എഎംടി ശരിക്കും ഓട്ടമാറ്റിക്കാണോ?

മാരുതി സെലേറിയോയിലൂടെ ഇന്ത്യന്‍ നിരത്തിലെത്തിയ എഎംടി ഗിയര്‍ബോക്‌സ് ഇന്ന് ഒട്ടുമിക്ക നിര്‍മാതാക്കള്‍ക്കുമുണ്ട്. ഇന്ത്യയില്‍ അത്ര പരിചിതമല്ലാതിരുന്ന ഓട്ടമാറ്റിക്ക് കാറുകളെ ജനപ്രിയമാക്കിയത് എഎംടി ഗിയര്‍ബോക്‌സാണ്. നഗര യാത്രകളിലെ ഡ്രൈവിങ് സുഖവും മാനുവല്‍ കാറുകളുടെ അത്ര മൈലേജും പരിപാലന ചിലവുമാണ് എഎംടി കാറുകളെ ഇടത്തരക്കാരുടെ ഇഷ്ടവാഹനമാക്കി മാറ്റുന്നത്. എന്നാൽ ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ ബോക്‌സ് എന്ന എഎംടി കാറുകള്‍ ശരിക്കും ഓട്ടമാറ്റിക്കാണോ?

എന്താണ് എഎംടി

എഎംടി പരമ്പരാഗത ഓട്ടമാറ്റിക്ക് ഗിയര്‍ ബോക്‌സല്ല. സിവിടി അല്ലെങ്കില്‍ ഡിഎസ്ജി ഗിയര്‍ബോക്‌സുകളെപ്പോലെയല്ല എഎംടി പ്രവര്‍ത്തിക്കുന്നത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ ഗിയര്‍ബോക്‌സിന്റെ മെക്കാനിസം തന്നെയാണ് എഎംടിക്കും. ക്ലച്ചിന്റേയും ഗിയറിന്റേയും പ്രവര്‍ത്തനം മാത്രമാണ് ഓട്ടമാറ്റിക്ക്. സാധാരണയായി ക്ലച്ച് അമര്‍ത്തുമ്പോള്‍ എൻജിനും ഗിയര്‍ ബോക്‌സുമായുള്ള ബന്ധം വേര്‍പെടുകയും അതുവഴി ഗിയര്‍ മാറുകയുമാണ് മാനുവൽ ഗിയർ ബോക്സുള്ള വാഹനങ്ങള്‍ ചെയ്യാറ്. എന്നാല്‍ എഎംടി പ്രകാരം വാഹനത്തിന്റെ വേഗത്തിന് അനുസരിച്ച് ഗിയര്‍ പ്രവർത്തിക്കുമ്പോഴെ ക്ലച്ച് ഒാട്ടമാറ്റിക്കായി പ്രവര്‍ത്തിക്കും അതുകൊണ്ട് ക്ലച്ച് പെഡലിന്റെ ആവശ്യമില്ല. ഒാട്ടമാറ്റിക്ക് സാങ്കേതികവിദ്യയെ അപേക്ഷിച്ച് എഎംടിക്ക് കുറഞ്ഞ നിര്‍മാണ ചിലവും മികച്ച ഇന്ധനക്ഷമതയുമുണ്ട്്. മാത്രമല്ല മാനുവല്‍ മോഡലിനെ അപേക്ഷിച്ച് വിലയിലും കാര്യമായ വ്യത്യാസമില്ല. ഇവ എഎംടി കാറുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു.

