എല്ലാ കാറിലുമുണ്ടാകും ഈ ഫീച്ചറുകൾ

ചിലപ്പോഴൊക്കെ വാഹനം വാങ്ങി വർഷങ്ങൾ കഴിഞ്ഞായിരിക്കും അതിലെ ചില ഫീച്ചറുകളെപ്പറ്റി ആളുകൾ അറിയുക. വാഹനത്തപ്പറ്റിയുള്ള പ്രാഥമിക വിവരങ്ങളെല്ലാം അറിയാമെങ്കിലും എല്ലാവർക്കും എല്ലാ വിവരങ്ങളും അറിയണമെന്നില്ല അല്ലെങ്കിൽ ശ്രദ്ധിക്കണമെന്നില്ല. സ്വന്തം വാഹനത്തില്‍ ഒളിച്ചിരിക്കുന്ന ഡീഫോഗര്‍, ആന്റി ഗ്ലെയര്‍ റിയര്‍വ്യൂ മിറര്‍, ഹെഡ് ലാംപ് അഡ്‌ജെസ്റ്റര്‍ തുടങ്ങിയ എല്ലാ വാഹനത്തിലുമുള്ള, എല്ലാവര്‍ക്കും അറിയാത്ത ഫീച്ചറുകളെക്കുറിച്ചറിയാം.

ചൈൽഡ് ലോക്ക്

കുട്ടികളുമായുള്ള യാത്രയിൽ ഏറ്റവും ഉപകാരപ്രദമായ ഫീച്ചറാണ് ചൈൽഡ് ലോക്ക്. ഈ ലോക്ക് ഓൺ ആക്കിയാൽ കുട്ടികൾ കാറിന്റെ ഡോർ തുറക്കാൻ ശ്രമിച്ചാലും തുറക്കില്ല. എന്നാൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനായി ടാക്സികളിൽ നിന്ന് ഈ ലോക്ക് നീക്കം ചെയ്യണം എന്ന് നിർദ്ദേശിച്ചിരിക്കുകയാണ് സർക്കാര്‍.

ചില്ലിലെ ഈർപ്പം വേഗം കളയാൻ

മഴക്കാലത്ത് കാറിന്റെ പിന്നിലേയും മുന്നിലേയും ഗ്ലാസുകളില്‍ എളുപ്പത്തില്‍ ഈര്‍പ്പം പിടിക്കും. ചിലപ്പോഴൊക്കെ ആളുകള്‍ കൈ അല്ലെങ്കില്‍ തുണി ഉപയോഗിച്ച് തുടയ്ക്കുകയാണ് ചെയ്യുന്നത് എന്നാല്‍ എസി ഡീഫോഗര്‍ ഉപയോഗിച്ച് ഇവ എളുപ്പം കളയാന്‍ സാധിക്കും. പിൻ ഗ്ലാസിലെ ഡീഫോഗറിന് പ്രത്യേകം സ്വിച്ചുണ്ടെങ്കിലും മുൻ ഗ്ലാസിലെ ഈർപ്പം കളയാൻ എസിയുടെ എയർഫ്ലോ സ്വിച്ച് ചില്ലിലേയ്ക്ക് ആക്കി വെയ്ക്കണം.

ഇന്ധനടാങ്ക് ഏതുവശത്താണെന്ന് അറിയാന്‍

ഇന്ധനം നിറയ്ക്കാനായി പെട്രോള്‍ പമ്പിലെത്തുമ്പോഴായിരിക്കും ഏതു സൈഡിലാണ് ഫ്യുവല്‍ നിറയ്‌ക്കേണ്ടത് എന്നു നോക്കുക. ആദ്യമായിട്ട് ഓടിക്കുന്ന വാഹനമാണെങ്കില്‍ പറയുകയേ വേണ്ട. ചിലപ്പോള്‍ ചിലരെല്ലാം പുറത്തിറങ്ങി നോക്കാറുമുണ്ട്. എന്നാല്‍ വാഹനത്തിന് പുറത്തിറങ്ങാതെ ഫ്യുവല്‍ ടാങ്കിന്റെ ലിഡ് എവിടെയാണെന്ന് അറിയാന്‍ സാധിക്കും. മീറ്റര്‍ കണ്‍സോളിലെ ഫ്യുവല്‍ മീറ്ററില്‍ ഏതു സൈഡിലാണ് ഇന്ധനം നിറയ്‌ക്കേണ്ടതെന്ന് മാര്‍ക്ക് ചെയ്തിട്ടുണ്ടാകും.

