ആരോഗ്യം നൽകുന്ന ഏഴ് ചക്ക വിഭവങ്ങൾ

വിപണിയിലുള്ള സാധ്യത മാത്രമല്ല ചക്കയ്ക്കുള്ളത്. അവ സമ്മാനിക്കുന്ന ആരോഗ്യവും അതിൽ ഒളിഞ്ഞിരിക്കുന്ന പോഷകഘടകങ്ങൾക്കും സമാനതകളില്ല. പോഷകമൂല്യമേറിയ ഫലമാണ് ചക്ക. ശരീരത്തിന് ആവശ്യമായ ജീവകങ്ങളും മൂലകങ്ങളും നാരുകളും അടങ്ങിയ പോഷകസമ്പന്നമായ നാടൻ വിഭവമാണ് ചക്ക. ഇതിലെ പോഷകമൂല്യങ്ങളുടെ സാന്നിധ്യംമൂലം പല തരത്തിലുള്ള ജീവിതശൈലി രോഗങ്ങളെയും തടയും. ചില ചക്ക വിഭവങ്ങളെ പരിചയപ്പെടാം

ചക്കപ്പുട്ട്

ആവശ്യമുള്ള സാധനങ്ങൾ:

നല്ല കട്ടിയുള്ള ചക്കച്ചുള – 10 എണ്ണം

പുട്ട് പൊടി – ഒന്നര കപ്പ്

ആവശ്യത്തിന് ഉപ്പ്, വെള്ളം

പുട്ടുപൊടി അൽപം വെള്ളം തളിച്ച് നനച്ചു വയ്ക്കുക. അതിലേക്ക് ചോപ്പറിൽ അരിഞ്ഞ ചക്കച്ചുള ഇട്ട് ഒന്നുകൂടി പതുക്കെ കൈകൊണ്ട് ഇളക്കി പുട്ട് പുഴുങ്ങുക.

ചക്ക ഹൽവ

ഒരു മുറി ചക്ക (ഒരു കിലോ ചക്ക അരിഞ്ഞത്) ചോപ്പറിൽ ഇട്ട് അരിഞ്ഞാൽ എളുപ്പമാണ്. ഇതിനെ കുക്കർവച്ച് രണ്ടു വിസിൽ പരുവത്തിൽ വേവിച്ചെടുക്കുക. അതിലേക്ക് 300 ഗ്രാം ശർക്കര ഉരുക്കിയതു ചേർത്ത് ചെറിയ തീയിൽ അടുപ്പിൽവച്ച‌ു വറ്റിക്കുക. അടിയിൽ പിടിക്കാതിരിക്കാൻ ഓരോ തുടം നെയ്യ് വ‌ീതം ഒഴിച്ചുകൊടുക്കുക. ചട്ടുകത്തിൽനിന്ന് വിട്ടുകിട്ടുന്നതുവരെ തുടരെ ഇളക്കിക്കൊണ്ടിരിക്കണം. നല്ലതുപോലെ മൂപ്പാകുമ്പോൾ ഏലക്കായ പൊടിച്ചതും കൽക്കണ്ടത്തരികളും ചേർത്ത് ഇളക്കി വാങ്ങുക.

ചക്ക അട

10 ചക്കച്ചുള പഴുത്തത് ചോപ്പറിൽ ഇട്ട് അരിഞ്ഞുവയ്ക്കുക

1 കപ്പ് തേങ്ങപ്പീര

3 സ്പൂൺ പഞ്ചസാര

5 ഏലക്കായ് പൊടിച്ചത്

1 കപ്പ് അരിപ്പൊടി വറുത്തത്

നല്ല തിളച്ച വെള്ളമൊഴിച്ച് അരിപ്പൊടി പാകത്തിന് ഉപ്പുചേർത്ത് കുഴച്ചു മാറ്റിവയ്ക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽവച്ച് പഞ്ചസാര വെള്ളമൊഴിച്ച് അലിയിച്ചതിൽ തേങ്ങപ്പീരയിട്ട് നല്ലവണ്ണം ഇളക്കി പഞ്ചസാരയുമായി മിക്സ് ചെയ്യുക. അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ചക്ക ഇട്ട് നല്ലവണ്ണം ഒന്ന് ആവി കയറ്റി പൊടിച്ചുവച്ചിരിക്കുന്ന ഏലക്കായ് പൊടി വിതറ‌ുക. അരിപ്പൊടി അട ഇലയിൽ പരത്തി അതിൽ ചക്ക ഫില്ലിങ് വച്ച് ആവിയിൽ വേവിച്ചെടുക്കുക. ഇത് കൊഴുക്കട്ടയായും ഉണ്ടാക്കാം

