ബലേനോ ആർ എസ്: വേഗത്താൽ നിർമിതം

ബലേനോയ്ക്ക് സ്പോർട്സ് കരുത്ത് കൂട്ടെത്തിയപ്പോൾ ഓടിച്ചറിയാൻ‘ ഫോർമുല വൺ കാറുകൾ പായിക്കാനുള്ള ബുദ്ധ് ഇൻറർനാഷനൽ സർക്യൂട്ട് വരെ പോകണ്ടേിവന്നു. 100 കുതിരശക്തിയിൽ ബലേനോ ഫോർമുല വൺ കാറുകളെ പിന്തള്ളുന്ന മികവിലെത്തിയെന്നല്ല അർത്ഥം. ഫോർമുല വൺ ട്രാക്കിലോടാൻ പ്രാപ്തി നേടി എന്നതിലാണ് കാര്യം.

∙ ശക്തിയാണു ബുദ്ധി: വെറും മൂന്നു സിലണ്ടറിലും 998 സി സിയിലും ബൂസ്റ്റർ ജെറ്റ് ഡയറക്ട് ഇൻജക്ഷൻ ടർബോ ചാർജ്ഡ് എൻജിൻ ആർജിക്കുന്നത് നാലു സിലണ്ടർ 1.2 ലീറ്റർ എൻജിനെക്കാൾ 20 ശതമാനം അധികശക്തി. 30 ശതമാനം കൂടുതൽ ടോർക്ക്. ബൂദ്ധിപരമായ ഈ നീക്കത്തിലൂടെ ബലേനോ ഹോട്ട് ഹാച്ച് വിഭാഗത്തിൽ അനായാസം സ്ഥാനം പിടിച്ചു. പുണ്ടോ അബാർത്തിനോടോ ഫോക്സ് വാഗൻ ജി ടിയോടോ ഒരു കൈ നോക്കാം.

Baleno RS

∙ ബുസ്റ്ററാണ് ഹൃദയം: രണ്ടു കാര്യങ്ങളാണ് ഈ സാങ്കേതികതയുടെ കാതൽ. ഡയറക്ട് ഇൻജക്ഷൻ സിസ്റ്റം, ടർബോ ചാർജർ. സാധാരണ പെട്രോൾ കാറുകളിൽ കാണാത്ത ഏർപ്പാടുകൾ ആക്സിലറേഷനും പെർഫോമൻസും സ്മൂത്ത്നെസ്സും കാതങ്ങൾ ഉയർത്തും. പൂർണമായും അലൂമിനിയത്തിൽ തീർത്ത എൻജിൻ ഇന്നു വരെ ഇറങ്ങിയിട്ടുള്ളതിൽ ഏറ്റവും ആധുനിക സുസുക്കി എൻജിനാണ്.

∙ ഫോർമുല വൺ: ഇനി ബുദ്ധ് സർക്യൂട്ടിലേക്കിറങ്ങാം. നിരനിരയായി 18 ബലേനോകൾ. എല്ലാ സ്പീഡ് ട്രാക്ക് ഡ്രൈവിങ് ഫോർമാലിറ്റികളും കഴിഞ്ഞ് ഹെൽമറ്റും ഹാൻഡ് ബാൻഡുമൊക്കെയായി മോട്ടോറിങ് പത്രപ്രവർത്തകർ. ആദ്യ ലാപ് പാതിയെത്തുമ്പോഴേ മനസ്സിലാകും ഇതു വെറും ബലേനോയല്ല, ബലേനോ ആർ എസ് ആണ്. സമാന മോഡലിനെക്കാൾ 1.40 ലക്ഷം കൂടുതൽ കൊടുത്തു വാങ്ങാൻ കെൽപുണ്ടെങ്കിൽ ഏതു റോഡും ഫോർമുല വൺ ട്രാക്കാക്കി മാറ്റാം.

