നമ്മുടെ കുട്ടികളുടെ യാത്ര സുരക്ഷിതമാക്കൂ

ഓരോ അപകടവും ഒരു പാഠമാണ്. ജീവനോളം വലുതല്ല മറ്റൊന്നും. നമ്മൾ തീരെ അവഗണിക്കുന്ന കാര്യമാണ് കുട്ടികളുടെ കാർ യാത്ര. പൊതുവേ കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുമ്പോൾ അവരെ മടിയിൽ ഇരുത്തുകയാണു പതിവ്. മിക്കവാറും മുൻസീറ്റിലായിരിക്കും ഇരിക്കുക. ഒരിക്കലും കുട്ടികളെ മുൻസീറ്റിൽ ഇരുത്തരുത്. കാരണം,  പെട്ടെന്ന് അപകടമുണ്ടായാൽ കുട്ടികൾ തെറിച്ച് റൂഫിലോ വിൻഡ്ഷീൽഡിലോ തല ഇടിക്കും. മടിയിൽ ഇരിക്കുമ്പോൾ കുഞ്ഞിനെ പിടിച്ചിരിക്കുന്നവർക്കേ സീറ്റ്ബെൽറ്റ് ഉള്ളൂ. കുട്ടികൾക്ക് ഇല്ല. മാത്രമല്ല, കാറിലെ സീറ്റ് ബെൽറ്റ് കുട്ടികൾക്കു പാകമാകില്ല, കുഞ്ഞിനെയും ചേർത്ത് സീറ്റ്ബെൽറ്റ് ഇടാനും പാടില്ല. മുൻസീറ്റിൽ ഇരുത്തുമ്പോൾ അപകടമുണ്ടായി എയർബാഗിൽ വിടരുമ്പോൾ അതിൽ മുഖമടിച്ച് കുട്ടികൾക്കു ശ്വാസം കിട്ടാത്ത അവസ്ഥയുമുണ്ടാകാം.

കുട്ടികളെ മടിയിൽ ഇരുത്തി യാത്ര ചെയ്യുമ്പോൾ 50 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടാകുന്നതെങ്കിൽ ഇടിയുടെ ആഘാതത്തിൽ കുഞ്ഞിന്റെ ഭാരം 30 മടങ്ങ് അധികമായി അനുഭവപ്പെടും. അതായത് 10 കിലോഗ്രാം ഭാരമുള്ള കുഞ്ഞ് 300 കിലോഗ്രാമായി വർധിക്കും. അപകടത്തിന്റെ തോത് വർധിപ്പിക്കും. 

വിദേശരാജ്യങ്ങളിൽ പന്ത്രണ്ടു വയസ്സുവരെയുള്ള കുട്ടികളെ പിന്നിൽ ചൈൽഡ് സീറ്റിൽ ഇരുത്തണമെന്നാണ് നിയമം. അല്ലെങ്കിൽ വൻതുക പിഴ ഒടുക്കേണ്ടിവരും.  സീറ്റ് ബെൽറ്റ് ഉള്ള ബേബി സീറ്റ്, ചൈൽഡ് സീറ്റ് എന്നിവ വിപണിയിൽ വാങ്ങാൻ കിട്ടും. ഇത് സീറ്റിൽ ഉറപ്പിക്കാനുള്ള പ്രത്യേക ബക്കിളും ഉണ്ട്. ബെൽറ്റ് കുഞ്ഞിന്റെ പാകത്തിന് ക്രമീകരിച്ച് സീറ്റ് ബെൽറ്റും ഇടുക. വളരെ ഇറുക്കിയോ, അയഞ്ഞോ അല്ലെന്ന് ഉറപ്പാക്കുക. പെട്ടെന്ന് ബ്രേക്ക് ചെയ്താലും അപകടമുണ്ടായാലും കുഞ്ഞ് തെറിച്ചു പോകാതെ സുരക്ഷിതമായിരിക്കും.   

∙ നമ്മുടെ നാട്ടിൽ നിയമം ഇല്ലെങ്കിലും കുട്ടികളെ നിർബന്ധമായും പിന്നിലിരുത്താൻ ശ്രമിക്കുക.  

∙ കുട്ടികളെ ഇരുത്താൻ ചൈൽഡ് സീറ്റ് ഉപയോഗിക്കുക. 

∙ രണ്ടു കുട്ടികളെ ഒരുമിച്ചിരുത്തി സീറ്റ്ബെൽറ്റ് ധരിപ്പിക്കരുത്.

∙ കുറച്ചുസമയത്തേക്കാണെങ്കിൽപോലും കുട്ടികളെ കാറിൽ തനിച്ചാക്കി പോകരുത്. 

∙ കാറിൽ എസി ഓൺ ചെയ്ത് കുട്ടികളെ ഇരുത്തി പോകാറുണ്ട്. അബദ്ധത്തിൽ ഹാൻഡ് ബ്രേക്ക് തട്ടി കാർ ഉരുളാൻ ഇടയായാൽ അത് അപകടമാണ്.  

∙ കുട്ടികളെ വിൻഡോ, ഡോർ, സൺറൂഫ് തുടങ്ങിയവ തുറക്കാൻ അനുവദിക്കരുത്. ചൈൽഡ് ലോക്ക്  

ഉപയോഗിക്കാൻ മറക്കരുത്. 

∙ വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ കുട്ടികളെ കൈയോ തലയോ വിൻഡോയിലൂടെയോ സൺറൂഫിലൂടെയോ പുറത്തിടാൻ അനുവദിക്കരുത്.