കുട്ടിയുടെ വയറുവേദന കള്ളമെന്ന് അമ്മ; പരിശോധനയിൽ കണ്ടത് അപൂർവ കാൻസർ

കൈല ജോണ്‍സ് എന്ന നാലുവയസ്സുകാരിക്ക് അടിക്കടിയുണ്ടാകുന്ന വയറുവേദന കള്ളത്തരമാണെന്നാണ് അവളുടെ അമ്മ കരുതിയിരുന്നത്. ടെവണ്‍ സ്വദേശിനിയായ കൈലയുടെ അമ്മ എന്യ ഗൂടിംഗും പിതാവ് ബ്രാഡ് ജോണ്‍സും വയറുവേദന കുട്ടിയുടെ കള്ളത്തരമാണെന്നു കരുതി തീര്‍ത്തും അവഗണിച്ചിരുന്നു. പിന്നീടുകണ്ട ഒരു ഡോക്ടര്‍ അവരോടു പറഞ്ഞത് കുഞ്ഞിനു യൂറിനറി ഇന്‍ഫെക്ഷന്‍ ആണെന്നാണ്‌.

പക്ഷേ പിന്നീട് നടത്തിയ വിദഗ്ധപരിശോധനയിലാണ് കുഞ്ഞിന് മാരകമായ  ന്യൂറോബ്ലാസ്റ്റോമ ട്യൂമർ ആണെന്നു തിരിച്ചറിഞ്ഞത്. രോഗം കണ്ടെത്തിയപ്പോഴേക്കും അത് അവളുടെ വയറ്റില്‍ നിന്നു വളര്‍ന്നു കഴുത്തും തൊണ്ടയും വരെ വ്യാപിച്ചിരുന്നു. സ്റ്റേജ് നാല് ആമാശായ അര്‍ബുദം ആണ് കൈലയ്ക്ക്. രക്ഷപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ചികിൽസിക്കുന്നവർക്കുപോലും പറയാന്‍ വിഷമിക്കുന്ന അവസ്ഥയിലാണ് ആ കുഞ്ഞ്. 

കൈലയുടെ അമ്മ രണ്ടാമത് ഒരു കുഞ്ഞിനു ജന്മം നല്‍കിയ  സമയത്താണ് കൈലയുടെ രോഗം കണ്ടെത്തിയത്. ആ സമയം കൈല പ്രൈമറി സ്കൂളില്‍ ചേരാനുള്ള തയാറെടുപ്പിലുമായിരുന്നു. ഞരമ്പുകളെ ബാധിക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ കാന്‍സര്‍ ആണ് ന്യൂറോബ്ലാസ്റ്റോമ. കുഞ്ഞുങ്ങളെയാണ് ഇത് ബാധിക്കുക. ട്യൂമർ ബാധിക്കുന്ന സ്ഥലത്തു വേദന, കഴിക്കാന്‍ ബുദ്ധിമുട്ട്, ചര്‍മത്തിലെ പാടുകള്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങള്‍.

ജൂലൈയില്‍ ആണ് കൈലയ്ക്ക് കീമോ ആരംഭിച്ചത്. ഇതുവരെ എട്ടു റൗണ്ട് കീമോ കഴിഞ്ഞു. ഇപ്പോള്‍ കൈലയുടെ വയറ്റിലെ അര്‍ബുദം പാതി ഇല്ലാതായതായി അടുത്തിടെ ഡോക്ടർമാർ അറിയിച്ചിടുണ്ട്. തുടര്‍ച്ചയായ കീമോ മൂലം കുഞ്ഞു കൈല ആകെ വാടി തളര്‍ന്നു. എങ്കിലും അവള്‍ മിടുക്കിയായി എല്ലാത്തിനോടും സഹകരിക്കുന്നുണ്ട്.

ഇതിനിടയില്‍ ഒരു പ്രധാന ശസ്ത്രക്രിയയും കൈലയ്ക്ക് നടത്തി. ബോണ്‍മാരോ ചികിത്സയും ആരംഭിച്ചു. കുഞ്ഞിന്റെ ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താന്‍ കൈലയുടെ മാതാപിതാക്കള്‍ ഒരു ഫണ്ട്‌ ശേഖരണം നടത്തുകയാണ്. എന്നെങ്കിലും കൈല പൂര്‍ണ ആരോഗ്യവതിയായി തിരികെ വരുമെന്നു തന്നെയാണ് അവരുടെ ഉറച്ച പ്രതീക്ഷ.