Baleno RS

∙ മിന്നൽപ്പിണർ: ബലേനോ എന്ന വാക്ക് ആർ എസിൽ അർത്ഥവത്താകുന്നു. ബലേനോ എന്നാൽ മിന്നൽപ്പിണർ എന്നാണർത്ഥം. കാഴ്ചയിലും സൗകര്യങ്ങളിലും മാത്രമല്ല ഉള്ളിലേക്കിറങ്ങിയാൽ ഒരോ നട്ടും ബോൾട്ടും വരെ ഈ സ്പോർട്ടിനെസ്സുണ്ട്.

∙ ടെസ്റ്റ് ഡ്രൈവ്: നയനസുഖത്തിനായി മനോഹരമായ സ്റ്റീയറിങ്ങും നിറപ്പകിട്ടുള്ള ഡിസ്പ്ലേകളുമുണ്ടെങ്കിൽ ഡ്രൈവിങ് സുഖപ്രദമാക്കാൻ കാലുകൊടുത്താൽ കുതിക്കുന്ന എൻജിൻ. ബുദ്ധ് സർക്യൂട്ടിൽ ഫോർമുല വണ്ണായി ആർ എസ് മനം മറന്നാടി. ആയാസ രഹിതമായ ഗീയർ ഷിഫ്റ്റ്. അനായാസം ലഭിക്കുന്ന ശക്തി. അഞ്ചു സ്പീഡ് ഗീയർബോക്സ് വേണമെങ്കിൽ ആറു സ്പീഡാക്കാമായിരുന്നെന്ന് ഇടയ്ക്കൊന്നു തോന്നി. 21.5 കിലോമീറ്ററാണ് ഇന്ധനക്ഷമത. ലാപ്പുകളിൽ നിന്നു ലാപ്പുകളിലേക്ക് പിറ്റ് സ്റ്റോപ്പുകളിലാതെ ബലേനോ പാഞ്ഞു.

∙ പുതുമകൾ: രൂപത്തിൽ വലിയ മാറ്റങ്ങളില്ല. എന്നാൽ പെർഫോമൻസ് കാറാണെന്നത് തിരിച്ചറിയാനുള്ളതൊക്കെയുണ്ട്. സ്പോർട്ടി മുൻ, പിൻ ബമ്പറുകൾ, അണ്ടർബോഡി സ്പോയ്റുകൾ, കറുത്ത ഹണികോംബ് ഗ്രിൽ, കറുപ്പ് അലോയ് വീലുകൾ. പുറമെ ആർ എസ് ബാഡ്ജിങ്.

Baleno RS

∙ കറുപ്പ്: ഉള്ളിൽ കറുപ്പ് തീം. ആപ്പിൾ കാർ പ്ലേ, സൺഫിലിം ഒട്ടിക്കാൻ നിയമം അനുവദിക്കാത്ത നാട്ടിൽ പ്രതിവിധിയായി 85 ശതമാനം യു വി സംരക്ഷണം നൽകുന്ന യു വി കട്ട് ഗ്ലാസുകൾ, എൽ ഇ ഡി മൾട്ടി ഫങ്ഷൻ സ്പീഡോമീറ്റർ, ഡേ ടൈം റണ്ണിങ് ലാംപുകളും ഫോളോ മീ ഹോം സൗകര്യവുമുള്ള പ്രൊജക്ടർ ഹെഡ്‌ലാംപുകൾ. എ ബി എസ്, രണ്ട് എയർ ബാഗ്, ഇ ബി ഡി തുടങ്ങിയ സുരക്ഷാ ഏർപ്പാടുകളുമുണ്ട്.

∙ യാത്രാസുഖം: പ്രത്യേകം പ്രസ്താവ്യം. പിൻ സീറ്റിലെ സുഖകരമായ ഇരിപ്പ്, ആവശ്യത്തിനു ലെഗ്റൂം, സ്റ്റോറേജ്, വലിയൊരു ഡിക്കി. ബലേനോ കൊള്ളാം.

∙ വില: 1.2 പെട്രോളിനെക്കാൾ 1.40 ലക്ഷത്തോളം കൂടുതൽ. 8.69 ലക്ഷം. ഒരു പെർഫോമൻസ് കാറിനു തെല്ലും കൂടുതലല്ല. മാരുതിയുടെ പരസ്യവാചകം പോലെ വേഗത്താൽ നിർമിതം.