അപകടസ്ഥലത്തുനിന്നു നീക്കാൻ. പരിക്കേറ്റു കിടക്കുന്നയാളുടെ സുഷുമ്നാ നാഡിക്ക് ക്ഷതമേൽക്കാതെ സംരക്ഷിക്കാനാണ് ഈ മുൻകരുതൽ. 

∙ ഒരു തടി ഉരുട്ടുന്നതുപോലെ വേണം പരിക്കേറ്റയാളെ സ്ട്രെച്ചറിലേക്ക് മാറ്റാൻ.

∙ അപകടത്തിൽ പരിക്കേറ്റയാൾ മലർന്നോ കമഴ്ന്നോ ആണു കിടക്കുന്നതെങ്കിൽ മൂന്നുപേർ ചേർന്ന് സപ്പോർട്ടു നൽകി ആദ്യം  ഒരു വശത്തേക്കു പകുതി തിരിക്കണം. എന്നിട്ട് സ്ട്രെച്ചർ ഒരു വശത്തു വച്ചുവേണം അതിലേക്കു മാറ്റാൻ. 

കാലിലെ എല്ലൊടിഞ്ഞാൽ

∙ ഒടിഞ്ഞ ഭാഗം ചെറുതായിപോലും ഇളകുന്നത് കടുത്ത േവദനയ്ക്കു വഴി വയ്ക്കും. പൊട്ടിയ അസ്ഥികളുടെ മൂർച്ചയുള്ള അറ്റം ഇളകിയതും തുളഞ്ഞു കയറിയും നാഡികൾക്കും മറ്റും കൂടുതൽ നാശം സംഭവിക്കുകയും ചെയ്യാം. 

∙ ബലമുള്ള എന്തെങ്കിലും സാധനം സ്പ്ലിന്റായി ഉപയോഗിക്കുക. സ്പ്ലിന്റ്  ചെയ്യുമ്പോൾ പൊട്ടിയ എല്ലിന്റെ മുകളിലും താഴെയുമുള്ള സന്ധികളെക്കൂടി ഉൾപ്പെടുത്തണം. രണ്ടുപേർ ചേർന്നുവേണം സ്പ്ലിന്റ് നൽകാൻ. 

∙ സ്പ്ലിന്റ് നൽകുമ്പോൾ പലയിടങ്ങളിൽ കെട്ടാറുണ്ട്. എന്നാൽ എല്ലൊടിഞ്ഞ സ്ഥലത്തും തൊട്ടടുത്തും കെട്ടരുത്. 

∙ സ്പ്ലിന്റായി ഉപയോഗിക്കാൻ പെട്ടെന്നു വസ്തുക്കളൊന്നും കിട്ടിയില്ലെങ്കിൽ ഓർക്കുക. ഒരു കാലിന്റെ എല്ല് ഒടിഞ്ഞിരിക്കുകയാണെങ്കിൽ മറ്റേ കാൽതന്നെ സ്പ്ലിന്റായി ഉപയോഗിക്കാം. 

∙ ഒടിഞ്ഞ എല്ലുകൾ ചേർത്തുവയ്ക്കാൻ ശ്രമിക്കരുത്. 

∙ ഒടിഞ്ഞു പുറത്തേക്കു വന്ന എല്ലുകൾ അകത്തേക്കു തള്ളിക്കയറ്റാൻ ശ്രമിക്കരുത്. 

∙ രക്തസഞ്ചാരം തടസ്സപ്പെടുന്ന രീതിയിൽ മുറുക്കിക്കെട്ടാതിരിക്കാൻ ശ്രദ്ധിക്കണം. 

∙ തുടയെല്ലിന് പരിക്കേറ്റാൽ കാലിനിടയിൽ കട്ടിയുള്ള തുണി മടക്കിവയ്ക്കുക. എന്നിട്ട് നാലോ അഞ്ചോ സ്ഥലങ്ങളിൽ കാലുകൾ തമ്മിൽ കൂട്ടിക്കെട്ടുക. 

