ഈ ബ്രേക്ക്‌ഫാസ്റ്റ് വിഭവങ്ങള്‍ നിങ്ങളുടെ ആരോഗ്യം നശിപ്പിക്കും

പ്രാതലിന് ഒരു ദിവസത്തിലുള്ള പ്രാധാന്യം നമുക്കെല്ലാം അറിയാം. പ്രാതല്‍ രാജാവിനെ പോലെ കഴിക്കണം എന്നാണല്ലോ പറയുക. ഒരുദിവസത്തെ മുഴുവന്‍ ഉന്മേഷവും ഇരിക്കുന്നത് രാവിലത്തെ ആഹാരത്തിലാണ്. ഏറ്റവുമധികം പോഷകങ്ങള്‍ നിറഞ്ഞതാകണം പ്രാതല്‍ എന്നു ചുരുക്കം. 

എന്നാല്‍ നമ്മുടെ ഇന്ത്യന്‍ ബ്രേക്ക്‌ഫാസ്റ്റ് വിഭവങ്ങളില്‍ ഉള്‍പ്പെടുന്ന ചില പ്രാതല്‍ വിഭവങ്ങള്‍ അനാരോഗ്യകരമാണ്. അവയില്‍ ചിലത് എന്തൊക്കെയാണെന്ന് നോക്കാം.

പൊറോട്ടയും ബട്ടറും

ഇന്ത്യക്കാരുടെ ആഹാരശീലങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് പൊറോട്ട. കഴിക്കാന്‍ രുചികരമെങ്കിലും ഇതില്‍ യാതൊരുവിധ ആരോഗ്യപരമായ ഗുണങ്ങളും ഇല്ലെന്നതാണ് വാസ്തവം. ഇനി പൊറോട്ട തന്നെ വേണം എന്നുണ്ടെങ്കില്‍ മാള്‍ട്ടി ഗ്രൈന്‍ പൊറോട്ട ഉണ്ടാക്കിനോക്കൂ. അതുപോലെ ബട്ടറിന് പകരം വീട്ടില്‍ ഉണ്ടാക്കുന്ന നെയ്‌ പരീക്ഷിച്ചു നോക്കൂ.

ബ്രഡ് ടോസ്റ്റ്‌, പാവ് ബജ്ജി

എഴുപതു ശതമാനം മൈദയാണ് മിക്കപോഴും ബ്രഡില്‍ ഉണ്ടാകുക. വൈറ്റ് ബ്രെഡ്‌ ഫൈബര്‍ വളരെ കുറഞ്ഞ ആഹാരമാണ്. വയര്‍ നിറയും എന്നല്ലാതെ ഇതുകൊണ്ട് പ്രത്യേകിച്ചു പ്രയോജനം ഒന്നുമില്ല. അതുപോലെ തന്നെ പാവ് ബജ്ജിയും. ബ്രെഡ്‌ വേണം എന്നുള്ളവര്‍ ഗോതമ്പ് കൊണ്ട് നിര്‍മിക്കുന്ന ബ്രെഡ്‌ വാങ്ങിനോക്കൂ.

പൊരിച്ചതും വറുത്തതും

പൊരിച്ചതും വറുത്തതുമായ എല്ലാം ആരോഗ്യത്തിനു അത്ര നല്ലതല്ല. പൂരി, ബട്ടൂര, വട എല്ലാം ഇതില്‍ ഉള്‍പ്പെടും. രാവിലെ ഇവ കഴിക്കുന്നതു നെഞ്ചെരിച്ചിലും ആസിഡിറ്റിയും ഉണ്ടാക്കും.

ജങ്ക് ഫുഡ്‌

ജങ്ക് ഫുഡ്‌ എങ്ങനെയൊക്കെ ആരോഗ്യം നശിപ്പിക്കും എന്ന് പലവട്ടം നമ്മള്‍ കേട്ടിട്ടുണ്ട്. നൂഡില്‍സ്, പിസാ, ബര്‍ഗര്‍ എന്നിവ രാവിലത്തെ ആഹാരമാക്കുന്ന യുവതലമുറ നിങ്ങളുടെ ആരോഗ്യം തന്നെ നശിപ്പിക്കുകയാണ്. 

Read More : Healthy Food