പ്രോസ്റ്റേറ്റ് വീക്കം പരിഹരിക്കാം

എനിക്ക് 76 വയസ്സായി. 5 കൊല്ലം മുമ്പ് പ്രോസ്റ്റേറ്റ് വീക്കം ഉണ്ടായിരുന്നു. അതിന് ഡോക്ടറെ കണ്ടു ചികിൽസ നടത്തി. ഓപ്പറേഷൻ കൂടാതെ മരുന്നുകൊണ്ട് മാറ്റാമെന്ന് ഡോക്ടർ പറഞ്ഞു. അതുപ്രകാരം കുറേ മരുന്നു കഴിച്ചു. അവസാനം കുറേ സമാധാനം കിട്ടി. അതിപ്പോഴും സ്ഥിരമായി കഴിക്കുന്നുണ്ട്. ഡോക്ടര്‍ ഇപ്പോൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ മേൽപ്പറഞ്ഞ മരുന്ന് സ്ഥിരമായി കഴിക്കുന്നതിന് താങ്കളുടെ അഭിപ്രായം പ്രതീക്ഷിക്കുന്നു. 

താങ്കളുടെ അസുഖം പ്രോസ്റ്റേറ്റ് വീക്കമാണല്ലോ? അതു പ്രധാനമായും രണ്ടു തരത്തിലാണ് ഉണ്ടാവുക. ബിനൈൻ പ്രോസ്റ്റേറ്റ് വീക്കവും മാലിഗ്നന്റ് പ്രോസ്റ്റേറ്റ് വീക്കവും. ഇതിൽ ആദ്യത്തെതരം ഒരു പരിധിവരെ മരുന്നുകൊണ്ടു പ്രശ്നപരിഹാരത്തിനു സാധ്യമാണ്. രണ്ടാമത്തെ തരത്തിന് ഓപ്പറേഷൻ തന്നെയാണ് ആവശ്യം. താങ്കളുടേത് ആദ്യത്തെതരം ആകാനാണു സാധ്യത. അതിനാലാണ് മരുന്നു കഴിച്ചു നോക്കാം എന്നു ഡോക്ടർ നിർദേശിക്കാൻ കാരണം. ഇപ്പോൾ കഴിക്കുന്ന മരുന്ന് ഇതിനു ഫലപ്രദമാണ്. ഇതു തുടർച്ചയായി കഴിക്കുന്നതുകൊണ്ട് മറ്റു വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത മരുന്നുമാണ്.

ഇങ്ങനെ ആണെങ്കിലും കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കാണിച്ചു താങ്കളുടെ പ്രോസ്റ്റേറ്റ് വീക്കത്തിന്റെ അവസ്ഥ പരിശോധിപ്പിക്കുകയും മരുന്നിന്റെ അളവ് നിശ്ചയിക്കുകയും വേണം. ഒരു പരിധി കഴിഞ്ഞാൽ ഓപ്പറേഷൻതന്നെ വേണ്ടിവന്നേക്കാം. ഇതിനായി ഒരു യൂറോളജി സ്പെഷലിസ്റ്റിനെ ആണ് താങ്കൾ കാണിക്കേണ്ടതും അദ്ദേഹത്തിന്റെ നിർദേശാനുസരണം മരുന്നുതന്നെ തുടരുകയോ ഓപ്പറേഷൻ നടത്തുകയോ വേണം.