ചക്ക ഫ്രൈഡ്

100 ഗ്രാം മൈദമാവിൽ ഒരു സ്പൂൺ പഞ്ചസാര, അൽപം ജീരകപ്പൊടി, അൽപം എള്ള് എന്നിവ ചേർത്ത് ഏത്തക്കാ അപ്പം (പഴംപൊരി) ഉണ്ടാക്കുന്ന പരുവത്തിൽ മാവ് കലക്കി ചക്കച്ചുള നെടുകെ രണ്ടാക്കി പിളർന്ന് മുക്കി ചുട്ടെടുക്കുക. ചൂടോടെ കഴിക്കാം

ചക്കപ്പുഴുക്ക്

ഒരു കിലോ പച്ചച്ചക്ക അരിഞ്ഞതിൽ ഉപ്പും വെള്ളവും ഒഴിച്ച് വേവിക്കുക. കൂടെക്കൂടെ ഇളക്കിക്കൊടുക്കണം. പകുതി വേവാകുമ്പോൾ അതിലേക്ക് ഒരു മുറി തേങ്ങ, 10 കാന്താരി (രണ്ടു പച്ചമുളക്), രണ്ട് അല്ലി ചെറിയ ഉള്ളി, അൽപം ജീരകം, മഞ്ഞൾപ്പൊടി, മൂന്ന് തണ്ട് കറിവേപ്പില എന്നിവയിട്ട് ചതച്ചത് ചക്കയിലേക്ക് ചേർക്കുക.ചെറിയ തീയിൽ അൽപനേരം വയ്ക്കുക. അതിനു ശേഷം ഒരു തുടം പച്ചവെളിച്ചെണ്ണ ഒഴിച്ച് ഇളക്കി ചൂടോടെ കഴിക്കാം.അല്ലെങ്കിൽ കടുക് വറുത്ത് ഒഴിച്ചു‌ം ഉപയോഗിക്കാം.

ചക്ക പുഡിങ് 

1. കുരു കളഞ്ഞ പഴുത്ത ചക്ക ചെറുതായി മുറിച്ചത് – 2 കപ്പ് 

2. ചൈന ഗ്രാസ് – 10 ഗ്രാം 

3. പാൽ – ഒന്നര കപ്പ് 

4. പഞ്ചസാര – ഒരു കപ്പ് 

5. വാനില എസെൻസ് – അര ടീ സ്പൂൺ 

പാകം ചെയ്യുന്ന വിധം 

ചക്ക മിക്സിയിൽ വെള്ളം ചേർക്കാതെ നന്നായി അടിച്ചു മാറ്റിവയ്ക്കണം. ഒരു പാത്രത്തിൽ പാൽ തിളപ്പിക്കണം. അതിലേക്ക് കുതിർത്തുവച്ച ചൈന ഗ്രാസും പഞ്ചസാരയും ചേർത്തു നന്നായി കട്ട കെട്ടാതെ ഇളക്കി തയാറാക്കി വച്ചിരിക്കുന്ന ചക്കയും വാനില എസെൻസും ചേർത്ത് ഒന്നുകൂടി ഇളക്കി പുഡിങ് ബൗളിലേക്കു മാറ്റി മൂന്നു മണിക്കൂർ ഫ്രിജിൽ വച്ച് സെറ്റ് ചെയ്തെടുക്കാം. മുകളിൽ ചക്കയുടെ ചെറിയ കഷണങ്ങളും ചെറിയും വച്ച് അലങ്കരിക്കാം. 

ചക്ക ഷേക്ക് 

1. പഴുത്ത വരിക്ക ചക്കയുടെ ചുള കുരു കളഞ്ഞത് – ഒന്നര കപ്പ് 

2. ഫ്രീസറിൽവച്ചു തണുപ്പിച്ച പാൽ – 500 ഗ്രാം 

3. ഹണി – 3 ടേബിൾ സ്പൂൺ 

4. വെള്ളം – അര കപ്പ് 

5. മിൽക്ക്മെയ്ഡ് – 3 ടേബിൾ സ്പൂൺ 

പാകം ചെയ്യുന്ന വിധം 

പഴുത്ത ചക്കയും തണുപ്പിച്ച പാലും വെള്ളം ചേർത്തു മിക്സിയിൽ നന്നായി അടിക്കണം. അതിലേക്ക് മിൽക്ക് മെയ്ഡും ഹണിയും ചേർത്ത് വീണ്ടും അടിച്ച് ഗ്ലാസിലേക്ക് ഒഴിക്കുക. 

കടപ്പാട്

ലൈസാമ്മ രാജു, അമിച്ചകരി, തിരുവല്ല

റീന ഫറൂക്ക്, കോട്ടൂളി

Read More : Healthy Food