മാനുവൽ ഗിയർബോക്സിനെ ഓട്ടമാറ്റിക്കായി മാറ്റുന്നതുകൊണ്ട് അതിന്റേതായ ചില പ്രശ്നങ്ങൾ എഎംടി ഗിയർബോക്സിനുണ്ട്. ബജറ്റ് കാറുകള്‍ക്കാണ് എഎംടി ഗിയര്‍ബോക്‌സ് കൂടുതലും ഉപയോഗിക്കാറ്. ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ സാധാരണയായി കാണില്ല. ഇത് കയറ്റത്തിലും ഇറക്കത്തിലും നിർത്തിയെടുക്കുമ്പോൾ വാഹനം തനിയെ ഉരുണ്ടു പോകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ പുതിയ എഎംടി വാഹനങ്ങളിൽ ഹില്‍ ഹോള്‍ഡ് കണ്‍ട്രോളും ഹില്‍ ഡിസന്റ് കണ്‍ട്രോളുമെല്ലാം കമ്പനികൾ നൽകി തുടങ്ങിയിട്ടുണ്ട്. പെട്ടെന്നുള്ള ഓവര്‍ടേക്കുകള്‍ എഎംടിയില്‍ കാറുകളില്‍ നടത്താതിരിക്കുന്നതായിരിക്കും നല്ലത്. കാരണം എഎംടി ഗിയര്‍ബോക്‌സിന് പ്രതികരിക്കാന്‍ അല്‍പ്പസമയം ആവശ്യമാണ്. അതുകൊണ്ട് നാം ഉദ്ദേശിക്കുന്ന വേഗത്തിൽ എഎംടി കാര്‍ ഓവര്‍ടേക്ക് ചെയ്യണമെന്നില്ല.

സിവിടി, ഡിഎസ്‍ജി, ടോർക് കൺവേർട്ടർ

പരമ്പരാഗത ഓട്ടമാറ്റിക്കാണ് ടോർക് കൺവേർട്ടർ. 4 സ്പീഡ്, 5 സ്പീഡ് എന്നൊക്കെ ഗിയറുകളുടെ എണ്ണം ഇത്തരം ഓട്ടോമാറ്റിക് കാറുകളിൽ കുറിച്ചിട്ടുണ്ടാകും. എത്ര ഗിയർ കൂടുന്നുവോ അത്രയും മികവുറ്റ പ്രകടനം പ്രതീക്ഷിക്കാം. കരുത്തുറ്റ പ്രകടനമാണ് ഇത്തരം ഗിയർബോക്സുകളുടെ സവിശേഷതകളിലൊന്ന്. മറ്റൊന്ന് സിവിടി കണ്ടിന്യൂസ്‌ലി വേരിയിങ് ട്രാൻസ്മിഷൻ എന്നാണു മുഴുവൻ പേര്. ആദ്യത്തേതിൽനിന്നു വ്യത്യാസം ഗിയർ റേഷ്യോയിൽ മാത്രമാണ്. ഉദാഹരണത്തിന് സാധാരണ ഗിയർബോക്സ് അഞ്ചുസ്പീഡ് ആണെന്നു നാം കേൾക്കാറില്ലേ? സിവിടിയിൽ ഇങ്ങനെ എണ്ണം പറയാൻ കഴിയില്ല. ഗിയർറേഷ്യോ അനന്തമാണ്. പേടിക്കേണ്ട, രണ്ടും തമ്മിൽ സാങ്കേതികവിദ്യയിൽ മാത്രം മാറ്റം. പ്രവർത്തനത്തിൽ പുറമേ വലിയ വ്യത്യാസം അറിയില്ല. സിവിടിയിൽ ഗിയർഷിഫ്റ്റ് കുറേക്കൂടി സ്മൂത്താണ്. ഓട്ടമാറ്റിക്ക് കാറുകളുടെ ആധുനിക മുഖമാണ് ഡിഎസ്ജി (ഡയറക്റ്റ് ഷിഫ്റ്റ് ഗിയർബോക്സ്). മികച്ച ഡ്രൈവാണ് ഡിഎസ്ജി ഗിയര്‍ബോക്സ് നൽകുന്നത്. രണ്ട് മാനുവൽ ഗിയർബോകസുകൾ പോലെയാണ് ഇതിന്റെ ഡ്യുവൽ ക്ലച്ച് സംവിധാനം പ്രവർത്തിക്കുന്നത്.