∙ പാദത്തിെല എല്ലിനു പരിക്കേറ്റാൽ തുണി കട്ടിയിൽ മടക്കിവയ്ക്കുക. എന്നിട്ട് ഉപ്പൂറ്റി ഏതാണ്ട് ഇതിന്റെ മധ്യത്തിലായി വയ്ക്കുക. തുണി ഇരുവശത്തുനിന്നും കാലിലേക്കു മടക്കി കണങ്കാലിൽ രണ്ടുകെട്ട് കെട്ടുക. ഒരു കെട്ട് പാദത്തിലും കെട്ടുക. 

അവയവങ്ങൾ അറ്റുപോയാൽ

അപകടത്തിൽ ഏതെങ്കിലും ഭാഗം അറ്റുപോയാലും തുന്നിച്ചേർക്കാം. അപകടവേളയിൽ വേർപെട്ടുപോയ ഭാഗം ചതഞ്ഞരഞ്ഞതാണെങ്കിൽ തുന്നിച്ചേർത്ത് പഴയപടിയാക്കാൻ പ്രയാസമാണ്. കത്തികൊണ്ടു മുറിയുന്നതുപോലെ നേരെ രണ്ടായി മുറിഞ്ഞു പോയതാണെങ്കിൽ ഫലപ്രദമായി തുന്നിച്ചേർക്കാൻ സാധിക്കും. 

വിരലുകളാണെങ്കിൽ ആറുമണിക്കൂർകൊണ്ട് എത്തിച്ചാലും ശസ്ത്രക്രിയ ചെയ്തു കൂട്ടിച്ചേർക്കാനാവും. കയ്യും മറ്റും രണ്ടു മണിക്കൂർകൊണ്ടെങ്കിലും മൈക്രോ വാസ്കുലാർ ശസ്ത്രക്രിയാ സൗകര്യമുള്ള ആശുപത്രിയിൽ എത്തിയിരിക്കണം. അവയവം അറ്റുപോയ ശരീരഭാഗത്ത് നന്നായി ബാൻഡേജ് ചെയ്തു വേണം പരിക്കേറ്റയാളെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ. 

∙ അറ്റുപോയ വിരൽ പ്ലാസ്റ്റിക് കവറിലിട്ട് നന്നായി കെട്ടുക. ഈ കവറിലേക്ക് വെള്ളവുമൊന്നും കയറാത്ത രീതിയിൽ മുറുക്കണം. 

∙ അറ്റുപോയ വിരൽ ഇട്ട കവർ ഐസ് ബോക്സിലിട്ട് എത്രയും വേഗം ആശുപത്രിയിലെത്തിക്കുക. 

∙ അറ്റുപോയത് കയ്യോ മറ്റോ ആണെങ്കിൽ ഐസ് ബോക്സ് മതിയാകാതെ വരും. അപ്പോൾ പ്ലാസ്റ്റിക് കവറിലാക്കി ബക്കറ്റിലിട്ട് ചുറ്റും ഐസ് നിറയ്ക്കാം. 

∙ ഒരു കാരണവശാലും മുറിഞ്ഞുപോയ ഭാഗം നേരിട്ട് ഐസിലിട്ടു വയ്ക്കരുത്. ഐസും ശരീരഭാഗവും നേരിട്ടു സ്പർശിച്ചാൽ പിന്നെ കൂട്ടിച്ചേർക്കുന്ന ശസ്ത്രക്രിയ ചെയ്താൽ ഫലം കിട്ടില്ല. 

വിവരങ്ങൾക്ക് കടപ്പാട്

ഡോ.വേണുഗോപാൽ.പി.പി

ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കോഴിക്കോട്

ഡോ.നന്ദിനി നായർ

കോസ്മോളജിസ്റ്റ്, കൊച്ചി

ഡോ.ഹരീഷ് ചന്ദ്രൻ

ഗൈനക്കോളജി വിഭാഗം തലവൻ

കാരിത്താസ് ഹോസ്പിറ്റൽ, കോട്ടയം