മരണത്തിൽ നിന്നുള്ള രക്ഷാബെൽറ്റ്

ടൗൺ വരെ ഒന്നു പോകാൻ എന്തിനാ സീറ്റ് ബെൽറ്റ്. സീറ്റ് ബെൽറ്റിട്ടു മസിലു പിടിച്ചിരിക്കാൻ റേസിങ്ങിനൊന്നുമല്ലല്ലോ പോകുന്നത്. ഏതാണ്ട് ഇത്തരത്തിലാണ് സീറ്റ് ബെൽറ്റിനെക്കുറിച്ചു മിക്കവരുടെയും അഭിപ്രായം. വാഹനം അപകടത്തിൽപെട്ടാൽ അതിൽ ഇരിക്കുന്ന ആളുകളുടെ സുരക്ഷയുടെ ‘പ്രാഥമിക തട’യാണ് (Primary Restraint) സീറ്റ് ബെൽറ്റ് എന്ന് എത്രപേർ കരുതുന്നുണ്ട്. സീറ്റ് ബൽറ്റ് ഇട്ടിട്ടുണ്ടെങ്കിൽ മരണസാധ്യതയും പരുക്കുകളുടെ ആഘാതവും പത്തിലൊന്നായി കുറയുമെന്നു പഠനങ്ങൾ പറയുന്നത് പാഴ്‌വാക്കായി കാണരുത്.

കാറിന്റെ പിൻസീറ്റിരിക്കുന്നവർ സീറ്റ് ബെൽറ്റ് ഇടണമെന്നു നിലവിൽ നമ്മുടെ നാട്ടിൽ നിയമമില്ല. പിന്നെന്തിനാണ് ഈ പുലിവാലെന്നു കരുതരുത്. പുറകിൽ സീറ്റ് ബെല്‍റ്റ് ഇടാതെ ഇരിക്കുന്നയാൾക്ക് അപകടമുണ്ടായാൽ കിട്ടാവുന്ന ഇടികൾക്കും പരുക്കുകൾക്കും കണക്കില്ല.

ഒരു തരത്തിൽ മരണത്തിൽനിന്നു ജീവിതത്തിലേക്കു നമ്മെ പിടിച്ചുകയറ്റുന്ന ആയുസ്സിന്റെ പിടിവള്ളിയാണ് സീറ്റ് ബെൽറ്റ്. കാറിൽ കയറിയാൽ ഉടനെ സീറ്റ് ബെൽറ്റ് ധരിക്കുന്നതു ശീലമാക്കുക. ഒപ്പം മറ്റുള്ളവരെയും അതോർമിപ്പിക്കുക. കാരണം, തിരിച്ചു വരുമെന്ന വിശ്വാസത്തിലാണല്ലോ ഒാരോ യാത്രയും തുടങ്ങുന്നത്.

ഒരു കാരണവശാലും സീറ്റ്ബെൽറ്റ് കഴുത്തിന് കുറുകെ ആകാതിരിക്കാന‍് ശ്രദ്ധിക്കണം. അപകടമുണ്ടാകുമ്പോൾ ബെൽറ്റ് കഴുത്തിൽ മുറുകാനിടയുണ്ട്.

12,913. ഇത് വെറുമൊരു സംഖ്യയല്ല. കഴിഞ്ഞ വർഷം കേരളത്തിൽ നാലുചക്രവാഹന അപകടങ്ങളുടെ എണ്ണമാണ്. ഇത്രയും അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ആയിരത്തോളം വരും. പരുക്കു പറ്റിയത് പതിമൂവായിരത്തോളം പേർക്ക്. മുക്കാൽ പങ്ക് ആളുകൾക്കും ഗുരുതര പരുക്കാണ്. ഈ മരണങ്ങളിലും പരുക്കുകളിലും നല്ലൊരു ശതമാനം ഒഴിവാക്കാനോ ആഘാതം കുറയ്ക്കാനോ കഴിയുമായിരുന്നു; വാഹനത്തിന്റെ മുന്നിലും പിന്നിലും ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെങ്കിൽ.

ശരീരത്തിനു കുറുകെ വരുന്ന ഭാഗം തോളിൽ നിന്നും മറുവശത്തെ ഇടുപ്പിലേക്കു തന്നെയാകണം. അപകടസമയത്തു ശരീരത്തിലുണ്ടാകുന്ന മർദം താങ്ങാൻ ഈ ഭാഗങ്ങൾക്ക് കൂടുതൽ കഴിവുണ്ട്

സീറ്റ് ബെൽറ്റ് ധരിച്ചാൽ, ഡ്രൈവറുടെയും മുൻസീറ്റിലിരിക്കുന്ന യാത്രികന്റെയും മരണസാധ്യത 45% കുറയുമെന്നു പഠനങ്ങൾ. ഗുരുതര പരുക്കിന്റെ സാധ്യത പകുതിയായും കുറയും. കാറിലെ ഓട്ടമാറ്റിക് അല്ലാത്ത സുരക്ഷാ ഉപകരണങ്ങളിൽ, 90 ശതമാനത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്ന ഒന്നേയുള്ളൂ എന്ന് അമേരിക്കൻ ഓട്ടമൊബീൽ അസോസിയേഷൻ പറയുന്നു.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ പോകുന്ന കാറിൽ നമ്മൾ സഞ്ചരിക്കുന്നു. അപ്പോൾ, നമ്മളും നമ്മുടെ ശരീരവും അതേ വേഗത്തിലായിരിക്കും മുന്നോട്ടു പോകുന്നത്. ഈ വാഹനം പെട്ടെന്നു നിൽക്കുകയാണെങ്കിൽ വാഹനത്തിന്റെ സ്പീഡ് നൂറിൽ നിന്ന് പൂജ്യത്തിലേക്കും പൊടുന്നതെ കുറയും. എന്നാൽ വാഹനത്തിലുള്ള നമ്മുടെ വേഗം പൂജ്യത്തിലെത്തില്ല. അപ്പോൾ നമ്മൾ ഇരിപ്പിടത്തിൽ നിന്നും മുന്നിലേക്ക് എടുത്തെറിയപ്പെടും; നൂറു കിലോമീറ്റർ വേഗത്തിൽത്തന്നെ. ഈ വേഗത്തിൽ എവിടെയെങ്കിലും ചെന്നിടിച്ചാൽ ശരീരത്തിലെ പല അവയവങ്ങൾക്കും അത് താങ്ങാനാകില്ല.

സീറ്റ് ബെൽറ്റ് ഇടാത്തയാൾ വാഹനാപകടങ്ങളിൽ പുറത്തേക്കു തെറിച്ചുവീഴാനുള്ള സാധ്യത 30 ഇരട്ടി. പുറത്തേക്കു തെറിച്ചുവീണവരിലെ മരണസാധ്യത അഞ്ചിരട്ടിയും. ആന്തരികാവയവങ്ങൾ പരസ്പരം കൂട്ടിയിടിച്ചുണ്ടാകുന്ന ഗുരുതര പരുക്കുകൾ ഇതിനു പുറമേയാണ്. ശ്വാസകോശം വാരിയെല്ലിൽ ഇടിക്കുന്നതും ഹൃദയം വാരിയെല്ലിൽ ഇടിക്കുന്നതുമൊക്കെ സാധാരണം. ഇവിടെയാണു സീറ്റ് ബെൽറ്റ് അനുഗ്രഹമാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ സീറ്റ്ബെൽറ്റ് മുറുകുന്നതുമൂലം നമ്മൾ സീറ്റിൽത്തന്നെ ഉറച്ചിരിക്കും, എടുത്തെറിയപ്പെടില്ല.