ആന്റി ഗ്ലയര്‍ മിറര്‍

രാത്രികാലങ്ങളില്‍ മുന്നില്‍ നിന്ന് വരുന്ന വാഹനങ്ങളിലെ പ്രകാശം മാത്രമല്ല ചിലപ്പോഴൊക്കെ പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ വെളിച്ചവും നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പിന്നില്‍ നിന്ന് വരുന്ന വാഹനങ്ങളുടെ വെളിച്ചം വാഹനത്തിന്റെ അകത്തുള്ള കണ്ണാടിയില്‍ തട്ടി പ്രതിഫലിക്കുന്നതിന്റെ തീവ്രത കുറയ്ക്കാനും മാർഗമുണ്ട്. ചിലകാറുകളില്‍ ഓട്ടമാറ്റിക്ക് ആന്റി ഗ്ലയര്‍ മിററാണെങ്കില്‍ ബഡ്ജറ്റ് കാറുകളില്‍ അത് മാനുവലാണ്. മിററിന്റെ അടിയില്‍ നീണ്ടു നില്‍ക്കുന്ന ലിവര്‍ തിരിച്ചാല്‍ മിറർ ആന്റി ഗ്ലയർ മോഡിലേയ്ക്ക് മാറുകയും പ്രകാശത്തിന്റെ തീവ്രത കുറയും ചെയ്യും.

ഹെഡ്‌ലൈറ്റ് പൊസിഷനിങ്

ഒട്ടുമിക്ക പുതുതലമുറ വാഹനങ്ങളിലും കാണുന്ന ഫീച്ചറാണിത്. ഡ്രൈവറുടെ ആവശ്യത്തിന് അനുസരിച്ച് ഹെഡ്‌ലൈറ്റിന്റെ പ്രകാശം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാം. ഡാഷ് ബോര്‍ഡിലെ ഒരു റോട്ടറി സ്വിച്ചിലൂടെയാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.

ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റ്

ബജറ്റ് കാറുകളിൽ കാണാറില്ലെങ്കിലും പുതു തലമുറ കാറുകളിലെ ഒട്ടുമിക്ക മോഡലുകളിലും ഈ ഫീച്ചർ കാണും. ഉയരം കുറഞ്ഞ യാത്രക്കാർക്കും സുരക്ഷിതമായി സൗകര്യമായി സീറ്റ് ബെൽറ്റ് ധരിക്കാനാണ് ഈ ഫീച്ചർ നൽകിയിരിക്കുന്നത്.

തനിയെ മടങ്ങുന്ന മിറർ

എല്ലാവാഹനങ്ങളിലുമില്ലെങ്കിലും ഉള്ളിൽ നിന്നും സ്വിച്ചുപയോഗിച്ചു മടക്കാവുന്ന മിററുകൾ ചില വാഹനങ്ങളിലുണ്ട്. അത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നവർക്കു ചിലപ്പോൾ അതിനെക്കുറിച്ചു ധാരണ ഉണ്ടായിരിക്കണമെന്നില്ല.

ആന്റി പിഞ്ച് വിന്റോ

വൺ ടച്ച് അപ് ആന്റ് ‍ഡൗൺ പവർ വിന്റോകളിൽ കാണുന്ന ഫീച്ചറാണ് ആന്റീ പിഞ്ച്. പവർ വിന്റോ സ്വിച്ച് ഒരുപ്രാവശ്യം അമർത്തിയാൽ മുകളിലേയ്ക്ക് വരുന്ന വിന്റോയുടെ ഇടയിൽ കൈയോ മറ്റു പ്രതിബന്ധങ്ങളോ വന്നാൽ അത് തനിയെ നിൽക്കും. ഒരു സുരക്ഷാ ക്രമീകരണം എന്ന നിലയിലാണ് ഈ ഫീച്ചർ വാഹനങ്ങളിൽ നൽകുന്നത്.