ബൈക്ക് വൃത്തിയാക്കുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന അപകടം

ആഗ്രഹിച്ചു സ്വന്തമാക്കിയ ബൈക്കുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. ദീര്‍ഘദൂര ഓട്ടങ്ങളിലൂടെ ബൈക്കുകളില്‍ പറ്റിപ്പിടിച്ച മാലിന്യം വൃത്തിയാക്കുന്നത് മിക്കവാറും അവധി ദിവസങ്ങളിലായിരിക്കും. ബൈക്ക് കഴുകുന്ന സമയത്ത് ഒഴിവാക്കാന്‍ സാധിക്കാത്തവയാണ് ചെയിന്‍. പുതുതലമുറ ബൈക്കുകളില്‍ മിക്കവയ്ക്കും ചെയിന്‍ കവറുകള്‍ ഇല്ലാത്തതുകൊണ്ട് പെട്ടെന്ന് അഴുക്കു പിടിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ ഇടയ്ക്കിടെ ചെയിനില്‍ ലൂബ്രിക്കേഷന്‍ ലിക്വിഡ് ഉപയോഗിക്കേണ്ടിയും വന്നേക്കാം.

കൈകൊണ്ട്‌, തുണിയുപയോഗിച്ചു നടത്തുന്ന ചെയിന്‍ വൃത്തിയാക്കൽ അത്ര സുരക്ഷിതമായ പ്രവൃത്തിയല്ല. സെൻട്രൽ സ്റ്റാന്റില്‍ വെച്ച് എന്‍ജിന്‍ ഓണ്‍ ചെയ്താണ് മിക്കവരും ചെയിന്‍ ലൂബ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുമ്പോള്‍ ചെയിനിന്റെ ഉള്ളിലേക്ക് വിരല്‍പോകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂടാതെ ചെയിനിന്റേയും പല്‍ചക്രങ്ങളുടേയുമുള്ളില്‍ പെട്ട് അറ്റുപോകുന്ന വിരലുകൾ തുന്നിച്ചേര്‍ക്കാനും ബുദ്ധിമുട്ടുകളേറെയാണ്.

വിരല്‍ ചതഞ്ഞുപോകുന്നതുകൊണ്ട് തുന്നിച്ചേര്‍ക്കുക എന്ന ദൗത്യം അസാധ്യമാണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. അതുകൊണ്ടുതന്നെ ചെയിന്‍ വൃത്തിയാക്കുമ്പോള്‍ എൻജിൻ ഓണ്‍ചെയ്യാതെയും തുണി ഉപയോഗിക്കാതെയും ഇരിക്കുന്നതാകും നല്ലത്. ചെയിന്‍ വൃത്തിയാക്കാനായി ഒരു ബ്രഷ് വാങ്ങി സൂക്ഷിക്കാം, അല്ലെങ്കിൽ അതിനായി പഴയ ടൂത്ത് ബ്രഷ് ഉപയോഗിക്കാം. നിമിഷനേരത്തെ അശ്രദ്ധ ചിലപ്പോൾ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നുള്ളത് കൊണ്ട് ഇനി ബൈക്ക് വൃത്തിയാക്കുമ്പോൾ ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കുന്നത് ഉപകാരപ്രദമായിരിക്കും.

ബൈക്ക് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങൾ

∙ വാഹനം വൃത്തിയാക്കാൻ വേണ്ടിയുള്ള മൈക്രോ ഫൈബർ തുണികളോ ബനിയൻ തുണികളോ ഉപയോഗിച്ച് ബൈക്ക് വൃത്തിയാക്കാൻ ശ്രമിക്കുക അല്ലെങ്കിൽ ചിലപ്പോൾ ബോഡി പാർട്ടുകളിൽ‌ പോറൽ വീഴാനുള്ള സാധ്യതയുണ്ട്.

∙ ഹൈപ്രെഷർ പവർ വാഷറുകൾ ഉപയോഗിക്കുമ്പോൾ ബൈക്കിന്റെ എൻജിൻ ഘടകങ്ങളിലേക്കും വയറിങ് പാർട്ട്സുകളിലേക്കും ഉയർന്ന മർദ്ദത്തിൽ വെള്ളം ചീറ്റിക്കരുത്.

∙ വാഹനം വൃത്തിയാക്കാനുള്ള ഷാമ്പു ഉപയോഗിക്കാൻ ശ്രമിക്കുക. സോപ്പു പൊടിയോ അല്ലെങ്കിൽ ഡീസലോ പെട്രോളോ ഉപയോഗിച്ചുള്ള വൃത്തിയാക്കാൽ നിറം മങ്ങുന്നതിന് കാരണമാകും.

∙ എൻജിൻ പാർട്സുകളിലെ അഴുക്ക് ബ്രെഷുപയോഗിച്ച് ക്ലീൻ ചെയ്യാം. ക്രോം ഫിനിഷുള്ള ഭാഗങ്ങളിൽ നിന്നു അഴുക്ക് കഴുകി കളഞ്ഞില്ലെങ്കിൽ ചിലപ്പോൾ തുരുമ്പെടുക്കാനുള്ള സാധ്യതയുണ്ട്.

∙ കഴുകിയതിന് ശേഷം തനിയെ ഉണങ്ങാൻ അനുവദിക്കാതെ ഉണങ്ങിയ തുണികൊണ്ട് തുടച്ചെടുക്കാം.